24 August Saturday

പെരുവഴിയിലായി യാത്രക്കാര്‍

സ്വന്തം ലേഖകന്‍Updated: Sunday Jul 21, 2019

കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന ട്രെയിനുകൾ

 
 
 
കൊല്ലം
കൊല്ലത്തിനും ശാസ്താംകോട്ടയ്ക്കും ഇടയില്‍ വൈദ്യുതി തകരാര്‍മൂലം ട്രെയിനുകള്‍ പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു. ശനിയാഴ്ച പകല്‍ 2.30 മുതല്‍ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകളാണ് പിടിച്ചിട്ടത്. പ്രശ്‌നപരിഹാരം നീണ്ടതോടെ ഡീസല്‍ എന്‍ജിന്‍ ഉപയോഗിച്ച് കൊല്ലത്ത് ഉള്‍പ്പെടെ പിടിച്ചിട്ട ട്രെയിനുകള്‍ ഓരോന്നായി ശാസ്താംകോട്ട വരെ എത്തിച്ചാണ് സര്‍വീസ് പുനഃസ്ഥാപിച്ചത്. തിരുവനന്തപുരം മുതല്‍ വടക്കോട്ട് എല്ലാ സ്റ്റേഷനുകളിലും വണ്ടി പിടിച്ചിട്ടിരുന്നു. രാത്രി വൈകിയാണ് തടസ്സം പൂര്‍ണമായും ഒഴിവായത്. 
പകല്‍ 2.30 കഴിഞ്ഞ് കന്യാകുമാരിയില്‍നിന്ന് ബംഗളൂരുവിലേക്കു പോയ ഐലന്‍ഡ് എക്സ്പ്രസ് കൊല്ലം സ്റ്റേഷന്‍ വിട്ട് പെരിനാട് കഴിഞ്ഞപ്പോഴാണ് തകരാര്‍ സംഭവിച്ചത്. ട്രെയിന്റെ എന്‍ജിനും വൈദ്യുതിലൈനുമായി ഘടിപ്പിക്കുന്ന പാന്റോഗ്രാഫിന്റെ സ്പ്രിങ് അക്ഷന്‍ നഷ്ടപ്പെട്ടതാണ് തകരാറിനു കാരണം. ശാസ്താംകോട്ടസ്റ്റേഷനു സമീപംവരെയാണ് വൈദ്യുതി ലൈന്‍ തകരാറിലായത്. ഇതോടെ ഐലന്‍ഡ് ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനു സമീപം മണിക്കൂറോളം പിടിച്ചിടുകയായിരുന്നു. ഐലന്‍ഡിനു പിറകിലെത്തിയ മറ്റുവണ്ടികള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു. വൈകിട്ട് 4.03ന് കൊല്ലത്തെത്തിയ ചെന്നൈ മെയില്‍ യാത്ര പുനഃരാരംഭിച്ചത് 5.50നാണ്. പിന്നാലെയെത്തിയ ഷാലിമാര്‍ – കൊച്ചുവേളി – ബംഗളൂരു തുടങ്ങിയ നാലു ട്രെയിനുകളും കൊല്ലത്ത് കുടുങ്ങി.പുനലൂര്‍ ഗുരുവായൂര്‍ ട്രെയിന്‍ സര്‍വീസ് കൊല്ലത്ത് അവസാനിപ്പിച്ചു. കൊല്ലം എറണാകുളം മെമുവും റദ്ദാക്കി. സംഭവത്തോടെ വിദൂരങ്ങളിലേക്ക് ഉള്‍പ്പെടെ പോകേണ്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ വലഞ്ഞു. കരുനാഗപ്പള്ളി, കായംകുളം, ചെങ്ങന്നൂര്‍, കോട്ടയം സ്റ്റേഷനുകളിലെത്തി ബസ് മാര്‍ഗം വീടുകളിലേക്ക് പേകേണ്ട നൂറുകണക്കിന് യാത്രക്കാരും ദുരിതത്തിലായി. തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ തടസ്സംകൂടാതെ സര്‍വീസ് നടത്തി.
 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top