21 October Monday

കൊല്ലം കോൺക്ലേവിന്‌ ഇന്നു സമാപനം വികസനത്തിന്‌ വേണം മാസ്്‌റ്റർ പ്ലാൻ

സ്വന്തം ലേഖികUpdated: Sunday Sep 22, 2019

കൊല്ലം കോൺക്ലേവിൽ പങ്കെടുക്കുന്ന സിങ്കപ്പൂരിൽ നിന്നുള്ള തായ്‌ കേങ് സൂൺ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാൽ , പ്രൊഫ. യുജിൻ പണ്ടാല, കെ ടി രവീന്ദ്രൻ, മേയർ വി രാജേന്ദ്രബാബു എന്നിവരുമായി സംഭാഷണത്തിൽ

കൊല്ലം
കൊല്ലം നഗരത്തിന്റെ വികസനത്തിന് സമഗ്രമായ മാസ്റ്റർ പ്ലാൻ അനിവാര്യമാണെന്ന്‌ കൊല്ലം കോൺക്ലേവ്‌. കൊല്ലം നഗരവികസനത്തെക്കുറിച്ച്‌ ഹോട്ടൽ റാവീസിൽ നടക്കുന്ന ചർച്ചയിലാണ് നിർദേശം. അഷ്ടമുടിക്കായൽ ഉൾപ്പെടെയുള്ള ജലാശയങ്ങൾ സംരക്ഷിക്കാൻ അടിയന്തര നടപടിവേണം.    
പ്രകൃതിസമ്പത്തുകൾ ഉൾപ്പെടെ വിനിയോഗിച്ച്‌ വികസിക്കാനുള്ള അനന്തസാധ്യതകൾ  പ്രയോജനപ്പെടുത്തണമെന്നും ആവശ്യം ഉയർന്നു. കൃഷി, മത്സ്യബന്ധനം, മറ്റു പരമ്പരാഗത വ്യവസായങ്ങൾ എന്നിവയെ എല്ലാം കൂട്ടിയോജിപ്പിച്ചു വേണം  വികസനം യാഥാർഥ്യമാക്കാൻ എന്ന്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ  പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക്‌ സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്‌. കൊല്ലം തുറമുഖത്തിന്റെ വികസന പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണം. 
കൊല്ലം തോടിന്റെ ശുദ്ധീകരണ പ്രവർത്തനങ്ങൾ 2020ന്‌ പൂർത്തിയാക്കുകയും തീരങ്ങൾ സൗന്ദര്യവൽക്കരിക്കുകയും ചെയ്യണമെന്നും നഗരമധ്യത്തിലുള്ള പുള്ളിക്കട കോളനിയിലുള്ളവരെ വാസയോഗ്യമായ സ്ഥലത്ത് പുനരധിവസിപ്പിക്കണമെന്നും മന്ത്രി  പറഞ്ഞു. 
കൊല്ലം നഗരം വൃത്തിയാക്കുന്ന പ്രവർത്തികളിൽ കൗൺസിലർമാരുമായി ചേർന്ന്‌ സഹകരിക്കാൻ  ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് അർബൻ  ഡിസൈനേഴ്സ് ഇന്ത്യ തയ്യാറാണെന്ന്‌ ജനറൽ സെക്രട്ടറി മനോജ്കുമാർ കിണി പറഞ്ഞു. 
പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള മാസ്റ്റർ പ്ലാനാണ് കൊല്ലത്തിന്‌ ആവശ്യമെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു.  ലോകരാജ്യങ്ങളുമായി പൗരാണിക കാലം മുതൽ വാണിജ്യബന്ധം പുലർത്തിയിരുന്ന കൊല്ലത്തിന്റെ പാരമ്പര്യം തിരിച്ചുപിടിക്കാനുള്ള സംരംഭത്തിന്‌  തുടക്കമാണ് കോൺക്ലേവ്‌  എന്ന് മേയർ വി രാജേന്ദ്രബാബു പറഞ്ഞു.  മനോജ്കുമാർ കിണി, ഡോ. കെ ടി രവീന്ദ്രൻ, പ്രൊഫ. പി വി കെ പരമേശ്വർ, ഷൈനി വർഗീസ്, ജില്ലാ പ്ലാനിങ് ഓഫീസർ ശാരി സുരേഷ്, നഗരസഭ ഡെപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്‌, പ്രതിപക്ഷ നേതാവ് എ കെ ഹഫീസ് എന്നിവർ സംസാരിച്ചു. കൊല്ലം നഗരസഭയുടെ നേതൃത്വത്തിൽ ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട്‌  ഓഫ് അർബൻ  ഡിസൈനേഴ്സ് ഇന്ത്യയുടെ സഹകരണത്തോടെയാണ്‌ ചർച്ച സംഘടിപ്പിച്ചത്‌.

 

പ്രധാന വാർത്തകൾ
 Top