26 October Monday

വാര്‍ഡുകളിൽ പ്രതിരോധം ശക്തമാക്കണം: മേഴ്സിക്കുട്ടിഅമ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020
കൊല്ലം
കോവിഡ് വ്യാപനം തടയാൻ വാർഡുതലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുകയാണ് ഏക പോംവഴിയെന്ന്‌ മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ. ഓരോ മണ്ഡലത്തിലും ഒരു കോവിഡ് ചികിത്സാകേന്ദ്രം ഉറപ്പാക്കണമെന്ന് മന്ത്രി കെ രാജുവും പറഞ്ഞു. ജില്ലയിലെ ഉന്നതതല ഉദ്യോഗസ്ഥരുടെ ഓൺലൈൻ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രിമാർ.
പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് അംഗങ്ങൾ ഉൾപ്പെടെ തദ്ദേശസ്ഥാപന പ്രതിനിധികളും രാഷ്ട്രീയപാർടി നേതാക്കളും പ്രതിരോധ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കണം. രോഗബാധ കൂടുമ്പോൾ മൈക്രോ കണ്ടെയ്‌ൻമെന്റ് ശക്തമാക്കണം.
പള്ളിത്തോട്ടം മേഖലയിൽ ക്ലസ്റ്റർ ഗ്രൂപ്പ് പ്രവർത്തനം ശക്തമാക്കുകവഴി രോഗബാധ തടയാനായത് സിറ്റി പൊലീസ് കമീഷണർ ടി നാരായണൻ യോഗത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു. ജില്ലയിൽ 85 ശതമാനത്തോളം  ക്ലസ്റ്റർ ഗ്രുപ്പുകൾ രൂപീകരിച്ച്‌ പ്രവർത്തനം നടക്കുന്നതായി കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു. 
അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിന് വനംവകുപ്പിന്റെ അനുവാദം ആവശ്യമില്ലെന്നും മുറിച്ചശേഷം ലേലം ചെയ്യുന്നതിന് അനുമതി വേണമെന്നും മന്ത്രി അറിയിച്ചു. മടങ്ങിപ്പോയ അതിഥിത്തൊഴിലാളികളിൽ 379 പേർ തിരികെയെത്തിയതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. തമിഴ്നാട്ടുകാരാണ് ഏറെയും. പശ്ചിമ ബംഗാളുകാരും കുറച്ചുപേരുണ്ട്. നാട്ടിൽ പോകാതെ ജില്ലയിൽ തങ്ങിയത് 7834 തൊഴിലാളികളാണെന്നും ഡിഎൽഒ അറിയിച്ചു. കോവിഡ് ബാധിതർക്ക്‌ അതത് സ്ഥലങ്ങളിലെ പ്രഥമ ചികിത്സാകേന്ദ്രത്തിൽ തന്നെ ചികിത്സ ഒരുക്കാൻ നടപടി വേണമെന്ന് എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, ആർ രാമചന്ദ്രൻ, പി അയിഷാ പോറ്റി, ജി എസ് ജയലാൽ എന്നിവർ 
ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top