16 October Saturday

പുനരാരംഭിക്കണം 
പാസഞ്ചർ ട്രെയിനുകൾ

സ്വന്തം ലേഖകൻUpdated: Wednesday Sep 22, 2021
കൊല്ലം
ഓഫീസ് സമയം പാലിച്ച്‌ പാസഞ്ചർ സർവീസുകൾ പുനരാരംഭിക്കണമെന്നും കൂടുതൽ മെമു സർവീസുകൾ അനുവദിക്കണമെന്നും ആവശ്യം ശക്തം. ഇക്കാര്യത്തിൽ പാർലമെന്റ്‌ അംഗങ്ങൾ ഇടപെടണമെന്ന്‌ അഭ്യർഥിച്ച്‌ യാത്രക്കാരുടെ വാട്‌സാപ് കൂട്ടായ്‌മ ഫ്രണ്ട്സ് ഓൺ റെയിൽസ് കത്ത്‌ നൽകി. 
പൊതുഗതാഗതം സാധാരണ നിലയിലായിട്ടും സ്ഥിരയാത്രക്കാരോട്‌ റെയിൽവേ കടുംപിടുത്തം തുടരുകയാണ്‌. കോവിഡിൽ സാമ്പത്തിക ഭദ്രത നഷ്ടപ്പെട്ട സാധാരണക്കാരായ റെയിൽ യാത്രക്കാർക്ക്‌ പാസഞ്ചറും മെമുവും വലിയ സഹായമാണ്‌. ആരംഭിച്ചിട്ടുള്ള മെമു സർവീസുകളുടെ  സമയക്രമം സർക്കാർ, സ്വകാര്യ മേഖല ജീവനക്കാർക്ക് ഉപകാരപ്പെടുംവിധമല്ല. മെമു സമയക്രമം അശാസ്ത്രീയമാണ്‌. മെമു ട്രെയിനുകളിൽ എക്സ്പ്രസ് നിരക്ക് ഈടാക്കിയും റെയിൽവേ കൊള്ളനടത്തുന്നു. യാത്രാക്ലേശം പരിഹരിക്കാൻ സമീപ ജില്ലകളെ ബന്ധിപ്പിച്ച്‌ കൂടുതൽ മെമു സർവീസുകൾ ആരംഭിക്കണം. മെമു സ്‌പെഷ്യൽ അനുവദിച്ചപ്പോൾ ഹാൾട്ട് സ്റ്റേഷനുകളെ അവഗണിച്ചു. അന്തർ സംസ്ഥാന ട്രെയിനുകളെ  സ്പെഷ്യൽ പട്ടികയിൽനിന്ന് ഒഴിവാക്കണമെന്നും അൺ റിസർവ്ഡ്‌ കോച്ചുകൾ അനുവദിക്കണമെന്നുമാണ്‌ ആവശ്യം. യുടിഎസ്‌ ആപ്പ്‌ ഉപയോഗിച്ചോ കൗണ്ടർ ടിക്കറ്റ്‌ വഴിയോ ജനറൽ ടിക്കറ്റിൽ യാത്ര ചെയ്യാൻ അനുവദിക്കണം. 
 
സീസൺ ടിക്കറ്റ് 
പുനഃസ്ഥാപിക്കണം
കോവിഡാനന്തരം തൊഴിലിന് ഭീഷണി നേരിടുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്‌ത സാഹചര്യത്തിൽ റിസർവേഷൻ ചാർജ് നൽകിയുള്ള യാത്ര ദുഷ്കരം. സീസൺ ടിക്കറ്റ്‌ പുനഃസ്ഥാപിക്കണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം. വരുമാനത്തിൽ ഇടിവ് സംഭവിക്കുകയും ദൈനംദിന ചെലവ് വർധിക്കുകയും ചെയ്‌ത സാഹചര്യത്തിൽ പാസഞ്ചർ സർവീസും സീസൺടിക്കറ്റും പുനഃസ്ഥാപിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top