20 October Tuesday

വ്യാജ മദ്യവിൽപ്പന പിടിച്ച എക്‌സൈസ് ഇൻസ്പെക്ടർക്ക്‌ കോൺഗ്രസ് നേതാവിന്റെ മർദനം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020

പരിക്കേറ്റ എക്‌സൈസ്‌ ഇൻസ്‌പെക്‌ടർ ബെന്നി ജോർജ്‌

കുന്നിക്കോട്
വ്യാജ മദ്യവിൽപ്പനക്കാരനെ പിടികൂടിയ എക്‌സൈസ്‌ ഇൻസ്പെക്ടറെ കോൺഗ്രസ് വാർഡ് പ്രസിഡന്റ്‌ കൈയേറ്റം ചെയ്തു. വ്യാജമദ്യം വിറ്റയാളെ അറസ്റ്റ്ചെയ്തു‌ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്ന്‌ പറഞ്ഞാണ്‌ കമുകംചേരി സ്വദേശി അഖിൽ എക്‌സൈസ് ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ യൂണിഫോം വലിച്ചുകീറുകയും മർദിക്കുകയും ചെയ്തത്‌. ശരീരത്തിൽ മാന്തി മുറിവേൽപ്പിച്ചിട്ടുമുണ്ട്‌. പരിക്കേറ്റ എക്‌സൈസ്‌ ഇൻസ്‌പെക്ടറെ പത്തനാപുരം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കോൺഗ്രസ് നേതാവിന്റെ ആക്രമണം നടക്കുന്നതിനിടെ എക്‌സൈസ് പിടികൂടിയ വ്യാജമദ്യ വിൽപ്പനക്കാരൻ കമുകുംചേരി സുരേഷ് ഓടിരക്ഷപ്പെട്ടു. 
ഇതിനിടെ അഖിലും പത്തനാപുരത്തെ ആശുപത്രിയിൽ ചികിത്സതേടിയെത്തി. ഇയാളോടൊപ്പം വന്ന ആറ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ താലൂക്കാശുപത്രിയിൽ എക്സ്‌റേ എടുക്കാൻ നിന്ന ഉദ്യോഗസ്ഥരുടെ നേർക്ക് ആക്രോശവുമായി പാഞ്ഞടുക്കുകയുമുണ്ടായി. വിവരമറിഞ്ഞ് എത്തിയ പത്തനാപുരം പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ ശാന്തമാക്കി. തുടർന്ന് ബെന്നി ജോർജിനെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.  
തിങ്കളാഴ്ച പകൽ 11.30നാണ്‌ സംഭവം. കോൺഗ്രസ് പ്രവർത്തകനെ ഉപദ്രവിച്ചെന്ന്‌ ആരോപിച്ച്  പകൽ മൂന്നിന് കെപിസിസി അംഗം സി ആർ നജീബിന്റെ നേതൃത്വത്തിൽ കുന്നിക്കോട്ടെ എക്‌സൈസ് റേഞ്ച് ഓഫിസിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമം നടത്തി. കുന്നിക്കോട് സിഐ മുബാറക്കിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരോട്‌ ഓഫീസ് വളപ്പിൽനിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. തുടർന്ന് ഏഴുപേർക്കെതിരെ കേസെടുത്തു. മാസങ്ങൾക്കു മുമ്പ്‌ തലവൂരിൽ വ്യാജ മദ്യവിൽപ്പനക്കാരനെ പിടികൂടിയപ്പോഴും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ അടക്കം ഓഫീസിൽ അതിക്രമിച്ചു കയറി പ്രതിയെ ഇറക്കിക്കൊണ്ടുപോകാൻ 
ശ്രമിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top