13 November Wednesday

പാലം കുലുങ്ങിയാലും മുദ്ര കുലുങ്ങില്ല

സ്വന്തം ലേഖകന്‍Updated: Tuesday Oct 22, 2019
 
കൊല്ലം
കല്ലുപാലം പൊളിച്ചാലും  ശംഖുമുദ്രയും ചെങ്കല്ലും അവിടെത്തന്നെയുണ്ടാകും. പുതിയ പാലത്തിലും ശംഖുമുദ്രയും ചെങ്കല്ലും  സ്ഥാപിക്കണമെന്നാണ്  ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് കരാര്‍കമ്പനിക്കു നല്‍കിയിരിക്കുന്ന നിര്‍ദേശം. 
പഴമയും രൂപഭംഗിയും ഒത്തുചേരുന്ന നിര്‍മാണരീതിയാകും സ്വീകരിക്കുക. തിരുവിതാംകൂര്‍ രാജഭരണകാലത്തിന്റെ അധികാരമുദ്രയായ ശംഖുമുദ്രയോടെ സ്ഥാപിച്ച പാലങ്ങളില്‍ അവശേഷിക്കുന്നത് കല്ലുപാലം മാത്രമാണ്. 22 മീറ്റര്‍ നീളത്തിലും 7.5 മീറ്റര്‍ വീതിയിലും നിര്‍മിക്കുന്ന പാലത്തില്‍ ഇരുവശങ്ങളിലായി 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതകളും ഉണ്ടാകും. 
ഇരുകരകളിലായി സ്ഥാപിക്കുന്ന രണ്ടു സ്പാനുകള്‍ പാലത്തെ താങ്ങിനിര്‍ത്തും. ബോട്ടുകള്‍ക്ക് സുഗമമായി കടന്നുപോകേണ്ടതിനാല്‍ മധ്യഭാഗത്ത് സ്പാന്‍ ഉണ്ടാകില്ല. നിലവിലുള്ള അപ്രോച്ച് റോഡിനും മാറ്റമില്ല.  
പാലം പൊളിക്കാന്‍ ഒന്നരമാസമെങ്കിലും വേണ്ടിവരുമെന്നാണ്  കമ്പനി പറയുന്നത്. ശംഖുമുദ്രയും ചെങ്കല്ലും തകരാര്‍ കൂടാതെ പൊളിച്ചെടുക്കുക ശ്രമകരമാണ്. പഴയ പാലത്തില്‍ മുകളില്‍ ചെങ്കല്ലും താഴെ കരിങ്കല്ലുമാണ്. പഴക്കംചെന്ന ചെങ്കല്ല് നശിക്കാതെ പൊളിക്കുന്നതിനാണ് സമയം കൂടുതല്‍ വേണ്ടിവരിക.  പാലം പൊളിക്കല്‍ തിങ്കളാഴ്ച തുടങ്ങുമെന്ന് അറിയിച്ചെങ്കിലും നടന്നില്ല. ചൊവ്വാഴ്ച രാവിലെ ബിഎസ്എന്‍എല്ലിന്റെ കേബിള്‍ നീക്കം ചെയ്തുകൊണ്ടാകും പൊളിക്കല്‍ തുടങ്ങുക.  
തിരുവിതാംകൂര്‍ ഭരണകാലത്ത് റാണി ഗൗരി പാര്‍വതി ഭായി റീജന്റായിരിക്കെയാണ് കല്ലുപാലം നിര്‍മിച്ചത്. കൊല്ലംതോടിന്റെ  ഭാഗമായി അന്ന് കല്ലുപാലവും ഇരുമ്പുപാലവും കൊച്ചുപിലാംമൂട്, താമരക്കുളം, പള്ളിത്തോട്ടം എന്നിവിടങ്ങളില്‍ തടിപ്പാലവും നിര്‍മിച്ചിരുന്നു.
 

 

പ്രധാന വാർത്തകൾ
 Top