02 June Tuesday

അങ്ങനെ ഞാൻ ഗസലിനെ സ്‌നേഹിച്ചു

അക്ഷിതരാജ്‌Updated: Monday Oct 21, 2019
പാലക്കാട്ടെ ദേവപ്രസാദം വീട്ടിലിരുന്ന്‌ ആ ചുരുളൻമുടിക്കാരി സുന്ദരി കൈകളിൽ താളം പിടിച്ച്‌ വീണ്ടും പാടാൻ തുടങ്ങി.
‘രാത്‌ ബി നീന്ത്‌ ബി കഹാനി ബി
ഹയേ ക്യാ ചിസ്‌ ഹേ ജവാനി ബി
രാത്‌ ബി നീന്ത്‌ ബി കഹാനി ബി...'
നിറപുഞ്ചിരി മാത്രം നൽകുന്ന ഗസലിനെ നെഞ്ചോട്‌ ചേർത്ത്‌ സ്‌നേഹിക്കുന്ന പാലക്കാട്‌ കൊപ്പം സ്വദേശി സുനിത നെടുങ്ങാടി.  ബാലസാഹിത്യകാരൻ പി നരേന്ദ്രനാഥിന്റെ മകൾ. അച്ഛന്റെ കഥകൾ വായിച്ച്‌ ഒപ്പം സംഗീതത്തെയും സ്‌നേഹിച്ച്‌ വളർന്ന  പെൺകുട്ടി  പിന്നീട്‌ ഗസലിൽ വിസ്‌മയം തീർത്തു.  കലാസാഹിത്യ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് നൽകുന്ന ഗ്ലോബൽ ഹ്യൂമൻപീസ്‌ യൂണിവേഴ്‌സിറ്റിയുടെ  പുരസ്‌കാരത്തിന്‌ അർഹയായിരിക്കുകയാണിപ്പോൾ സുനിത നെടുങ്ങാടി.  ശബ്‌ദത്തിൽ ഇന്നും നിറയൗവനമുള്ള ഗസൽഗായിക സുനിത നെടുങ്ങാടിയുടെ വിശേഷങ്ങളിലേക്ക്‌.
 
അച്ഛന്റെ പാട്ടുകാരി
അച്ഛന്റെ കഥകൾ  പ്രസിദ്ധീകരിക്കാൻ കൊടുക്കും മുൻപ് എന്നെയും ചേച്ചിയെയും കൊണ്ട് വായിപ്പിക്കും. അങ്ങനെ വായന ഹരമാണ് എന്നൊഴിച്ചാൽ സാഹിത്യവുമായി  ഒരു ബന്ധവുമില്ല. അച്ഛൻ ആണ് എന്നെ പാട്ട് പഠിപ്പിക്കാൻ താല്പര്യം കാണിച്ചത്. പത്തുവയസിൽ തുടങ്ങി അങ്ങനെ സംഗീതത്തോടുള്ള ഇഷ്ടം. തുടക്കത്തിൽ ക്ലാസിക്കൽ ആണ് പഠിച്ചത്. വിവാഹ ശേഷമാണ് ഗസലിലേക്ക് തിരിഞ്ഞത്. സത്യത്തിൽ ക്ലാസിക്കൽ എനിക്ക് വഴങ്ങില്ല  ഗസൽ ആണ് എന്റെ വഴി എന്ന തിരിച്ചറിവിലാണ്‌ ഇതിലേക്ക്‌ തിരിഞ്ഞത്‌. ക്ലാസിക്കൽ പാടാൻ കുറച്ചൂടെ ഗാഭീര്യം ഉള്ള ശബ്ദം വേണം. എനിക്കതില്ല.  ഭർത്താവ് സുനിലിന്റെ പ്രോത്സാഹനം കൂടെ ആയപ്പോൾ കുറച്ചുകൂടെ സംഗീതത്തെ ഗൗരവത്തിൽ കാണാൻ തുടങ്ങി. 
 
പാലക്കാടൻ ഗസൽ ഗായിക 
പാലക്കാടിനെ സംബന്ധിച്ച് ഇവിടുള്ളവർക്ക് ഗസൽ അത്രക്ക് സുപരിചിതമല്ല. കേരളത്തിലെ സാംസ്കാരിക കലാരൂപങ്ങൾ അഭ്യസിക്കുന്നവരാണ് കൂടുതലും. ഗസൽ വടക്കേ ഇന്ത്യയിൽ പ്രചാരമുള്ള ഒരു സംഗീത ശാഖയാണ്. വിവാഹശേഷം മുംബൈയിലാണ്‌ ആണ് കുറെക്കാലം ജീവിച്ചത്. ഒരു തനി പാലക്കാടുകാരിക്ക്  ഗസലിനോടും ഹിന്ദുസ്ഥാനി സംഗീതത്തോടും താൽപര്യം തോന്നാൻ മുംബൈ ഒരുപാട് സ്വധീനിച്ചിട്ടുണ്ട്. ഗുരുക്കന്മാരും അവിടുള്ളവരാണ്.  
 
