06 August Friday

കൊല്ലം കണ്ട് ആഞ്ജി മടങ്ങി 
ആന്ധ്രയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021

ആന്ധ്രയിൽനിന്ന്‌ എത്തിയ ആഞ്‌ജിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ കൊല്ലത്ത്‌ കടൽ കാണിക്കാൻ എത്തിച്ചപ്പോൾ

സ്വന്തം ലേഖകൻ
കൊല്ലം 
"ആ ബീച്ചിനേക്കാൾ സുന്ദരമാണിത്‌’–-‌ ആന്ധ്രയിലെ മലയോരത്തുനിന്ന്‌ 400 കിലോമീറ്റർ താണ്ടി  വിശാഖപട്ടണം ബീച്ച് കാണാനിറങ്ങി കൊല്ലത്തെത്തിയ പന്ത്രണ്ടുകാരൻ അറബിക്കടലിനെ നോക്കിപ്പറഞ്ഞു. ഒടുവിൽ കൊല്ലത്തിന്റെ സ്‌നേഹത്തിന്‌ നന്ദി പറഞ്ഞ്‌ അച്ഛന്റെയും മുത്തച്ഛന്റെയും കൈപിടിച്ച്‌ അവൻ ആന്ധ്രയിലേക്കു മടങ്ങി. കടലുകാണാൻ പുറപ്പെട്ടതിനാലാണ്‌ മടക്കയാത്രയ്‌ക്കുമുമ്പ്‌ കൊല്ലം ബീച്ച് കാണാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ആഞ്ജിക്ക്‌ അവസരമൊരുക്കിയത്‌. 
ആന്ധ്രയിലെ കൃഷ്ണ ജില്ലയിൽ നന്ദിഗാമ മലയോരത്തെ ജൂജുരു സ്വദേശിയായ ബെരോതുള്ള ആഞ്ജനേയലു എന്ന ആഞ്ജി കൊല്ലത്തെ ചിൽഡ്രൻസ് ഹോമിൽ എത്തുന്നത് കഴിഞ്ഞ മാസമാണ്‌. ബീച്ച് കാണാനായാണ്‌ ഗ്രാമത്തിൽനിന്ന്‌ 400 കിലോമീറ്റർ അകലെയുള്ള വിശാഖപട്ടണത്തേക്ക് ഒറ്റയ്ക്കു പുറപ്പെട്ടത്. ബീച്ച് കണ്ടതോടെ ബംഗളൂരു നഗരം കൂടി കാണാൻ മോഹമുദിച്ചു‌. അവിടേക്കുള്ള യാത്രയ്‌ക്കിടെ ബിസ്‌കറ്റ് വാങ്ങാൻ പുറത്തിറങ്ങിയ ആഞ്ജി ട്രെയിൻ മാറിക്കയറിയത്‌ തിരുവനന്തപുരത്തേക്കുള്ള വണ്ടിയിൽ. കായംകുളം സ്റ്റേഷനിൽ സംശയാസ്പദമായ രീതിയിൽ കണ്ട ആഞ്ജിയെ റെയിൽവേ പൊലീസാണ്‌ കൊല്ലം ചിൽഡ്രൻസ് ഹോമിൽ എത്തിച്ചത്. 
ഭാഷാപ്രശ്നം ഉള്ളതിനാൽ ചിൽഡ്രൻസ് ഹോമിലെ മറ്റു കുട്ടികളുമായി ഇടപഴകാൻ  ആഞ്ജിക്കു കഴിഞ്ഞില്ല. വിവരങ്ങൾ അറിയാൻ സൂപ്രണ്ട് സുധീർകുമാർ ആന്ധ്രയിൽ ജനിച്ചുവളർന്ന ബന്ധുവായ ബാങ്ക് ഉദ്യോഗസ്ഥൻ എം എസ്‌ സുരാജിന്റെ സഹായം തേടി. തുടർന്ന് സുരാജ് ആന്ധ്രയിലെ ആക്ടിവിസ്റ്റ്‌ ക്രാന്തിയുമായി ബന്ധപ്പെട്ടു. സാമൂഹ്യമാധ്യമങ്ങൾ വഴി അവർ ആഞ്ജിയുടെ ചിത്രവും വിവരങ്ങളും പ്രചരിപ്പിച്ചു. വേരിലുപാടി  പൊലീസ് സ്റ്റേഷനിൽ അച്ഛനമ്മമാർ കുട്ടിയെ കാണ്മാനില്ലെന്നു പരാതി നൽകിയിരുന്നു. ക്രാന്തി വീട്ടുകാരെ ബന്ധപ്പെട്ട്‌ കുട്ടി കൊല്ലത്തുണ്ടെന്ന് അറിയിച്ചു. ചൊവ്വാഴ്ച പുലർച്ചയോടെ അച്ഛൻ കോട്ടെശ്വര റാവുവും മുത്തശ്ശൻ വെങ്കിടേശ്വര റാവുവും ബന്ധുക്കളും  പഞ്ചായത്ത്‌ അംഗത്തിന്റെ നേതൃത്വത്തിൽ കൊല്ലത്തെത്തി. 
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ പി സജിനാഥ്, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് പി സുധീർകുമാർ, ചൈൽഡ് വെൽഫെയർ ഇൻസ്പെക്ടർ  വിൻസിങ്‌ ആൽബർട്ട്, കെയർടേക്കർ ഗംഗാ സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യത്തിൽ ആഞ്ജിയെ കൈമാറി. കൃഷ്ണ ജില്ലയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഹാജരാക്കിയ ശേഷമേ വീട്ടിലേക്ക്‌ കൊണ്ടുപോകൂ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top