20 February Wednesday

ഇനിയെല്ലാം ഒന്നിൽ തുടങ്ങണം; ജീവിതം തിരിച്ചുപിടിക്കണം

എം അനിൽUpdated: Wednesday Aug 22, 2018

മൺറോതുരുത്ത് കിടപ്രം വടക്ക് അരുൺ നിവാസിൽ സേതുനാഥനും ഭാര്യ കൃഷ്ണകുമാരിയും വീട് ശുചീകരിക്കുന്നു

മൺറോതുരുത്ത്
ഇനിയെല്ലാം ഒന്നേന്ന് തുടങ്ങണം. എല്ലാം വെള്ളത്തിനടിയിലായി. സർക്കാരിന്റെ സഹായത്താൽ നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനാകും... മൺറോതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിലെ കിടപ്രം വടക്ക് വാടകവീട്ടിൽ കഴിയുന്ന അരുൺ നിവാസിൽ കൃഷ്ണകുമാരിയുടെ വാക്കുകളിൽ നിറയുന്നത് നാളത്തെ പ്രതീക്ഷ. വീടിന്റെ സമീപത്തെ തൂമ്പാലിൽ ദുരിതാശ്വാസ ക്യാമ്പിൽനിന്ന‌് ചൊവ്വാഴ്ച വീട്ടിൽ തിരിച്ചെത്തി ഭർത്താവ് സേതുനാഥനും മകൻ അഖിലിനും ഒപ്പം രാവിലെ മുതൽ വീട് ശുചീകരിക്കുന്ന തിരിക്കിലാണ് ഇവർ. അകവും പുറവും നിറയെ ചെളിക്കുണ്ടും വെള്ളക്കെട്ടും. ഉച്ചയായിട്ടും വീടിനകം പോലും വൃത്തിയാക്കി കഴിഞ്ഞിട്ടില്ല. മാലിന്യം നിറഞ്ഞ വെള്ളം കെട്ടിനിന്നതിന്റെ ദുർഗന്ധം ചുറ്റിനുമുണ്ട്. “സ്വാതന്ത്ര്യദിനത്തിൽ പകൽ ഒന്നരയോടെയാണ് ഒരിക്കലും മറക്കാനാകാത്ത ആ വെള്ളപ്പൊക്കം. ആഹാരം പാചകം ചെയ്തതേയുള്ളൂ. ഒന്നും കഴിക്കാൻ പറ്റിയില്ല,. അപ്പോഴേക്കും വെള്ളം ഇരച്ചുകയറുകയായിരുന്നു. കുട്ടികളുടെ സർട്ടിഫിക്കറ്റും ആധാറും ഉൾപ്പെടെ കൈയിൽകിട്ടിയതുംകൊണ്ട് വീടിന് പുറത്തേക്ക് ഓടി‐ കൃഷ്ണകുമാരി പറഞ്ഞു. വെള്ളമിറങ്ങി തുടങ്ങിയ വീടിനുള്ളിൽ മറ്റൊന്നും അവശേഷിക്കുന്നില്ല. ഒഴുകിക്കിടന്ന കുറെ പാത്രങ്ങൾ മാത്രമാണ് മിച്ചം. ഇവരുടെ നേരത്തെയുണ്ടായിരുന്ന വീട് സാമ്പത്തിക ബാധ്യതയിൽ വിറ്റു. ഇപ്പോൾ വാടകവീടും നാശത്തിന്റെ വക്കിലായി. സേതുനാഥ് കൂലിപ്പണിക്കും കൃഷ്ണകുമാരി തൊഴിലുറപ്പു ജോലിക്കും പോകുന്നു.  
