02 March Tuesday

തുണിക്കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021
കൊട്ടാരക്കര
വാളകത്ത്‌ തുണിക്കടയിൽ വൻ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം. തുണിത്തരങ്ങളും സ്റ്റേഷനറി സാധനങ്ങളും ചാമ്പലായി. വാളകം ജങ്‌ഷനിൽ വത്സാ മാത്യൂവിന്റെ  ഉടമസ്ഥതയിലുള്ള പ്രീതാസ് ടെക്‌സ്റ്റയിൽസിൽ തിങ്കളാഴ്‌ച രാത്രി ഏഴിനാണ് സംഭവം. തീപിടുത്തത്തിൽ കട പൂർണമായി കത്തിയമർന്നു. കടയിലുണ്ടായിരുന്ന വസ്ത്രങ്ങൾക്കൊപ്പം സ്റ്റേഷനറി സാധനങ്ങളും കത്തിനശിച്ചു. 
വർഷങ്ങളായി പത്ര ഏജൻസിയും നടത്തുന്ന ഇവിടെ പ്രസിദ്ധീകരണങ്ങളും അ​ഗ്നിക്കിരയായി. കുറച്ചുദിവസമായി കടയിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയായിരുന്നു. വൈകിട്ട് ആറിന് കട അടച്ചതിനു ശേഷം ഒരു ഭാഗത്ത് വെൽഡിങ്‌ വർക്കുകൾ നടന്നിരുന്നു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന്‌ കാരണമെന്നു കരുതുന്നു. അടച്ചിട്ട കടയിൽനിന്ന് പുക ഉയരുന്നതുകണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും തീ വ്യാപിച്ചു. 
നാട്ടുകാരുടെ സമയോചിത ഇടപെടലിൽ പരിസരത്തുള്ള മറ്റു കടകളിലേക്ക് തീപടർന്നില്ല.  ഇതിനിടെ ഫയർഫോഴ്സ് എത്താൻ വൈകിയെന്ന്‌ ആരോപിച്ച്‌ നാട്ടുകാർ പ്രതിഷേധിച്ചു. എന്നാൽ, 7.45ന്‌ വിവരം കിട്ടിയ ഉടൻ കൊട്ടാരക്കരയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീനിയന്ത്രണ വിധേയമാക്കിയെന്ന് ഫയർഫോഴ്സ് സംഘം പറഞ്ഞു. കൊട്ടാരക്കര ഫയർസ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top