28 May Thursday

വീട്ടിലിരുന്ന്‌ പ്രതിരോധം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ജനത കർഫ്യൂ ദിനത്തിൽ വിജനമായ പത്തനാപുരം ടൗൺ ഫയർഫോഴ്‌സ്‌ ശുചീകരിക്കുന്നു

എഴുകോൺ/പത്തനാപുരം
കോവിഡ്–-19 വ്യാപനം തടയാനുള്ള ജനത കർഫ്യൂവിന് ജനങ്ങളുടെ പൂർണ പിന്തുണ. എഴുകോൺ, വെളിയം, കരീപ്ര, നെടുവത്തൂർ, പവിത്രേശ്വരം പഞ്ചായത്തുകൾ കർഫ്യൂവിൽ നിശ്ചലമായി. 
അവശ്യമേഖല ഒഴികെയുള്ളവ പ്രവർത്തിച്ചില്ല. ജനങ്ങൾ വീടുകളിൽ തന്നെ കഴിഞ്ഞു. ചില ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ആരാധനാലയങ്ങൾ പലതും അടഞ്ഞുകിടന്നു. തുറന്നിടങ്ങളിലും ആളുകൾ വളരെ കുറവായിരുന്നു. ചുരുക്കം ചിലയിടങ്ങളിൽ പ്രധാനമന്ത്രി ആഹ്വാനംചെയ്ത പ്രകാരം പാത്രങ്ങളും മറ്റും കൊട്ടി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അർപ്പിച്ചു.
ഡിവൈഎഫ്ഐ ശുചീകരിച്ചു
ജനത കർഫ്യൂ ദിനത്തിൽ ഡിവൈഎഫ്ഐ കുന്നിക്കോട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കുന്നിക്കോട് ടൗണിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും പൊതുജന സമ്പർക്കമുള്ള പ്രദേശങ്ങളിലുമാണ് അണുവിമുക്തമാക്കിയത്. ബ്ലോക്ക് പ്രസിഡന്റ് എ വാഹിദ് , മുഹമ്മദ് അനീസ്, അൻവർഷാ അടക്കമുള്ളവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വിജനമായി പത്തനാപുരം 
ജനത കര്‍ഫ്യൂ ദിനത്തിൽ പത്തനാപുരം  വിജനമായി. കെഎസ്ആര്‍ടിസിയും, സ്വകാര്യ ബസുകളും സർവീസ്‌ നടത്തിയില്ല. ഏതാനും ഇരുചക്ര വാഹനങ്ങള്‍ മാത്രമായിരുന്നു നിരത്തിലുണ്ടായിരുന്നത്‌. കാല്‍നട യാത്രക്കാരും തീരെക്കുറവായിരുന്നു. അവശ്യസര്‍വീസുകളായ മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്‌ക്ക്‌ പ്രവര്‍ത്തിക്കാൻ അനുമതിയുണ്ടായിരുന്നിട്ടും 
അടഞ്ഞുകിടന്നു. 
പൊലീസിന്റെയും, ആരോഗ്യ പ്രവര്‍ത്തകരുടെയും സേവനം ലഭ്യമാക്കിയിരുന്നു. ജനതാ കര്‍ഫ്യൂവിന്റെ വിവരം മനസ്സിലാക്കാതിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് ദുരിതമനുഭവിച്ചത്. ഭക്ഷ്യ വസ്തുക്കള്‍ കരുതി വയ്ക്കാതെ ഹോട്ടലുകളെ ആശ്രയിക്കുന്ന ഇവര്‍ നട്ടം 
തിരിഞ്ഞു. 
ഞായറാഴ്ച ആയിരുന്നെങ്കിലും മിക്ക ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ആരാധന നടന്നില്ല. വൈകിട്ട്‌ അഞ്ചിന്‌ കൈസ്തവ ദേവാലയങ്ങളില്‍ മണി മുഴക്കി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചു.
 

 

പ്രധാന വാർത്തകൾ
 Top