24 August Saturday

നികുതി വെട്ടിപ്പ്‌ 2 കോടിയുടെ സ്വര്‍ണം പിടിച്ചു

സ്വന്തം ലേഖകന്‍Updated: Sunday Jul 21, 2019

രേഖകളില്ലാതെ പിടിച്ച സ്വർണവുമായി ജിഎസ്‌ടി ഇന്റലിജൻസ്‌ ഉദ്യോഗസ്ഥർ

 

 
കൊല്ലം 
നികുതി വെട്ടിച്ചുകടത്തിയ  5.77 കിലോ സ്വർണം ജിഎസ്ടി വകുപ്പ് ഇന്റലിജൻസ് പിടികൂടി. രേഖകൾ ഇല്ലാതെ വിൽക്കാൻ ശ്രമിച്ച 2‌.04 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ‌് പിടികൂടിയത‌്. ജിഎസ്ടി നിലവിൽവന്ന ശേഷം ഒരു വ്യക്തിയിൽനിന്നു ജില്ലയിൽ ഇത്രയധികം സ്വർണം പിടികൂടുന്നത് ആദ്യമാണ്. 
തൃശൂരിൽനിന്നു കൊല്ലം ജില്ലയിലെ വിവിധ ജ്വല്ലറികളിൽ വിൽപ്പനയ്ക്ക് കാറിൽകൊണ്ടുവന്ന സ്വർണാഭരണം കൊട്ടിയം ജങ്ഷനു സമീപമാണ് പിടികൂടിയത്. പതിവ് വാഹനപരിശോധനയ്ക്കിടെ സംശയംതോന്നി കാർ പരിശോധിച്ചപ്പോഴാണ് ബാഗിൽ സൂക്ഷിച്ചനിലയിൽ സ്വർണം കണ്ടെത്തിയത്. തളിപ്പറമ്പ് സ്വദേശിയായ യുവാവാണ് സ്വർണം കൊണ്ടുവന്നത്. നികുതിയും പിഴയും ഇനത്തിൽ 12,26,064 രൂപ ഈടാക്കി. 
ജിഎസ്ടി വകുപ്പ് ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടീ കമീഷണർ വി ശ്യാംകുമാർ, അസിസ്റ്റന്റ് കമീഷണർ എച്ച്  ഇർഷാദ് എന്നിവരുടെ നിർദേശപ്രകാരം ജില്ലയിലെ മൊബൈൽ സ്‌ക്വാഡ് നമ്പർ 2 സ‌്റ്റേറ്റ് ടാക്‌സ് ഓഫീസർ എൻ അജികുമാർ, അസിസ്റ്റന്റ് സ്‌റ്റേറ്റ് ടാക്‌സ് ഓഫീസർമാരായ പി സുരേഷ്, എസ് രാജേഷ്‌കുമാർ, പി ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് സ്വർണംപിടിച്ചത്. നികുതിവെട്ടിപ്പു നടത്തി സ്വർണം വിൽപ്പന നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് അസിസ്റ്റന്റ് കമീഷണർ ( ഇന്റലിജൻസ് ) എച്ച് ഇർഷാദ് പറഞ്ഞു.
പ്രധാന വാർത്തകൾ
 Top