18 August Sunday

മാപ്പ്‌ തരില്ല, കശുവണ്ടി മേഖല

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

 കൊല്ലം 

നരേന്ദ്രമോഡി പ്രധാനമന്ത്രിയായ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി കശുവണ്ടിവ്യവസായത്തിൽ തോട്ടണ്ടി ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയ എൻ കെ പ്രേമചന്ദ്രൻ എംപിയോട് കശുവണ്ടിത്തൊഴിലാളികൾക്കും ചെറുകിടവ്യവസായികൾക്കുമുള്ള  രോഷം അടങ്ങുന്നില്ല. 
   കശുവണ്ടി വ്യവസായം  പ്രതിസന്ധിയിലാകാൻ പ്രധാന കാരണമായത് ഇറക്കുമതിച്ചുങ്കമാണെന്ന സത്യം തിരിച്ചറിഞ്ഞവർ വോട്ടെടുപ്പിൽ കണക്കുതീർക്കാനുള്ള തയ്യാറെടുപ്പിലാണ്. കശുവണ്ടി വ്യവസായരംഗത്ത് ഇടനിലക്കാരെ ഒഴിവാക്കാൻ എന്ന വ്യാജേന എൻ കെ പ്രേമചന്ദ്രൻ വൻകിട വ്യവസായികൾക്കുവേണ്ടി കണ്ടെത്തിയ കുറുക്കുവഴിയാണ് തോട്ടണ്ടി ഇറക്കുമതിച്ചുങ്കം. പ്രേമചന്ദ്രൻ കേന്ദ്രസർക്കാരിൽ സമ്മർദം  ചെലുത്തിയതിനെ തുടർന്നാണ്  തോട്ടണ്ടിക്ക് ഇറക്കുമതിചചുങ്കം ഏർപ്പെടുത്തിയത്. 2016 മാർച്ച് മൂന്നിന്   ലോക്‌സഭയിൽ നടന്ന ചർച്ച ഇതിനു തെളിവാണ്. 
   ആഭ്യന്തര ഉൽപ്പാദനം കുറവായതിനെ തുടർന്ന് വർഷങ്ങളായി തോട്ടണ്ടി ഇറക്കുമതി ചെയ്ത് അതിൽനിന്ന‌് കശുവണ്ടി ഉൽപ്പാദിപ്പിക്കുക എന്ന രീതിയാണ് കൊല്ലത്തെ കശുവണ്ടി ഫാക്ടറികൾ തുടർന്നു വരുന്നത്.  ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നാണ് തോട്ടണ്ടി കൂടുതൽ  ഇറക്കുമതി ചെയ്തിരുന്നത്. നേരത്തെ തോട്ടണ്ടിക്ക് ഇറക്കുമതിച്ചുങ്കം  ചുമത്തിയിരുന്നില്ല. എന്നാൽ, 2016 –- 17 ബജറ്റിൽ തോട്ടണ്ടിക്ക് അഞ്ചു ശതമാനം ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.
തോട്ടണ്ടിയുടെ ഉയർന്ന വിലയെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന കശുവണ്ടി മേഖലയ്ക്ക് കനത്ത ആഘാതമായിരുന്നു ഈ തീരുമാനം. ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തുന്നതോടെ  തോട്ടണ്ടി വില വർധിക്കുമെന്നും കശുവണ്ടി മേഖല കൂടുതൽ പ്രതിസന്ധിയിലാകുമെന്നും അതിനാൽ  തീരുമാനം പിൻവലിക്കണമെന്നും ആവശ്യമുയർന്നു. 
 എന്നാൽ, ഈ ആവശ്യത്തിനു  വിപരീതമാണ്  കൊല്ലം എംപി  പ്രേമചന്ദ്രൻ ലോക്‌സഭയിൽ സ്വീകരിച്ചത്. 2016 മാർച്ച‌് മൂന്നിന‌് ലോക്‌സഭയിൽ നടന്ന ചർച്ചയിൽ തോട്ടണ്ടിയുടെ ഉയർന്ന ഇറക്കുമതി വിലയ്ക്ക് കാരണം ഹവാല ഇടപാടുകളാണെന്നും ഇറക്കുമതിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും കൊല്ലം എംപി  ആവശ്യപ്പെട്ടു. ഇതിന്റെ ചുവടു പിടിച്ച് അഡീഷണൽ ഡ്യൂട്ടി ഉൾപ്പെടെ 9.36 ശതമാനം ഇറക്കുമതിച്ചുങ്കം തോട്ടണ്ടിക്ക് മേൽ ചുമത്തി. സ്വാഭാവികമായും കശുവണ്ടി ഉൽപ്പാദന വില ഉയരുകയും വലിയ തകർച്ചയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. സംസ്ഥാന സർക്കാരിന്റെ നിരന്തര ആവശ്യത്തെ തുടർന്ന് പിന്നീട് അഞ്ചു ശതമാനം ആയി ഇറക്കുമതിച്ചുങ്കം കുറച്ചുവെങ്കിലും ആ തകർച്ചയിൽനിന്ന‌് പൂർണമായി കര കയറുവാൻ കശുവണ്ടി മേഖലയ്ക്കായിട്ടില്ല.
വലിയ തോതിൽ തോട്ടണ്ടി ഇറക്കുമതി ചെയ്ത് സംഭരിച്ചു വച്ചിരുന്ന വൻകിട കമ്പനികൾക്കു വേണ്ടിയാണ് പ്രേമചന്ദ്രൻ വ്യാജ ഹവാല ആരോപണം ഉന്നയിച്ചതെന്ന് ചെറുകിട കച്ചവടക്കാർ ആരോപിക്കുന്നു. ഇറക്കുമതിച്ചുങ്കം ഒഴിവാക്കണമെന്ന ആവശ്യത്തിനു പകരം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന പ്രേമചന്ദ്രന്റെ ആവശ്യം ഈ  ആരോപണത്തിനു ബലം പകർന്നു. 
 ചങ്ങാതിമാരായ ഏതാനും വൻകിട മുതലാളിമാർക്കു വേണ്ടി കൊല്ലത്തെ പതിനായിരക്കണക്കിന് കശുവണ്ടിത്തൊഴിലാളികളെയും നൂറുകണക്കിന് ചെറുകിട ഇടത്തരം വ്യവസായികളെയും വഞ്ചിച്ചതിന്റെ തെളിവുകൾ പുറത്തുവന്നശേഷം  പ്രേമചന്ദ്രൻ പരസ്യമായി മാപ്പ് പറയണമെന്ന് -കശുവണ്ടി വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ആവശ്യപ്പെട്ടിരുന്നു. ചെറുകിട -ഇടത്തരം കശുവണ്ടി വ്യവസായികളുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ടതും  ഫാക്ടറികൾ തുറക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായതും  തൊഴിലാളികൾ പട്ടിണിയിലായതും ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയതോടെയാണ്.
പ്രധാന വാർത്തകൾ
 Top