23 March Saturday

സർക്കാരിന്റെ 1000 ദിനം ജില്ലാതല ആഘോഷത്തിനു തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019

 

കൊല്ലം
ജനക്ഷേമ പ്രവർത്തനങ്ങളുടെ 1000 സാർഥക ദിനം പൂർത്തിയാക്കിയ സംസ്ഥാന സർക്കാരിന്റെ പ്രവർത്തന മികവിന്റെ സാക്ഷ്യമായി നവകേരളം 2019 പ്രദർശന -വിപണന മേളയ്ക്ക് തുടക്കമായി. ജില്ലാതല ആഘോഷ പരിപാടികൾ ആശ്രാമം മൈതാനത്തെ പ്രദർശന നഗരിയിൽ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്തു. 
ഓഖിയായാലും പ്രളയമായാലും ഏതു പ്രതിസന്ധിയെയും നേരിടാമെന്ന ആത്മവിശ്വാസം ജനങ്ങൾക്കു നൽകിയ സർക്കാരിന്റെ ആർജവമാണ് 1000 ദിനം പൂർത്തിയാക്കുന്ന ഘട്ടത്തിൽ എടുത്തുപറയാവുന്ന നേട്ടമെന്ന് മന്ത്രി പറഞ്ഞു. 
രണ്ടേമുക്കാൽ വർഷം പിന്നിടുമ്പോൾ 11 ലക്ഷം പേർക്ക് പെൻഷൻ നൽകിക്കഴിഞ്ഞു. ഇരുപതിനായിരത്തിലധികം  പുതിയ തസ്തികകൾ സൃഷ്ടിച്ചു.  വിദ്യാഭ്യാസ–- - ആരോഗ്യ മേഖലയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തി. ക്ഷീരോൽപ്പാദന മേഖല സ്വയം പര്യാപ്തതയിലേക്ക് എത്തുകയാണ്. 
തീരസംരക്ഷണത്തിനായി 37 കോടി രൂപ ചെലവഴിച്ച്  21 പുലിമുട്ട‌് തീർക്കുകയാണ്. ഹാർബറുകളുടെ വികസനത്തിനായും നടപടികൾ സ്വീകരിച്ചു. ടൂറിസം മേഖലയിൽ വൻതോതിലുള്ള പുരോഗതി ഉറപ്പാക്കാനുമായി–-- മന്ത്രി പറഞ്ഞു. 
ലൈഫ് മിഷൻ നിർമിച്ച 41 വീടിന്റെ താക്കോൽദാനം, ഫിഷറീസ് വകുപ്പ് ഭവന നിർമാണത്തിനായി വാങ്ങിയ ഭൂമിയുടെ പ്രമാണം വിതരണം, കുടുംബശ്രീയുടെ എറൈസ് പദ്ധതിയുടെ ധാരണാപത്രം കൈമാറ്റം എന്നിവ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ നിർവഹിച്ചു. 
മേയർ വി രാജേന്ദ്രബാബു അധ്യക്ഷനായി. എംഎൽഎമാരായ പി അയിഷാപോറ്റി, എം നൗഷാദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, കലക്ടർ എസ് കാർത്തികേയൻ, സിറ്റി പൊലീസ് കമീഷണർ പി കെ മധു, സബ് കലക്ടർ എ അലക്‌സാണ്ടർ, ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കെ എൻ മോഹൻലാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി അജോയ്, ദാരിദ്ര്യലഘൂകരണ വിഭാഗം 
പ്രോജക്ട് ഡയറക്ടർ എ ലാസർ, കുടുംബശ്രീ മിഷൻ ജില്ലാ കോ–--ഓർഡിനേറ്റർ എ ജി സന്തോഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എച്ച് സലിം എന്നിവർ സംസാരിച്ചു. ഉദ്ഘാടനച്ചടങ്ങിനു ശേഷം നാടകം - ‘പൊട്ടൻ’, ഓച്ചിറ നിലാവിന്റെ ഗാനമേള എന്നിവ അരങ്ങേറി.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top