25 August Sunday

പുനര്‍നിര്‍മാണം ദീർഘവീക്ഷണത്തോടെ:- മന്ത്രി മേഴ്‌സിക്കുട്ടിഅമ്മ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

ജനകീയം ഈ അതിജീവനം സംഗമത്തിൽ പുനർനിർമിച്ച വീടിന്റെ രേഖകൾ മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ വിതരണം ചെയ്യുന്നു

 

കൊല്ലം
പ്രളയാനന്തര പുനർനിർമാണം യുദ്ധകാലാടിസ്ഥാനത്തിലാണ് സർക്കാർ നടപ്പാക്കിയതെന്നു മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ. ദീർഘവീക്ഷണത്തോടെയും പ്രതിബദ്ധതയോടെയുമാണ‌് പ്രവർത്തനം. ദുരിതാശ്വാസ- പുനരധിവാസ പ്രവർത്തനങ്ങൾ ജനങ്ങളില്‍ എത്തിക്കുന്നതിനായി സംഘടിപ്പിച്ച ജനകീയം ഈ അതിജീവനം സംഗമം സി കേശവൻ സ്മാരക ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
പൂർണമായിത്തകർന്ന വീടുകളിൽ ഭൂരിഭാഗവും നിർമിച്ചു. ആനൂകൂല്യങ്ങൾ ഏറിയപങ്കും കൊടുത്തു. 2000ത്തിലധികം വീടുകൾ നിർമിച്ച സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതി മികച്ച രീതിയിൽ നടപ്പാക്കി. ലൈഫ് പദ്ധതിയിലും സന്നദ്ധ സംഘടനകൾ സഹകരിച്ചും വീടു നിർമാണത്തിൽ ഏതാണ്ടെല്ലാം പൂർത്തിയാക്കിയതായും മന്ത്രിപറഞ്ഞു. 
വീടുവയ്ക്കാൻ അനുവദിച്ച സ്ഥലംമാറ്റി നൽകണമെന്ന കുടുംബത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടും തെറ്റായ പ്രചാരണങ്ങൾ നടത്തുന്നത് തിരിച്ചറിയണമെന്ന‌് മന്ത്രി ചൂണ്ടിക്കാട്ടി. 
എം നൗഷാദ് എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ എം മുകേഷ്, കോവൂർ കുഞ്ഞുമോൻ, പി അയിഷാപോറ്റി, മേയർ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി എന്നിവർ സംസാരിച്ചു. കലക്ടർ ബി അബ്ദുൽ നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി ആർ ഗോപാലകൃഷ്ണൻ സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി  അജോയ് നന്ദിയുംപറഞ്ഞു. ചടങ്ങിൽ പിആർഡി നിർമിച്ച പ്രളയശേഷം ഹൃദയപക്ഷം എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.
 
പ്രധാന വാർത്തകൾ
 Top