24 October Thursday
ഒപ്പം താമസിച്ചിരുന്ന ആൾ പിടിയിൽ

കൈപ്പള്ളിമുക്കിൽ സ്‌ത്രീയെ കൊന്നത്‌ മദ്യം ഒറ്റയ്ക്ക്‌ കുടിച്ചതിന്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

പിടിയിലായ ബാബു

 

അഞ്ചൽ
കൈപ്പള്ളിമുക്കിൽ ആളൊഴിഞ്ഞവീട്ടിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. 
അഞ്ചൽ ഇടമുളയ്ക്കൽ തുമ്പികുന്ന് സ്വദേശിനി കുഞ്ഞുമോളെയാണ് കഴിഞ്ഞ നാലിന്‌  ചായിപ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്നുവർഷമായി ഇവർക്കൊപ്പം താമസിച്ചിരുന്ന   കുളത്തൂപ്പുഴ ഏഴംകുളം താന്നിവിള വീട്ടിൽ ബാബു (55)വിനെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.  സ്ഥിരമായി ഒന്നിച്ച്‌ മദ്യപിക്കുന്നവരായിരുന്നു ഇരുവരും. സംഭവദിവസവും  ഇരുവരും ഒന്നിച്ചിരുന്ന് മദ്യപിച്ചു.  കുപ്പിയിൽ ഉണ്ടായിരുന്ന ബാക്കി മദ്യം കുഞ്ഞുമോൾ കുടിച്ചുതീർത്ത വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്‌. കുഞ്ഞുമോളുടെ മൂക്കിലും വായിലും കൂട്ടിപ്പിടിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്  ബാബു പൊലീസിനോട്  സമ്മതിച്ചു. സംഭവത്തിനു ശേഷം ഇയാളെ കാണാതായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ  പോസ്റ്റുമോർട്ടത്തിലാണ്‌ മരണം  ശ്വാസം മുട്ടിച്ചുള്ള കൊലപാതകമാണെന്ന്‌ തെളിഞ്ഞത്‌. 
ഇതോടെ കൊല്ലം റൂറൽ എസ്‌പി ഹരിശങ്കറിന്റെയും പുനലൂർ ഡിവൈഎസ്‌പി അനിൽ എസ് ദാസിന്റെയും  നേതൃത്വത്തിൽ രൂപികരിച്ച സ്പെഷ്യൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ്   ബാബുവിനെ പിടികൂടിയത്‌.  
ആയൂർ മലപേരൂരിൽ ഒളിവിൽക്കഴിയുകയായിരുന്നു  ഇയാൾ.  ചടയമംഗലം സിഐ സാജു എസ് ദാസ്, സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ  ജഹാൻഗീർ, ശ്രീകുമാർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്‌.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

 

പ്രധാന വാർത്തകൾ
 Top