20 November Wednesday

വീട്ടിൽ വൈൻ നിർമാണം; ദമ്പതികൾക്കെതിരെ കേസ്‌

സ്വന്തം ലേഖകന്‍Updated: Monday Oct 21, 2019
 
കൊല്ലം
ക്രിസ്‌മസ്‌ വിപണി ലക്ഷ്യമാക്കി വ്യാജ വൈൻ നിർമിച്ച്‌ സൂക്ഷിച്ച ദമ്പതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം കേസ്‌. 10 ലക്ഷം രൂപ  വരുന്ന 2,200 ലിറ്റര്‍ വൈൻ ഇവരുടെ വീട്ടിൽനിന്ന്‌ കണ്ടെത്തി. 
തൃക്കടവൂർ മതിലിൽ ടോണി വില്ലയിൽ ക്രിസ്‌പിൻ സക്കറിയ (73), ഭാര്യ ഗ്രേസ് (65) എന്നിവരെയാണ്‌ കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ നൗഷാദും സംഘവും പിടികൂടിയത്‌.  2,000 കുപ്പികളിലും 275 ലിറ്ററിന്റെ ആറു പ്ലാസ്റ്റിക്‌ ബാരലിലുമാണ്‌ വൈൻ സൂക്ഷിച്ചിരുന്നത്‌. 
ക്രിസ്‌പിൻ സക്കറിയ സമാനമായ മറ്റൊരു കേസിലും പ്രതിയാണ്‌. കുറഞ്ഞ വിലയ്ക്ക് മുന്തിരിവാങ്ങി തിളപ്പിച്ച്‌ എസൻസും രാസപദാർഥങ്ങളും ചേർത്ത് വൈനിന്റെ രുചിയും മണവും വരുത്തി കുപ്പികളിൽ നിറച്ചാണ്‌ വിൽപ്പന. മുന്തിരി ജ്യൂസ് എന്ന് ലേബൽ പതിച്ച 650 ഗ്രാമിന്റെ ഒരുകുപ്പി വൈനിന്‌ 250 രൂപയാണ്‌.  മൂന്നു നിലകളുള്ള വീടിന്റെ രണ്ടാംനിലയിലാണ് വൈൻ സൂക്ഷിച്ചിരുന്നത്.   
 അഞ്ചു ശതമാനത്തിൽ കൂടുതൽ ആല്‍ക്കഹോളിന്റെ സാന്നിധ്യമുള്ള വൈൻ വിൽപ്പന നടത്തുന്ന കടകൾക്കും വൃക്തികൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കും.
 കൊല്ലം താലൂക്കിൽ വൈൻ ഉല്‍പ്പാദിപ്പിക്കാൻ ഒരു ക്രിസ്ത്യൻ പള്ളിക്കു മാത്രമാണ് എക്സൈസ് ലൈസൻസ് നൽകിയിട്ടുള്ളത്. 
പ്രധാന വാർത്തകൾ
 Top