29 May Friday

മണ്ണെടുപ്പുകാർ തമ്മിൽ സംഘർഷം: 4 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020
എഴുകോൺ
പുത്തൂർ തേവലപ്പുറം പൈപ്പിൻകരയിൽ മണ്ണെടുപ്പുകാർ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. പ്രദേശവാസികൾ ഉൾപ്പെടെ നാലുപേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. പൈപ്പിൻകര ഗോകുൽ ഭവനിൽ ചന്ദ്രബാബു (50), ഹരിദാസ് ഭവനിൽ ഹരിദാസ് (61), പാരിപ്പള്ളി സ്വദേശി ശ്രീക്കുട്ടൻ, ജെസിബി ഓപ്പറേറ്റർ കണ്ണനല്ലൂർ മുട്ടയ്ക്കാവ് സ്വദേശി അമീർ എന്നിവർക്കാണ് പരിക്കേറ്റത്. 
വെള്ളിയാഴ്ച വൈകിട്ട് 5.30നാണ് സംഭവം. അഞ്ചു ദിവസമായി പ്രദേശത്ത് വൻതോതിൽ മണ്ണ് ഖനനം നടക്കുന്നുണ്ട്‌. പാസിനെ ചൊല്ലി മറ്റു മണ്ണെടുപ്പുകാരുമായി തർക്കവുമുണ്ടായിരുന്നു. ഒരു പാസ് ഉപയോഗിച്ച് ഒന്നിൽക്കൂടുതൽ ലോഡ് മണ്ണ് കടത്താൻ അനുവദിക്കാത്തതാണ് സംഘർഷത്തിനിടയാക്കിയത്.  വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷവും ശ്രീക്കുട്ടനും അമീറുമായി തർക്കമുണ്ടായി. തർക്കം അടിപിടിയായതോടെ ശ്രീക്കുട്ടനും അമീറും ഓടി സമീപമുള്ള ചന്ദ്രബാബുവിന്റെ വീട്ടിലേക്കു കയറി. 
തുടർന്ന് ഇരുമ്പു പൈപ്പുകളുമായി എത്തിയ ആക്രമിസംഘം ചന്ദ്രബാബുവിന്റെ  വീട്ടുമുറ്റത്തുണ്ടായിരുന്ന ചെടിച്ചട്ടികളും മറ്റും അടിച്ചു തകർത്തു. തടയാനെത്തിയ ചന്ദ്രബാബുവിനും അയൽവാസി ഹരിദാസിനും അടിയേറ്റു. ദീർഘനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആക്രമിസംഘം മടങ്ങിയത്. കർഷകസംഘം തേവലപ്പുറം വില്ലേജ് ട്രഷററാണ് ചന്ദ്രബാബു. അക്രമികൾക്കെതിരെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ റൂറൽ എസ്‌പിക്ക്‌ പരാതി നൽകി. മണ്ണെടുപ്പ്‌ നിർത്തിവയ്ക്കാൻ എസ്‌‌പി നിർദേശം നൽകി. 
പുത്തൂർ പൊലീസ് കേസെടുത്തു.  സംഘർഷത്തെ തുടർന്ന്  സിപിഐ എം പ്രവർത്തകർ ഖനന പ്രദേശത്ത് കൊടിനാട്ടി. ജില്ലാ പഞ്ചായത്ത്‌അംഗം എസ് പുഷ്പാനന്ദൻ, ബി എസ് ഗോപകുമാർ, എൻ രാമചന്ദ്രൻ, രാജേന്ദ്രൻ, സതീഷ്, ആർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ്‌  കൊടിനാട്ടിയത്‌.
പ്രധാന വാർത്തകൾ
 Top