02 July Saturday
ജൈവവൈവിധ്യ നഗരമാകാൻ കൊല്ലം

ഹരിതനഗരത്തിന്‌ 
1.5 കോടി

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022
കൊല്ലം
നഗരത്തെ ജൈവവൈവിധ്യ സമ്പന്നമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മേയർ പ്രസന്ന ഏണസ്റ്റ്. കൊല്ലം കോർപറേഷന്റെയും ബയോഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം ബീച്ചിൽ  ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഹരിതനഗരം പദ്ധതിക്ക് സംസ്ഥാന സർക്കാർ ഒന്നരക്കോടി രൂപ നൽകും. കോർപറേഷൻ പരിധിയിൽ സ്ഥലലഭ്യതയനുസരിച്ച് വിവിധ ഇടങ്ങളിൽ അയ്യായിരത്തോളം മരങ്ങൾ നടും. ചുമതലപ്പെടുത്തിയ ഏജൻസിക്ക് മരങ്ങൾ നട്ടുപിടിപ്പിച്ച് മൂന്നുവർഷത്തേക്ക് പരിപാലനം ഉറപ്പാക്കാനുള്ള നിർദേശം  നൽകിയെന്നും മേയർ പറഞ്ഞു.
ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷനായി. ജൈവവൈവിധ്യദിനത്തോട്‌ അനുബന്ധിച്ച് മഹാത്മാഗാന്ധി പാർക്കിന് മുന്നിലുള്ള ബൊട്ടാണിക്കൽ ഗാർഡൻ പരിസരത്ത് ഫലവൃക്ഷത്തൈകളും ഔഷധസസ്യങ്ങളും നട്ടു. അങ്കണവാടികൾ, ഘടകസ്ഥാപനങ്ങൾ, പിഎച്ച്സി, -സിഎച്ച്സി, കോർപറേഷൻ സോണൽ ഓഫീസുകൾ എന്നിവിടങ്ങളിൽ ഫലവൃക്ഷങ്ങളും- ഔഷധസസ്യങ്ങളും നടും.
കോർപറേഷൻ സ്ഥിരംസമിതി അധ്യക്ഷരായ എസ് ഗീതാകുമാരി, എസ് ജയൻ, ജി ഉദയകുമാർ, എസ്‌ സവിതാദേവി, എൻവയോൺമെന്റ് സ്റ്റഡി ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ ഡോ. ജോർജ് എഫ് ഡിക്രൂസ്, എസ്എൻ കോളേജ് സുവോളജി വിഭാഗം മേധാവി ബി ടി സുലേഖ, ടികെഎം കോളേജ് അസോസിയേറ്റ് പ്രൊഫസർ  പ്രിയ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top