20 November Wednesday

കിഴക്ക്‌ തോരാമഴ

സ്വന്തം ലേഖകന്‍Updated: Tuesday Oct 22, 2019
കൊല്ലം
ജില്ലയുടെ കിഴക്കൻ മേഖലയിൽ രണ്ടുദിവസമായി പെയ്യുന്ന മഴയിൽ വീടുകൾക്കും കാർഷികവിളകൾക്കും കനത്തനാശം. രണ്ടുവീട്‌ പൂർണമായും നിരവധി വീടുകൾ  ഭാഗികമായും തകർന്നു. പൂനലൂരും കൊല്ലത്തുമാണ്‌ വീട് പൂർണമായി തകർന്നത്. പത്തനാപുരത്ത് ആറും കൊല്ലത്തും  കരുനാഗപ്പള്ളിയിലും രണ്ടുവീതവും വീടുകൾ ഭാഗികമായി തകർന്നു. കല്ലുകടവ് വലിയതോട് കരകവിഞ്ഞ് പ്രദേശത്തെ 30 വീട്ടിൽ വെള്ളംകയറി. ഓറഞ്ച് അലർട്ട് നിലനിൽക്കെ തെന്മല അണക്കെട്ടിന്റെ ഷട്ടർ 30 സെന്റീ മീറ്റർ തുറന്നു. ജലനിരപ്പ് - 113.80 മില്ലീമീറ്ററാണ്‌. 
കിഴക്കൻ മേഖലയിൽ മൂന്നു ദിവസമായി മഴ ഉണ്ടെങ്കിലും ഞായറാഴ്ച വൈകിട്ടാണ് ശക്തമായത്. മഴ കനത്തതിനെത്തുടർന്ന് കൊട്ടാരക്കര താലൂക്കിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് കലക്ടർ രാത്രിയോടെ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ അവധി പുനലൂർ മുനിസിപ്പൽ പ്രദേശത്തും ബാധകമാക്കി. 
കുന്നിക്കോട് ദേശീയപാതയിൽ മണ്ണിടിഞ്ഞ്‌ ഗതാഗതം തടസ്സപ്പെട്ടു. കൂരാംകോട് നാന്ദിഗ്രാം പ്രദേശത്ത് 10  വീട്ടിൽ വെള്ളം കയറി.  ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ഞാറയ്ക്കൽ ഭാഗത്തുള്ള മലവെള്ളപ്പാച്ചിലാണ് വെള്ളക്കെട്ടിനിടയാക്കിയത്. ശക്തമായ കാറ്റിൽ വൈദ്യുതിബന്ധവും തകരാറിലായി.  കല്ലടയാറും  കൈത്തോടുകളും നിറഞ്ഞൊഴുകുകയാണ്. ഗ്രാമീണപാതകളും ചെറുപാലങ്ങളും വെള്ളത്തിനടിയിലായി. പാടശേഖരങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശം സംഭവിച്ചു. പിറവന്തൂര്‍ പഞ്ചായത്തിലെ പുന്നല തച്ചക്കോട് വലതുകര കനാലിന്റെ വശങ്ങളിലെ മണ്‍തിട്ട ഇടിഞ്ഞു വീണതിനെ തുടര്‍ന്ന് നീരൊഴുക്ക് തടസ്സപ്പെട്ടു. പുന്നല, അലിമുക്ക് ജങ്‌ഷനുകളില്‍ വെള്ളം കയറി. പുനലൂര്‍ -–- മൂവാറ്റുപുഴ പാതയില്‍ പത്തനാപുരം ചെമ്പാന്‍പാലത്തില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് ഗതാഗതം  തടസ്സപ്പെട്ടു. 
പ്രധാന വാർത്തകൾ
 Top