22 February Friday

ജീവൻ തിരിച്ചുകിട്ടിയത് വിശ്വസിക്കാനാകാതെ ഗീത; വീരനായകരായി കടലിന്റെ മക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018
കൊല്ലം
ഓച്ചിറ സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയ്ക്കു മുന്നിൽ പത്തനംതിട്ട കടപ്ര സ്വദേശിനിയായ ഗീത നിറകണ്ണുകളോടെ കൈകൂപ്പി. മരണമുഖത്തുനിന്ന‌് ജീവിതത്തിന്റെ തീരത്തേക്ക് കൂട്ടിക്കൊണ്ടുവരാൻ മത്സ്യത്തൊഴിലാളികളെ അയച്ചതിന് നന്ദി പറയുമ്പോൾ അവരുടെ വാക്കുകൾ മുറിഞ്ഞു. എല്ലാം നഷ്ടപ്പെട്ടെങ്കിലും ജീവൻ ബാക്കി കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഗീതയും കുടുംബവും. ​ഗീതയുടെ ഭർത്താവ് കമലാസനൻ വീടിനു സമീപം നടത്തിയിരുന്ന കടയായിരുന്നു  രണ്ടു മക്കളുള്ള ഇവരുടെ വരുമാന മാർഗം. പ്രളയജലം കടയും വിഴുങ്ങി വീട്ടിലേക്ക് കയറിയപ്പോൾ എല്ലാം അവസാനിച്ചെന്ന് ഉറപ്പിച്ചിരിക്കെയാണ് കടലിന്റെ മക്കൾ രക്ഷകരായി ഇവർക്കു മുന്നിലെത്തിയത്.
ഇവരെപ്പോലെ ഒരുപാടുപേർക്ക് പറയാനുണ്ട് മത്സ്യത്തൊഴിലാളികൾ നടത്തിയ സ്വപ്നതുല്യമായ രക്ഷാപ്രവർത്തനത്തിന്റെ അനുഭവസാക്ഷ്യങ്ങൾ. കലിതുള്ളിയ പ്രളയജലത്തിൽ സ്വന്തം ജീവൻ പണയംവച്ച് ആയിരങ്ങളെ രക്ഷപ്പെടുത്തിയവർക്ക് ലോകമെങ്ങും നിന്ന് നന്ദിയും അഭിനന്ദനവും പ്രവഹിക്കുകയാണ്. ഫെയ‌്സ്ബുക്കിലും വാട്‌സാപ്പിലും അക്കൗണ്ടില്ലാത്തവർ സാമൂഹ്യമാധ്യമങ്ങളിൽ വീരനായകന്മാരായി നിറഞ്ഞുനിൽക്കുന്നു. മത്സ്യത്തൊഴിലാളികളോട‌് മുഖംതിരിച്ച നാളുകളെക്കുറിച്ച് തുറന്നുപറഞ്ഞ് പലരും മാപ്പു ചോദിക്കുന്നു. ഇനി എന്നും അവർക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പു നൽകുന്നു. 
മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശമനുസരിച്ച്  മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മയുടെ നേരിട്ടുള്ള ഏകോപനത്തിലാണ് സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള മത്സ്യത്തൊഴിലാളികൾ ദുരന്തമുഖത്ത് വള്ളങ്ങളുമായെത്തിയത്. കൊല്ലത്ത് തങ്കശ്ശേരി, വാടി, നീണ്ടകര, ആലപ്പാട് മേഖലകളിൽനിന്ന് ലോറികളിൽ കയറ്റിയാണ് ഇരുനൂറോളം വള്ളങ്ങൾ പത്തനംതിട്ടയിലും ചെങ്ങന്നൂരിലും എത്തിച്ചത്.  കൊല്ലം വാടി സ്വദേശി ഹിലർമി ജെയിംസും കൂട്ടരും വേളാങ്കണ്ണി മാതാ എന്ന വള്ളത്തിൽ റാന്നി മേഖലയിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. വള്ളത്തിൽ പൊട്ടൽ വീണ് വെള്ളം കയറുന്നതുവരെ ഒട്ടേറെപ്പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം വാടിയിൽ തിരിച്ചെത്തിയ ഹിലർമി രക്ഷാപ്രവർത്തനത്തിൽ പങ്കുചേരാനായി വീണ്ടും പത്തനംതിട്ടയിലേക്ക് പോയി. മത്സ്യത്തൊഴിലാളികൾ നടത്തുന്ന രക്ഷാപ്രവർത്തനത്തിന് സർക്കാരിന്റെ കൃത്യമായ ഏകോപനവും പിന്തുണയും ലഭിച്ചെന്ന്  ഹിലർമി പറഞ്ഞു. പ്രളയത്തിൽപ്പെട്ടവരിൽ  70 ശതമാനം പേരെയും രക്ഷപ്പെടുത്തിയത് മത്സ്യത്തൊഴിലാളികളാണെന്ന് പത്തനംതിട്ടയിലെ ദുരിതാശ്വാസ നടപടിയുടെ സ്‌പെഷ്യൽ ഓഫീസർ എസ് ഹരികിഷോർ അറിയിച്ചതായി കലക്ടർ എസ് കാർത്തികേയൻ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top