27 September Sunday
സംസ്ഥാന സർക്കാർ അനുവദിച്ചത്‌ 35 കോടി രൂപ

മാളിയേക്കലിൽ ഉയരുമോ ഉരുക്കുപാലം

സുരേഷ്‌ വെട്ടുകാട്ട്‌Updated: Thursday Jan 23, 2020
 
 
കരുനാഗപ്പള്ളി
ശാസ്താംകോട്ട റോഡിലെ മാളിയേക്കൽ റെയിൽവേ മേൽപ്പാലം നിർമിക്കാൻ പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനുള്ള സാധ്യത തേടുന്നു. 
കല്ലും മണലും സിമന്റും ഉപയോഗിക്കാതെ എസ്ജി കാസ്റ്റിങ്‌ എന്ന സാങ്കേതിക വിദ്യയിലൂടെ കാസ്റ്റ് അയൺ ഉപയോഗിച്ചുള്ള ഉരുക്കുപാലം നിർമിക്കാനാണ്‌ ആലോചന. ഇതിനായി നിർമാണച്ചുമതലയുള്ള റോഡ്സ് ആൻഡ്‌ ബ്രിഡ്ജസ് കോർപറേഷൻ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത്‌ ഉൾപ്പെടെയുള്ള സാധ്യതകൾ ആരാഞ്ഞു. 35 കോടി രൂപയാണ് മേൽപ്പാലം നിർമാണത്തിന്‌ കിഫ്ബിയിൽനിന്ന്‌ സർക്കാർ അനുവദിച്ചത്‌.  
കാസ്‌റ്റ്‌ അയൺ സാങ്കേതിക വിദ്യയിൽ  പാലം നിർമാണം  ആഴ്ചകൾ കൊണ്ട്‌ പൂർത്തിയാക്കാം. കോൺക്രീറ്റിനേക്കാളും ശേഷിയുള്ളതും ഒരു നൂറ്റാണ്ട്‌ കഴിഞ്ഞാലും തുരുമ്പെടുക്കാത്തതും പുനരുപയോഗിക്കാൻ കഴിയുന്നതുമാകും പാലം.  
നിർമാണം പൂർത്തിയാക്കിയാലും കാലാനുസൃത മാറ്റം വരുത്താനും കഴിയും.  മലിനീകരണമില്ലാത്തതും   നിലവിൽ നിർമാണ പ്രവർത്തനങ്ങൾക്ക് അസംസ്കൃത വസ്തുക്കൾ ലഭ്യമാകാത്തതുമെല്ലാം പുതിയ സാങ്കേതിക വിദ്യയ്ക്ക് സാധ്യത വർധിപ്പിക്കുന്നു. മാളിയേക്കൽ മേൽപ്പാലത്തിന്റെ ടെൻഡർ നടപടി നേരത്തെ  പൂർത്തിയായിരുന്നു. 
മൂന്ന് കമ്പനിയാണ് പങ്കെടുത്തത്.എന്നാൽ, സാങ്കേതിക പരിശോധനയിൽ സിവിസിസി കമ്പനിക്ക്‌ മാത്രമേ യോഗ്യത നേടാനായുള്ളൂ. തുടർന്ന്‌  വീണ്ടും  -ടെൻഡർ നടത്തി.  
മാളിയേക്കൽ പാലം  യാഥാർഥ്യമാകുന്നതോടെ ഏറെ തിരക്കുള്ള റോഡിലെ ഗതാഗതക്കുരുക്കിനും  യാത്രാദുരിതത്തിനും പരിഹാരമാകും.
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top