30 November Monday

മാളിയേക്കൽ റെയിൽവേ മേൽപ്പാലം; കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി

സ്വന്തം ലേഖകന്‍Updated: Wednesday Oct 21, 2020
കരുനാഗപ്പള്ളി 
മാളിയേക്കൽ റെയിൽവേ ലെവൽ ക്രോസിൽ മേൽപ്പാലം നിർമിക്കുന്നതിനുള്ള ടെൻഡർ പൂർത്തിയായതോടെ ഇവിടെയുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി. റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷനാണ് കെട്ടിടങ്ങൾ പൊളിച്ചുനീക്കാനുള്ള ചുമതല. പാലത്തിനുള്ള സ്ഥലംവിട്ടു നൽകിയവർക്ക് നേരത്തേ തുക കൈമാറിയിരുന്നു. ഉടമകൾക്ക് സ്വന്തംനിലയിൽ കെട്ടിടം പൊളിച്ചുമാറ്റാം. ഇതിനു‌ കെആർബിസി നിശ്ചയിക്കുന്ന ഫീസ് അടച്ചാൽ മതിയാകും. ഭൂരിപക്ഷം കെട്ടിട ഉടമകളും സ്വന്തം നിലയിലാണ് പൊളിച്ചുനീക്കുന്നത്. ബാക്കിയുള്ളവ കെആർബിസി തന്നെ പൊളിച്ചുനീക്കും. വേഗത്തിൽ പൂർത്തീകരിക്കാനുള്ള സാങ്കേതിക മാർഗത്തിലൂടെ ഉരുക്ക് പാലമാണ് നിർമിക്കുന്നത്.  
ചെന്നൈ ആസ്ഥാനമായിട്ടുള്ള എസ്‌പിഎൽ കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്. ജർമൻ സാങ്കേതിക വിദ്യകളുള്ള ഇന്ത്യയിലെ മികച്ച കമ്പനികളിൽ ഒന്നാണ് എസ്‌പിഎൽ. കരുനാഗപ്പള്ളി –-ശാസ്താംകോട്ട റോഡിലുള്ള മാളിയേക്കൽ ലെവൽക്രോസിൽ മേൽപ്പാലം നിർമിക്കാൻ 35 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന്‌ അനുവദിച്ചത്. ദൈനംദിനം നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കരുനാഗപ്പള്ളിയിൽ നിന്ന് ജില്ലയുടെ കിഴക്കൻ മേഖലകളിലേക്കുള്ള പ്രധാന പാതയാണിത്.
മണിക്കൂറുകള്‍ യാത്രക്കാർ കാത്തുകിടക്കേണ്ട സ്ഥിതിയും നിരവധി ജീവൻ പൊലിയുന്ന സംഭവവും ലെവൽക്രോസിൽ ഉണ്ടായിട്ടുണ്ട്. മേൽപ്പാലം നിർമാണം  ഉടൻ ആരംഭിക്കാനാകുമെന്ന് ആർ രാമചന്ദ്രൻ എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top