24 August Saturday

മഴകുറഞ്ഞു, ഒരേ കടൽ...

സ്വന്തം ലേഖകന്‍Updated: Monday Jul 22, 2019

മഴയിൽ തകർന്ന കുരീപ്പുഴ മണലിൽ വടക്കതിൽ ഷാഹിദാബീവിയുടെ വീട‌് മേയർ വി രാജേന്ദ്രബാബു സന്ദർശിക്കുന്നു

 കൊല്ലം

മഴയുടെ തീവ്രത ജില്ലയിൽ കുറഞ്ഞെങ്കിലും കടൽ പ്രക്ഷുബ്ധം.ജലസ്രോതസ്സുകളിലേക്കുള്ള നീരൊഴുക്കും കൂടി.  ഞായറാഴ്ച രാത്രിയിൽ ചില പ്രദേശങ്ങളിൽ കനത്ത  മഴ ലഭിച്ചതൊഴിച്ചാൽ വലിയതോതിൽ മഴ പെയ്തില്ല. കനത്ത മഴയിൽ കൊല്ലത്ത് ഒരു വീടുകൂടി തകർന്നു. തീരദേശ റോഡുകളും തകർച്ചയിലാണ്. ആലപ്പാട്ടും കൊല്ലത്തും കടൽ പ്രക്ഷുബ്ധമാണ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന കർശന നിർദേശം തുടരുകയാണ്. 
മീൻപിടിക്കാൻ പോയി വള്ളം മറിഞ്ഞ‌ു കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.  തമിഴ്നാട് നീരോടി സ്വദേശി സഹായരാജുവിന്റെ മൃതദേഹമാണ് അഞ്ചുതെങ്ങ് തീരത്ത് കണ്ടത്. രാജു, ജോൺബോസ്കോ എന്നിവർക്കായുള്ള തെരച്ചിൽ തുടരുകയാണ‌്.  പ്രതികൂല കാലാവസ്ഥ തെരച്ചിലിനെ ബാധിക്കുന്നുണ്ടെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. തെരച്ചിലിനായി സർക്കാർ സംവിധാനങ്ങളെല്ലാം സജ്ജമാണ്. 
കുരീപ്പുഴ മണലിൽ വടക്കതിൽ ഷാഹിദാബീവിയുടെ വീട‌് ശനിയാഴ്ച രാത്രി മഴയിൽ ഭാഗികമായി തകർന്നു.  മേയർ വി രാജേന്ദ്രബാബു വീട് സന്ദർശിച്ചു. കഴിഞ്ഞദിവങ്ങളിൽ കൊല്ലം താലൂക്കിലെ മീനാട് വില്ലേജിൽ രണ്ടുവീടുകൾക്കു നാശം സംഭവിച്ചിരുന്നു. മറ്റ‌് താലൂക്കുകളിലെ നാശനഷ്ടം കണക്കാക്കിവരുന്നു. ആലപ്പാട് പഞ്ചായത്തിൽ പണ്ടാരത്തുരുത്ത് സ്കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് ശനിയാഴ്ച രാത്രി നിർത്തിയിരുന്നു. ആവശ്യമെങ്കിൽ വീണ്ടും തുറക്കുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. കൊല്ലത്ത് കാക്കത്തോപ്പ് റോഡ് അവശേഷിക്കുന്നത് നാമമാത്രമാണ്. ഇതുവഴിയുള്ള ഗതാഗതം അപകടം ക്ഷണിച്ചുവരുത്തുമെന്ന‌് അധികൃതർ മുന്നറിയിപ്പ് നൽകി.  ചെറിയഴീക്കൽ, പണ്ടാരത്തുരുത്ത് മേഖലകളിൽ മൂന്ന് കിലോമീറ്ററോളം ദൈർഘ്യത്തിൽ റോഡുകൾ തകർന്നു. അഴീക്കൽ– കരുനാഗപ്പള്ളി റോഡും വെള്ളംകയറി നാശത്തിലാണ്. 
തെന്മല ഡാമിലും ശാസ്താംകോട്ട തടാകത്തിലും വെള്ളത്തിന്റെ അളവ് വർധിച്ചിട്ടുണ്ട്. തെന്മല ഡാമിലെ ജലനിരപ്പ് 197.5 മീറ്റർ ക്യൂബ് ആണ്. കഴിഞ്ഞവർഷം ഈ സമയം 463.92 മീറ്റർ ക്യൂബ‌് വെള്ളമുണ്ടായിരുന്നു. 
ശുദ്ധജല വിതരണത്തിനു രണ്ടുമാസത്തേക്ക് മാത്രമാണ് ശാസ്താംകോട്ട തടാകത്തിൽ വെള്ളം അവശേഷിച്ചിരുന്നത്. ഈ ഗുരുതര പ്രതിസന്ധിക്ക് ഒരു പരിധിവരെ പരിഹാരമാണ് ഇപ്പോൾ ലഭിച്ച മഴ. കൃഷിയുടെ നഷ്‌ടം തിട്ടപ്പെടുത്തിവരികയാണ്‌.സിപ്പൽ കൃഷി ഓഫീസർ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top