28 October Thursday
ഇലക്‌ട്രിക്‌ വാഹനങ്ങൾക്ക്‌

എനർജി നൽകാൻ അനർട്ടും

സ്വന്തം ലേഖികUpdated: Tuesday Sep 21, 2021
കൊല്ലം
ഇലക്ട്രിക്‌ വാഹനങ്ങൾ ചാർജ്‌ ചെയ്യാൻ കെഎസ്‌ഇബിക്ക്‌ പിന്നാലെ ജില്ലയിൽ അനർട്ടിന്റെ അതിവേഗ ചാർജിങ്‌ സ്റ്റേഷനുകളും വരുന്നു. ചവറ പന്മന ഡിടിപിസിയുടെ ‘ടേക്ക്‌ എ ബ്രേക്കി’ൽ തുടങ്ങിയ ചാർജിങ്‌ സ്റ്റേഷന്റെ കമീഷൻ ഉടൻ നടക്കും. പാരിപ്പള്ളി, പുനലൂർ ഉൾപ്പെടെ അഞ്ചു സ്റ്റേഷൻ കൂടി ആരംഭിക്കാനുള്ള സൈറ്റ്‌ സർവേയും തുടങ്ങി.  
142 കിലോവാട്ട്‌ ശേഷിയുള്ള അനർട്ടിന്റെ ചാർജിങ് കേന്ദ്രത്തിൽ ഒരേസമയം മൂന്നു വാഹനം ചാർജ്‌ ചെയ്യാം. ഒരു വാഹനം പൂർണമായി ചാർജ്‌ ചെയ്യാൻ ഒരുമണിക്കൂർ വേണം. ഇതിന്‌ 30 മുതൽ 40 യൂണിറ്റ്‌ വൈദ്യുതി മതി. 200 മുതൽ 400 കിലോമീറ്റർ വരെ യാത്രചെയ്യാം. ഒരു യൂണിറ്റ്‌ വൈദ്യുതിക്ക്‌ ജിഎസ്‌ടിയടക്കം 15 രൂപയാണ്‌ ഈടാക്കുക.  ഭാവിയിൽ ഇറങ്ങുന്ന വാഹന മോഡലുകൾക്കും പ്രയോജനപ്പെടും വിധമാണ്‌ ചാർജിങ് കേന്ദ്രം സജ്ജമാക്കിയത്‌. വീടുകളിലെ പ്ലഗ്‌ പോയിന്റിൽ വാഹനം പൂർണമായി ചാർജ്‌ ചെയ്യാൻ കുറഞ്ഞത്‌ എട്ടു മണിക്കൂർ വേണം.   ഇന്ധനവില കുതിക്കുന്ന സാഹചര്യത്തിൽ കൂടുതൽപേർ ഇലക്‌ട്രിക്‌ വാഹനത്തിലേക്ക്‌ മാറിയതോടെയാണ്‌ ചാർജിങ്ങിന്‌ കൂടുതൽ സൗകര്യമൊരുക്കാൻ എൽഡിഎഫ്‌ സർക്കാർ തീരുമാനിച്ചത്‌.   
മാളുകളിലും 
ഹോട്ടലുകളിലും 
ചാർജിങ് സ്റ്റേഷൻ
 അനർട്ടിന്റെ നേതൃത്വത്തിൽ ദേശീയപാത, എംസി റോഡ്‌ എന്നിവയ്‌ക്കരികിലെ ഹോട്ടലും മാളുകളും കേന്ദ്രീകരിച്ച്‌ സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള പദ്ധതിയും പുരോഗമിക്കുന്നു. എംസി റോഡിൽ കൊട്ടാരക്കര കെടിഡിസി ഹോട്ടൽ ആരാമിൽ തുടങ്ങുന്നതിനുള്ള സർവേ പുരോഗമിക്കുന്നു.  മറ്റു പ്രധാനപാതകളിലുള്ള മാളുകളിലും ഹോട്ടലുകളിലും  അതിവേഗ ചാർജിങ് സ്റ്റേഷൻ സ്ഥാപിക്കാനും നടപടിയുണ്ട്‌.  അഞ്ചുസെന്റ്‌ 10 വർഷത്തേക്ക്‌ വാടകയ്‌ക്ക്‌ ലഭിച്ചാൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും കേന്ദ്രം സജ്ജമാക്കാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top