27 September Sunday

ഒരാള്‍ കൂടി പോസിറ്റീവ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020
കൊല്ലം
വെള്ളിയാഴ്ച ജില്ലയിൽ ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കൊട്ടാരക്കര തലച്ചിറ വെട്ടിക്കവല സ്വദേശിയുടെ(54) പരിശോധനാഫലമാണ്‌ പോസിറ്റീവായത്‌. ചൊവ്വാഴ്ച എത്തിയ മുംബൈ- –-തിരുവനന്തപുരം സ്പെഷ്യൽ രാജധാനി എക്സ്‌പ്രസിലെ യാത്രക്കാരനായിരുന്നു ഇയാൾ. 
തിരുവനന്തപുരം സ്റ്റേഷനിൽനിന്ന്‌ കെഎസ്ആർടിസി ബസിൽ കൊട്ടാരക്കര എത്തിച്ച ഇയാളെ മകനാണ്‌ കാറുമായെത്തി വെട്ടിക്കവലയിലെ കുടുംബ‌‌വീട്ടിലേക്ക്‌ കൊണ്ടുപോയത്‌. തുടർന്ന്‌ ഇവിടെ നിരീക്ഷണത്തിലായിരുന്നു. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന്‌ വ്യാഴാഴ്ച കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പരിശോധനയ്ക്ക്‌ എത്തി. ഇവിടെനിന്നു‌ ശേഖരിച്ച സാമ്പിൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലാണ്‌ പരിശോധിച്ചത്‌. രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി ഗവ. മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
നിലവിൽ 10 പേരാണ്‌ ജില്ലയിൽ ചികിത്സയിലുള്ളത്‌. ആകെ രോഗബാധിതർ 30. 20പേർ അസുഖം ഭേദമായി ആശുപത്രി വിട്ടു. വിദഗ്ധ പരിശോധനയ്ക്ക് അയച്ച 2960 സാമ്പിളിൽ 66 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതിൽ 2762 എണ്ണം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ആർ ശ്രീലത അറിയിച്ചു. 
വീണ്ടും കോവിഡ് കേസുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ മാസ്കും സാനിറ്റൈസറും ശീലമാക്കണമെന്ന് കലക്ടർ ബി അബ്ദുൽ നാസർ നിർദേശിച്ചു. 
ട്രൂ നാറ്റ് പരിശോധന ഉടൻ 
കോവിഡ് രോഗനിർണയം വേഗത്തിലാക്കാൻ  ജില്ലയിലെ രണ്ടു കേന്ദ്രത്തിൽ ട്രൂ നാറ്റ് ടെസ്റ്റുകൾ ആരംഭിക്കും. കോവിഡ്, സാർസ് ഫലങ്ങൾ ഒരു മണിക്കൂറിനകം ലഭ്യമാകുമെന്നതാണ് ട്രൂ നാറ്റ് പരിശോധനയുടെ സവിശേഷത. ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി സർക്കാർ മെഡിക്കൽകോളേജ്‌ ആശുപത്രിയിലുമാണ് പരിശോധനാ കേന്ദ്രം തുടങ്ങുക.
ഗൃഹനിരീക്ഷണം കഴിഞ്ഞവർ 21,724  
കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗൃഹനിരീക്ഷണം പൂർത്തിയാക്കിയത്‌ 21,724 പേർ. വെള്ളിയാഴ്ച 109 പേരാണ്‌ നിരീക്ഷണം പൂർത്തിയാക്കിയത്‌. പുതിയതായി പ്രവേശിപ്പിച്ച 2851 പേർ ഉൾപ്പെടെ 4833 പേരാണ് ഗൃഹനിരീക്ഷണത്തിലുള്ളത്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top