17 November Sunday

18വർഷം മുമ്പ്‌ കാണാതായ ആൾ സ്വന്തം വീട്ടിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
കൊല്ലം 
പതിനെട്ടുവർഷം മുമ്പ്‌ കാണാതായ ഗൃഹനാഥനെ ഒടുവിൽ പൊലീസ്‌ കണ്ടെത്തി. അതും സ്വന്തം വീട്ടിൽനിന്ന്‌. കൊല്ലം വടക്കേവിള കുറ്റാത്തുവിള ലക്ഷം വീട്ടിൽ സുദർശനബാബു (54)വിനെയാണ്‌ പൊലീസ്‌  കണ്ടെത്തിയത്‌.
 ഭർത്താവിനെ കാണാനില്ലെന്നുകാട്ടി 2001ൽ ഇയാളുടെ ഭാര്യ നൽകിയ കേസിനാണ്‌ ഇതോടെ അവസാനമായത്‌. വർഷങ്ങൾക്കു മുമ്പ്‌ മടങ്ങിയെത്തിയ സുദർശനബാബു കുടുംബവുമൊത്ത്‌ കഴിഞ്ഞുവരികയായിരുന്നു. 
2000 ഡിസംബർ 17ന്‌ ഗുജറാത്തിലുള്ള സഹോദരിയുടെ വീട്ടിലേക്ക്‌ ട്രെയിനിൽ പോയ സുദർശനബാബുവിന്റെ വിവരങ്ങൾ അറിയാത്തതിനെ തുടർന്ന്‌ 2001 മെയ്‌ 22നാണ്‌ ഭാര്യ ശകുന്തള കൊല്ലം ഈസ്റ്റ്‌ പൊലീസിൽ പരാതി നൽകിയത്‌. എന്നാൽ, അന്വേഷണത്തിൽ ഇയാളെ  കണ്ടെത്താനായില്ല. 
കൊല്ലത്തുനിന്ന്‌ മുംബൈ ട്രെയിനിൽ കയറിയ ഇദ്ദേഹം  മുംബൈയിലാണ്‌ ഇറങ്ങിയത്‌. ഭാഷ വശമില്ലാതെ അലഞ്ഞുനടന്നെങ്കിലും ചില മലയാളികളുടെ  സഹായത്തോടെ ഗുജറാത്തിലെ സഹോദരിയുടെ വീട്ടിൽ എത്തി. അവിടെ പ്ലാസ്റ്റിക്‌ നിർമാണ യൂണിറ്റിൽ ഏറെക്കാലം ജോലിനോക്കിയശേഷം  പത്തുവർഷം മുമ്പ്‌ നാട്ടിൽ മടങ്ങിയെത്തി കുടുംബവുമൊത്ത്‌ താമസിച്ചുവരികയായിരുന്നു. 
എന്നാൽ, കേസിനെക്കുറിച്ച്‌ അറിയാതിരുന്ന സുദർശനബാബു സ്റ്റേഷനിൽ ഹാജരാകുകയോ തുടർ നടപടി സ്വീകരിക്കുകയോ ചെയ്‌തില്ല. 
ഇയാളെ കണ്ടെത്താത്തതിനെ തുടർന്ന്‌ ഈസ്റ്റ്‌ പൊലീസിൽനിന്ന്‌ കേസ്‌ കൊല്ലം സിറ്റി ജില്ലാ ക്രൈംബ്രാഞ്ചിലെ ഡിസ്‌ട്രിക്ട്‌ മിസിങ്‌ പേഴ്‌സൺ ട്രാക്കിങ്‌ യൂണിറ്റിലെ പ്രത്യേക സംഘം ഏറ്റെടുത്തു.  തുടർന്നു നടത്തിയ അന്വേഷണത്തിൽ കൂനമ്പായിക്കുളം ക്ഷേത്രത്തിനു സമീപം ഇദ്ദേഹം  പൂക്കച്ചവടം നടത്തിവരുന്നതായി കണ്ടെത്തി.  
മണക്കാട്ടെ വീട്ടിൽനിന്ന്‌ ബുധനാഴ്‌ച പൊലീസ്‌ കണ്ടെത്തി മകനൊപ്പം  കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ കുടുംബത്തോടൊപ്പം പോകാൻ കോടതി അനുവദിച്ചു.
  ജില്ലാ ക്രൈംബ്രാഞ്ച്‌  അസിസ്റ്റന്റ്‌ കമീഷണർ ജി സർജുപ്രസാദിന്റെ  നേതൃത്വത്തിൽ എസ്‌ഐമാരായ  എൻ വിജയൻ, മോഹൻലാൽ, എഎസ്‌ഐമാരായ ജയപ്രദീപ്‌, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ്‌ സുദർശനബാബുവിനെ കണ്ടെത്തിയത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top