28 May Thursday

കെഎസ്ആർടിസിക്ക്‌ ചരിത്രം, ക്ഷീണം

സ്വന്തം ലേഖകന്‍Updated: Monday Mar 23, 2020
കൊല്ലം 
കോവിഡ്‌ പ്രതിരോധിക്കാൻ നാടിനൊപ്പം കൈകോർത്ത കെഎസ്ആർടിസി തീർത്തത് പുതുചരിത്രം. 1964ല്‍ രൂപംകൊണ്ട കോർപറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം ഒറ്റ ബസുപോലും നിരത്തിലിറങ്ങാതിരുന്നത്‌. 
ജനത കർഫ്യൂവിൽ ജില്ലയിലെ ഒമ്പത് യൂണിറ്റുകളും 545 തല്‍ക്കാലികക്കാരും ഉൾപ്പെടെ 3616 ജീവനക്കാരും ഭാഗമായി. കോവിഡിനെ തുരത്താനുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ കെഎസ്ആർടിസി ജീവനക്കാരും ഉദ്യോഗസ്ഥരും സജീവമാണ്. ജില്ലയിലെ ഏഴു ഡിപ്പോയിലും രണ്ട് ഓപ്പറേറ്റിങ് സെന്ററിലും ഹാൻഡ്‌വാഷും യാത്രക്കാരെ പരിശോധിക്കാൻ ആരോഗ്യ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. 
കോവിഡ്‌ ഭീതിയിൽ കെഎസ്ആർടിസി യൂണിറ്റുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൊല്ലം, കൊട്ടാരക്കര, പുനലൂർ, പത്തനാപുരം, ചടയമംഗലം, ചാത്തന്നൂർ,  കരുനാഗപ്പള്ളി എന്നീ ഡിപ്പോകളിലും ആര്യങ്കാവ്,  കുളത്തൂപ്പുഴ ഓപ്പറേറ്റിങ്‌ സെന്ററുകളിലും ദിവസവരുമാനം പകുതിയിൽ താഴെയായി. ജില്ലയിൽ ദിവസം 64 ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്നത്‌ ഇപ്പോൾ 33 ലക്ഷമായി.  48 ജൻറം ഉൾപ്പെടെ 625 ബസുകളാണ് കെഎസ്ആർടിസിക്കുള്ളത്. ഇതിൽ 518 ബസുകളാണ്‌ സാധാരണ സർവീസ്‌ നടത്തിയിരുന്നത്‌. 
എന്നാൽ, കോവിഡ് ഭീതിയിൽ യാത്രക്കാർ വലിയതോതിൽ കുറഞ്ഞതോടെ ഓപ്പറേറ്റ് ചെയ്യുന്ന ബസുകൾ 300 മാത്രമായി. പത്തനംതിട്ട ചെയിൻ സർവീസ്‌ നടത്തിയിരുന്ന വേണാട്  ബസുകളും കുറച്ചു. അന്തർസംസ്ഥാന സർവീസുകളും നിർത്തി. അവശ്യ സർവീസുകളായി പരിഗണിച്ചു തോട്ടം,  ഗ്രാമീണ മേഖലകളിലേക്കുള്ള ചില സർവീസുകൾ മാത്രമാണ് വെട്ടിച്ചുരുക്കാത്തത്. 
പ്രധാന വാർത്തകൾ
 Top