 
മലയാളം ഗസലും വേണം
ആദ്യമൊക്ക ഗസൽ വേദികളിൽ ആൾക്കാരുടെ എണ്ണം കുറവായുരുന്നു. പ്രത്യേകിച്ചും യുവാക്കളുടെ. കേരളത്തിൽ ആണെങ്കിൽ ഗസൽ അവതരിപ്പിക്കുന്ന രീതി വ്യത്യസ്തമാണ്. നമുക്ക് തന്നെ  ഗസലിഷ്‌ മലയാളം പാട്ടുകൾ ഉണ്ട്. ബാബുക്കയുടെ പാട്ടുകൾ എല്ലാം ഹിന്ദുസ്ഥാനി രാഗത്തിലും താളത്തിലും ചിട്ടപ്പെടുത്തി വച്ചിട്ടുണ്ട് അന്നത്തെ സംവിധായകർ.  പൊതുവെ മലയാളികൾക്ക്‌ കുറച്ച് ഹിന്ദി കേട്ടു കഴിഞ്ഞാൽ പിന്നെ അത് കേൾക്കണം. എന്നും ഹിന്ദിയിൽ തുടങ്ങി മലയാളത്തിൽ അവസാനിപ്പിക്കേണ്ടി വരുന്ന രീതിയാണ് ഇവിടുള്ള വേദികളിൽ. പക്ഷെ വടക്കേ ഇന്ത്യയിൽ പക്കാ ഗസൽ ആണ്. അവയിൽ ഹിന്ദി സിനിമ പാട്ടുകൾ പോലും കയറി വരാറില്ല. വിദേശരാജ്യങ്ങളിലും വടക്കേ ഇന്ത്യയിലുമാണ് ഏറ്റവും കൂടുതൽ വേദികളിൽ ചെയ്തിട്ടുള്ളത്. പണ്ടത്തെ അപേക്ഷിച്ച് ആസ്വാദകരുടെ എണ്ണം വളരെ കൂടുതൽ ആണ്. പഴയ പാട്ടിന് മരണം ഇല്ലാത്തതുകൊണ്ട്‌ ഇന്നും ആളുകൾ ആവശ്യപ്പെടുന്നത്‌ പഴയ പാട്ടുകൾ ആണ്.
 
 
ഗസലിലെ പരീക്ഷണങ്ങൾ
സുഗതകുമാരിയുടെ 'നന്ദി', വയലാറിന്റെ 'രാജഹംസം', പി കുഞ്ഞിരാമൻ നായരുടെ ‘വിത്തും കൈക്കോട്ടും' എന്നീ കവിതകൾ ഗസൽ രൂപത്തിൽ ചിട്ടപ്പെടുത്തി വേദികളിൽ അവതരിപ്പിക്കാറുണ്ട്. സംഗീത സംവിധായകൻ പ്രണവം മധു ആണ് ഇവ മൂന്നും ചിട്ടപ്പെടുത്തിയത്. ഓർക്കസ്ട്ര ഉപയോഗിച്ച്  ക്ലാസിക്കൽ സംഗീതവും പരീക്ഷിച്ചിട്ടുണ്ട്. ഗസലിൽ ആൽബം ആണ് പണ്ട് മുതൽ ചെയ്യുന്നത്. ഇനി മുംബൈ കേന്ദ്രികരിച്ചുള്ള ഒരു ആൽബമാണ് വരാനിരിക്കുന്നത്. കൂടാതെ വിനോദ് മങ്കരയുടെ നിത്യസുമംഗലി എന്ന സിനിമയിലും പാടുന്നുണ്ട്. ദേവദാസിയുടെ കഥ പറയുന്ന സിനിമയാണ് അത്. എനിക്ക് എന്നും വിഷമം തോന്നുന്നത് ഇന്ന് പുതിയ കുട്ടികൾ പലരും ഗസൽ പാടുമ്പോൾ കൃത്യമായി ഉച്ചാരണം ശ്രദ്ധിക്കാറില്ല. മലയാളം പാടുന്നത് പോലെ ഒരിക്കലും ഗസൽ പാടരുത്. മറ്റെന്തിനെയും പോലെ പാട്ടിനോടും നീതി പുലർത്തണം. വാക്കുകൾക്ക്‌ കൃത്യമായ ഉച്ചാരണം വേണം. ഇത്രയും സങ്കീർണമായ ഭാഷയായ മലയാളം എത്ര മനോഹരമായി ഉച്ചരിച്ചാണ്‌ മലയാളികൾ അല്ലാത്ത ഗായകർ പാടുന്നത്. പാട്ടിനെയും ഭാഷയെയും സ്നേഹിക്കണം. 
 
സൂഫി പറഞ്ഞ ആയിഷ
പാട്ടുകാരി സുനിത നെടുങ്ങാടിയായി അറിയാൻ ആണ് താല്പര്യം. ഇതിനിടയിൽ 12 സിനിമകളിൽ അഭിനയിച്ചു. പ്രിയനന്ദനന്റെ സൂഫി പറഞ്ഞ കഥയിൽ ആയിഷയായി വേഷമിട്ടത് പോലും പാടാനായി വിളിച്ചപ്പോഴാണ്‌. 10 പാട്ട് പാടുന്നതിനെക്കാൾ പ്രശസ്തി ഒരു സിനിമയിൽ അഭിനയിച്ചാൽ കിട്ടിയേക്കും. പക്ഷെ പാടുന്നത് രണ്ടുവരിയാ ണെങ്കിൽ പോലും അത്രത്തോളം ആത്മസംതൃപ്തി അഭിനയിക്കുമ്പോൾ കിട്ടാറില്ല. പി കുഞ്ഞിരാമൻ നായരുടെ ജീവിതകഥ പറഞ്ഞ 'ഇവൻ മേഘരൂപ’നിൽ ഞാൻ പാടി അഭിനയിക്കുകയാണ്‌ ചെയ്തത്. അവാർഡുകൾ മിക്കതും കിട്ടിയതും ആ പാട്ടിനാണ്. അഭിനയത്തോട് ഇഷ്ടമുണ്ട്. എന്നാൽ അഭിനേത്രി പാട്ടുകാരിയായി എന്ന്‌ കേൾക്കാൻ ആഗ്രഹിക്കുന്നില്ല. 
 
പ്രധാന വാർത്തകൾ
 Top