02 December Wednesday

മനസ്സില്‍ അള്‍ത്താര, ടിവി വഴി കുര്‍ബാന

സി എ പ്രേമചന്ദ്രൻUpdated: Sunday Mar 22, 2020
തൃശൂർ
മനസ്സിൽ അൾത്താര ഒരുക്കി തിരുസ്വരൂപം മനസ്സിൽ കണ്ട്  അവർ വീട്ടിലിരുന്ന് വിശുദ്ധകുർബാനയിൽ പങ്കാളിയായി. ചാനലിൽ  സംപ്രേഷണം ചെയ്‌ത കുർബാന കണ്ട് യേശുവചനങ്ങൾ അവർ മനസ്സിൽ ഏറ്റുചൊല്ലി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പള്ളികളിൽ കുർബാന ഒഴിവാക്കിയപ്പോൾ  അരണാട്ടുകര ചിറമൽ വീട്ടിൽ ജോസും കുടുംബവുമാണ് ചാനലിൽ  പ്രക്ഷേപണംചെയ്യുന്ന കുർബാനയിൽ പങ്കാളിയായത്‌. 
 സാധാരണ ഞായറാഴ്ച ഇവർ കുടുംബസമ്മേതം അരണാട്ടുകര സെന്റ്തോമസ് പള്ളിയിൽ പോവാറുണ്ട്‌.  വെള്ളിയാഴ്‌ച മുതൽ പള്ളികളിലെ കുർബാനകളിൽ വിശ്വാസികൾ പങ്കെടുക്കേണ്ടതില്ലെന്ന് തൃശൂർ അതിരൂപത അറിയിച്ചിരുന്നു.  ശനിയാഴ്ച പൊതു അവധിയും പ്രഖ്യാപിച്ചതോടെ എല്ലാവരും വീട്ടിലുണ്ട്. ഇതോടെ ടിവിയിൽ കുർബാനകണ്ട് വചനങ്ങൾ ഏറ്റുചൊല്ലുകയായിരുന്നു. ജോസ് (92) പ്രായാധിക്യത്താൽ വീട്ടിലിരിപ്പാണ്.  മകൻ ജോർജും ഭാര്യ  ജോബിയും അധ്യാപകരാണ്. വെള്ളിയാഴ്ചവരെ മകൾ നേഹയ്‌ക്ക്‌  പത്താം ക്ലാസ് പരീക്ഷയുണ്ടായിരുന്നു. മകൾ പാംസി ബിരുദ വിദ്യാർഥിയാണ്. എല്ലാവരും ഒന്നിച്ച് കുർബാന കണ്ടു.  വീട്ടിൽ എത്തിയ ജോർജിന്റെ സുഹൃത്ത് ബാബു ജേക്കബും  പങ്കാളിയായി. ഗോഡ്‌നസ് ചാനലിൽ രാവിലെ 9.30 മുതൽ 10.30 വരെയായിരുന്നു കുർബാന സംപ്രേഷണം.  വൻദുരന്തം ഒഴിവാക്കാൻ സർക്കാരിനും ആരോഗ്യവകുപ്പിനുമൊപ്പം കണ്ണിചേരുന്നതിന്റെ ഭാഗമായാണ് പള്ളിയിൽ പോവാതെ ടിവിയിൽ കുർബാനയ്‌ക്കൊപ്പം വചനങ്ങൾ ചൊല്ലുന്നതെന്ന്   ജോർജ്ചിറമൽ പറഞ്ഞു.  കോവിഡ് പ്രതിരോധത്തിൽ കേരളം ലോകത്തിന് വഴികാട്ടിയാണ്‌.  കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി കുർബാനയിൽ  പങ്കെടുക്കുന്നത് ഒഴിവാക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. മാധ്യമങ്ങളിൽ  പ്രക്ഷേപണംചെയ്യുന്ന വിശുദ്ധബലികളിൽ പങ്കെടുക്കാവുന്നതാണെന്ന് സഭാനേതൃത്വവും അറിയിച്ചിരുന്നു. ഇതോടെ വിശ്വാസികൾ ബദൽമാർഗങ്ങൾ തേടുകയാണ്. ഗുഡ്നസ്, ശാലോം തുടങ്ങിയ  ചാനലുകളിൽ കുർബാന സംപ്രേഷണമുണ്ട്. കത്തോലിക്ക മീഡിയയിലും കുർബാന സംപ്രേഷണം ചെയ്യും. മൊബൈൽ ഫോൺ വഴിയുള്ള സംപ്രേഷണം ടിവിയുമായി ബന്ധിപ്പിച്ച് കാണുന്നവരുണ്ട്.  മലബാർ, ലാറ്റിൻ, മലങ്കര സഭകളുടെ കുർബാന സംപ്രേഷണമുണ്ട്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top