25 May Monday
ലേലത്തിൽ തിരക്ക്‌ കുറയ്‌ക്കാൻ

മീനിന്‌ അടിസ്ഥാനവില നി‌‌ശ്‌ചയിക്കും: മന്ത്രി

സ്വന്തം ലേഖകന്‍Updated: Sunday Mar 22, 2020
കൊല്ലം
കോവിഡ്‌–-19 പ്രതിരോധത്തിന്റെ ഭാഗമായി തുറമുഖങ്ങളിലെ മത്സ്യലേലത്തില്‍ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാന്‍ മീനിന് അടിസ്ഥാന വില നിശ്ചയിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ. 
ലേലത്തിന്റെ മത്സരസ്വഭാവം ഇതോടെ ഒഴിവാക്കാനാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മത്സ്യത്തൊഴിലാളി നേതാക്കള്‍, ബോട്ട് ഉടമകള്‍, ഫിഷറീസ് അധികൃതര്‍ എന്നിവരുമായി ശനിയാഴ്‌ച കലക്ടറേറ്റില്‍ നടത്തിയ ചർച്ചയ്‌ക്കു ശേഷമാണ്‌ മന്ത്രി തീരുമാനം വിശദീകരിച്ചത്‌. 
ഹാര്‍ബറുമായി നേരിട്ട് ബന്ധപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍, ലേലക്കാര്‍, കച്ചവടക്കാര്‍ എന്നിവര്‍ അല്ലാത്തവരെ ഹാര്‍ബറില്‍ പ്രവേശിപ്പിക്കില്ല. ഹാര്‍ബറില്‍ പ്രവേശിക്കുന്നവര്‍ മാസ്‌ക് ധരിച്ച്‌ കൈ  കഴുകണം.
ഹാർബറിനുള്ളിലും പരിസരത്തും വാഹനങ്ങളിലുള്ള മീൻകച്ചവടം നിരോധിച്ചു. ഹാര്‍ബറുകളില്‍ മീൻ വാങ്ങാനെത്തുന്നവര്‍ക്ക് 31 വരെ നിയന്ത്രണം തുടരും. 
കൂടുതല്‍ ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ ചൊവ്വാഴ്ച മുതല്‍ ലേലം വിവിധ കേന്ദ്രങ്ങളിലായി നടത്തും. വാടി, മൂതാക്കര, തങ്കശേരി, ജോനകപ്പുറം, പോര്‍ട്ട് കൊല്ലം എന്നിവിടങ്ങളിലാണ്‌ ലേലം. ഒഴിഞ്ഞുകിടക്കുന്ന ഹാളുകള്‍ ലേലത്തിനായി ഉപയോഗിക്കും. 
യോഗത്തില്‍  കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, സിറ്റി പൊലീസ് കമീഷണര്‍ ടി നാരായണന്‍, എഡിഎം പി ആര്‍ ഗോപാലകൃഷ്ണന്‍, മത്സ്യഫെഡ് എംഡി ലോറന്‍സ് ഹറോള്‍ഡ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗീതാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top