25 August Sunday

എങ്ങുമെത്താതെ ഗസ്റ്റ്ഹൗസ് നവീകരണം പണമുണ്ട്, പണിയില്ല

സ്വന്തം ലേഖകന്‍Updated: Sunday Jul 21, 2019

ചോർച്ച കാരണം ആശ്രാമം ഗവ. ഗസ്റ്റ്‌ ഹൗസിന്റെ മേൽക്കൂരയിൽ ടാർപോളിൻ കെട്ടിയിരിക്കുന്നു

 

 
കൊല്ലം
പണമുണ്ടായിട്ടും പണി നടക്കാതെ ആശ്രാമം ഗവ. ഗസ്റ്റ്ഹൗസ്. പ്രൗഢി മങ്ങുന്ന ഗസ്റ്റ്ഹൗസ് നവീകരണത്തിന‌് ആറുമാസം മുമ്പ‌് 1.70 കോടി രൂപ കൈമാറിയെങ്കിലും നിർമാണ നടപടികൾ  ഇതുവരെ ആരംഭിച്ചില്ല. കഴിഞ്ഞ ജനുവരി 30നാണ് ടൂറിസം വകുപ്പ് പൊതുമരാമത്ത് വകുപ്പിന് നവീകരണഫണ്ട് കൈമാറിയത്. 
മഴക്കാലമായതോടെ ഗസ്റ്റ‌് ഹൗസ‌് ശോചനീയാവസ്ഥയിലാണ‌്. മുറികൾ ചോർന്നൊലിക്കുന്നു. മുകളിലത്തെ നിലയിലെ ടൈലുകൾ പൊളിഞ്ഞു. ഭിത്തികളിൽ വിള്ളൽ വീണു. ഹെറിറ്റേജ് ബ്ലോക്കിലെ 14 റൂമിൽ ഒരു സ്യൂട്ട്  ഉൾപ്പെടെ അഞ്ചെണ്ണം മാത്രമാണ്  ഉപയോഗിക്കുന്നത‌്. ടൂറിസം വകുപ്പ് പലതവണ ആവശ്യപ്പെട്ടിട്ടും പിഡബ്ല്യുഡി ടെൻഡർ പോലും ആരംഭിച്ചിട്ടില്ല. 
 മേൽക്കൂര മാറ്റി അലൂമിനിയം ഷീറ്റ് സ്ഥാപിച്ച് അരിഓട് ഉറപ്പിക്കുന്ന തരത്തിലാണ് നവീകരണം. വർഷങ്ങൾക്കു മുമ്പ‌് ആർക്കിയോളജി വകുപ്പ് ചില നവീകരണ പ്രവൃത്തികൾ നടത്തിയെങ്കിലും പൂർണമായിരുന്നില്ല. അഡീഷണൽ ബ്ലോക്കിലെ എട്ട‌ു റൂമുകൾ എസിയാക്കാൻ 11.69 ലക്ഷം രൂപ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിന് കഴിഞ്ഞ ഒക്‌ടോബറിൽ കൈമാറിയെങ്കിലും ഇതുവരെ എസി സ്ഥാപിച്ചിട്ടില്ല. 
പെരുമയാണ‌് റസിഡൻസി ബംഗ്ലാവ‌്
ചരിത്രമുറങ്ങുന്ന കെട്ടിടമാണ‌് റസിഡൻസി ബംഗ്ലാവ്. അഷ്ടമുടിയുടെ സൗന്ദര്യം ആവോളം നൽകിയാണ‌് റസിഡൻസി ബംഗ്ലാവ് ഗസ്റ്റ് ഹൗസായി പ്രവർത്തിക്കുന്നത‌്. രണ്ടുനൂറ്റാണ്ടിന്റെ ചരിത്രത്തിന് സാക്ഷിയായ ബംഗ്ലാവിൽ തിരുവിതാംകൂറിന്റെ സുപ്രധാന രാഷ്ട്രീയതീരുമാനങ്ങൾ പിറന്നു. 
തിരുവിതാംകൂറിലെ ആദ്യ ബ്രിട്ടീഷ് ദിവാനായിരുന്ന കേണൽ മൺറോയ്ക്ക് താമസിക്കാനാണ് 1810ൽ ബംഗ്ലാവ‌് നിർമിച്ചത്. എൻജിനിയർ ക്യാപ്റ്റൻ ആർതറുടെ മേൽനോട്ടത്തിൽ  ഒമ്പതുവർഷം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. 
കേരളീയ ശിൽപ്പകലയുടെ സൗന്ദര്യം പുർണമായും ഉപയോഗിച്ച മേൽക്കൂരയിൽ സവിശേഷമായ അരിയോടുകൾ പാകിയിരിക്കുന്നു. മേൽക്കൂരയിൽ  ബ്രീട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചിഹ്നം ഇപ്പോഴും തെളിഞ്ഞു കാണാം. വിശാലമായ വരാന്തയും പോർടിക്കോയും തേക്കിൽ തീർത്ത കസേരകളും കൂറ്റൻമേശയും മറ്റു ജംഗമസാധനങ്ങളും ബംഗ്ലാവിന്റെ പ്രൗഢിക്ക് മാറ്റുകൂട്ടുന്നു. 
ദിവാന്റെ ആസ്ഥാനമന്ദിരമായ ഈ ബംഗ്ലാവ് പോലെ മറ്റൊന്ന് തിരുവിതാംകൂറിൽ  ഉണ്ടായിരുന്നില്ല. വൈസ്രോയിയായിരുന്ന കഴ്‌സൺ പ്രഭുവും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും പ്രധാനമന്ത്രിമാരായ ജവഹർലാൽനെഹ്രു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി , വിപി സിങ‌് എന്നിവരും റസിഡൻസി ബംഗ്ലാവിന്റെ ആതിഥ്യം സ്വീകരിച്ചവരാണ‌്.
പ്രധാന വാർത്തകൾ
 Top