കല്ലടയാറും അഷ്ടമുടിക്കായലും കൊരുട്ടുവാ കായലും സംഗമിക്കുന്ന പ്രദേശമാണിവിടം. കൂടാതെ നീണ്ടകര അഴിമുഖത്തുനിന്നുള്ള വേലിയേറ്റത്തിന്റെ തള്ളലും ഇവിടെ അനുഭവപ്പെടുന്നു. പ്രളയക്കെടുതിയുടെ ആഘാതമേറാൻ ഇതും കാരണമായി. ഒരു ദുരന്തഭൂമി പോലെയാണ് കിടപ്രം വടക്ക്. ഇവിടെയെത്തുന്ന ആരുടെയും കരളലിയിപ്പിക്കുന്ന കാഴ്ചയാണ് ചുറ്റും. ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞവരാണ് ഈ വാർഡിലെ മിക്ക കുടുംബങ്ങളും.  തൂമ്പാലിൽ, അരിനല്ലൂർ സെന്റ് ആന്റണീസ് സ്കൂൾ, കോതപുരം ഗവ. എൽപിഎസ് എന്നീ ക്യാമ്പുകളിൽ അവർ അഭയം പ്രാപിച്ചു. തൂമ്പാലിൽ ക്യാമ്പിൽ തന്നെ 116 കുടുംബങ്ങളുണ്ടായി. പഞ്ചായത്ത‌്അംഗം അജിതകുമാരി, ക്യാമ്പ് രക്ഷാധികാരി റിട്ട. അധ്യാപിക ഡി വിമല എന്നിവർ സജീവം. 157 പുരുഷന്മാരും 192 സ്ത്രീകളും 80 കുട്ടികളും ഉൾപ്പെടെ 492 പേർ ഈ ക്യാമ്പിൽ കഴിഞ്ഞു. ഇപ്പോഴും 27 കുടുംബം ക്യാമ്പിലുണ്ട്. വീട്ടിലേക്ക് മടങ്ങിയവരെല്ലാം ശുചീകരണത്തിലാണ്. താങ്ങും തണലുമായി സർക്കാർ സംവിധാനങ്ങളും ജനപ്രതിനിധികളും സന്നദ്ധ സംഘടനകളും ഇവർക്കൊപ്പമുണ്ട്. ഇതിന്റെ കരുത്തിൽ ജീവിതം തിരിച്ചുപിടിക്കാമെന്ന വിശ്വാസത്തിലാണ് എല്ലാ കുടുംബങ്ങളും. മണികണ്ഠവിലാസത്തിൽ രാജിയുടെ വീട് പ്രളയത്തിൽ തകർന്നു. ലക്ഷംവീട് കോളനിയിൽ ആറ്റുപുറത്ത് പ്രശാന്തന്റെ ജീവിതം ദുരിതപൂർണമാണ്. നേരത്തെ വേലിയേറ്റത്തിൽ വീടിന്റെ രണ്ടുമുറി തകർന്നിരുന്നു. അവശേഷിച്ച രണ്ടുമുറി ഇപ്പോൾ വെള്ളപ്പൊക്കത്തിലും മുങ്ങി. 
കിടപ്പിലായ അമ്മയും പഠിക്കുന്ന രണ്ടു മക്കളുമുണ്ട്. ഭാര്യ ഷീബയ‌്ക്ക് തൊഴിലുറപ്പു ജോലിക്കും പോകാനാകുന്നില്ല. വള്ളിവരമ്പേൽ പടിഞ്ഞാറ്റതിൽ തങ്കമ്മയും രോഗിയായ മകൻ നളിനനും ഷീറ്റുകൊണ്ട് മറച്ച വീട്ടിലെ സുജാതയും ഉൾപ്പെടെ നിരവധിപേർ വെള്ളം കയറിയ ദുരിത ജീവിതത്തിൽനിന്നു മോചിതരാകാൻ പാടുപെടുന്നവരാണ്. സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നാടിന്റെയാകെയും പിന്തുണയാണ് ഇവിടെ എല്ലാവരുടെയും നാളത്തെ ജീവിത പ്രതീക്ഷ.
 
പ്രധാന വാർത്തകൾ
 Top