20 June Thursday
മുഖ്യമന്ത്രി ഉദ‌്ഘാടനംചെയ്യും

കശുവണ്ടി വികസന കോർപറേഷൻ സുവർണ ജൂബിലി ആഘോഷം 26ന‌്

സ്വന്തം ലേഖകൻUpdated: Saturday Feb 23, 2019
കൊല്ലം
കശുവണ്ടി വികസന കോർപറേഷൻ സുവർണ ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ 26ന‌് ഉദ‌്ഘാടനംചെയ്യും. കോർപറേഷന്റെ പാൽക്കുളങ്ങര ഫാക്ടറിവളപ്പിൽ രാവിലെ പത്തിന‌് മുഖ്യമന്ത്രിയും ആദ്യകാലത്തെ 50 തൊഴിലാളികളും കശുമാവ് തൈ നട്ടാണ‌് സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനംചെയ്യുന്നത‌്. സംസ്ഥാന സർക്കാരിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി 1000 തൊഴിലാളികൾക്ക‌് നിയമന ഉത്തരവ‌് നൽകുമെന്ന‌് കോർപറേഷൻ ചെയർമാൻ  എസ‌് ജയമോഹൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാർച്ചിൽ 2000 തൊഴിലാളികളെക്കൂടി നിയമിക്കും. കഴിഞ്ഞ വർഷം 2000 തൊഴിലാളികളെ നിയമിച്ചിരുന്നു. കോർപറേഷന്റെ 30 ഫാക്ടറിയും നവീകരിച്ച‌് സുവർണജൂബിലി സ‌്മാരകമാക്കും. കോര്‍പറേഷൻ ഫാക്ടറികൾക്കെല്ലാം ഒരേ രൂപവും നിറവുമായിരിക്കും. 
നവീകരിക്കുന്ന ഫാക്ടറികളില്‍ തൊഴിലാളി സ‌്ത്രീകളുടെ കുട്ടികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ സ്‌നേഹക്കൂട്, തൊഴിലാളികള്‍ക്ക‌് പഠനമുറി, വിശ്രമത്തിനും ഭക്ഷണത്തിനും പ്രത്യേകം സൗകര്യം, ക്യാന്റീന്‍, ശൗചാലയം,  തൊഴിലിടം, കശുമാവ് പാർക്ക് എന്നിവ ഉണ്ടാകും. ഫാക്ടറികളിൽ ലൈബ്രറികൾ സജ്ജീകരിക്കും. 
സുവർണ ജൂബിലി ഭാഗമായി നിലവിലുള്ള  18 മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കു പുറമേ 32 ഇനങ്ങള്‍കൂടി വിപണിയിലിറക്കും. മൂല്യവർധിത ഉൽപ്പന്നങ്ങളുടെ ഔട്ട‌്‌ലെറ്റ‌് 28 ഫാക്ടറിയിൽ തുടങ്ങി.  മൂല്യവർധിത ഉൽപ്പന്ന നിർമാണത്തിനും വിപണനത്തിനുമുള്ള കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ പുരസ‌്കാരം കഴിഞ്ഞ രണ്ടു വർഷവും കശുവണ്ടി വികസന കോർപറേഷനു ലഭിച്ചു. കശുമാങ്ങയിൽനിന്ന‌് ഫെനി ഉൽപ്പാദിപ്പിക്കുന്നതിന‌് സർക്കാരിന‌് പ്രോജക്ട‌് സമർപ്പിച്ചു. കോർപറേഷൻ ഫാക്ടറികളിൽ മാർച്ച‌് മുതൽ മുടങ്ങാതെ ജോലി നൽകും. കോർപറേഷന്റെ കൊട്ടിയം ഫാക്ടറിയിൽ കശുമാവ‌്  പ്രദർശനത്തോട്ടവും കാഷ്യൂ മ്യൂസിയവും സ്ഥാപിക്കും. തൊഴിലാളികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കാൻ കായിക, കലാ ഗ്രൂപ്പുകൾ രൂപീകരിക്കും. ഫാക്ടറികളിൽ ജോലിയില്ലാത്ത ദിവസങ്ങളിൽ സ്വയംതൊഴിൽ പരിശീലനം നൽകും. എല്ലാ വർഷവും തൊഴിലാളികളുടെ കല–- കായിക മത്സരം സംഘടിപ്പിക്കും. ഒന്നാം വർഷം വിളവെടുക്കാവുന്ന അത്യുൽപ്പാദനശേഷിയുള്ള അഞ്ചു ലക്ഷം കശുമാവ‌് തൈ കൊട്ടിയം നഴ‌്സറിയിൽനിന്ന‌് ഈ വർഷം വിതരണംചെയ്യും.  കോര്‍പറേഷന്‍ രൂപീകരണകാലത്തെ 50 തൊഴിലാളികളെ ഉദ‌്ഘാടനച്ചടങ്ങിൽ   മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ആദരിക്കും. മന്ത്രി കെ രാജു മുഖ്യപ്രഭാഷണം നടത്തും.  കശുവണ്ടി വികസന കോർപറേഷൻ എംഡി  രാജേഷ് രാമച്രന്ദനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top