14 November Thursday

മഴ ശക്തി കുറഞ്ഞു

സ്വന്തം ലേഖകന്‍Updated: Sunday Jul 21, 2019

 

 
കൊല്ലം
ഒരു ദിവസത്തെ കനത്ത മഴയ്ക്ക് ശേഷം ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു. കൊല്ലം പട്ടണത്തില്‍ ശനിയാഴ്ച രാവിലെ രേഖപ്പെടുത്തിയ മഴയുടെ അളവ് 38 മില്ലിമീറ്ററാണ്. രാവിലെ മഴ കുറവായിരുന്നെങ്കിലും വൈകുന്നേരത്തോടെ നേരിയ വര്‍ധനയുണ്ടായി.  ജില്ലയില്‍ ശനിയാഴ്ച മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ചയും ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 
അറിയിച്ചു.  
മഴക്കെടുതിയില്‍ രണ്ടുവീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊല്ലം താലൂക്കിലെ മീനാട് വില്ലേജിലാണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചത്. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ശനിയാഴ്ച കൊച്ചിയില്‍നിന്ന് ഡോണിയര്‍ വിമാനം പരിശോധനയ്ക്ക് എത്തിയിരുന്നു. നേവി, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. കടല്‍ക്ഷോഭത്തിന് ആലപ്പാട്ട് ഉള്‍പ്പെടെ ശനിയാഴ്ചയും കുറവുണ്ടായില്ല.  ആലപ്പാട്  വെള്ളിയാഴ്ച തുറന്ന ദുരിതാശ്വാസ ക്യാമ്പ് ശനിയാഴ്ച നിര്‍ത്തി. 
 മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളെ നിര്‍ബന്ധിച്ച് കടലിലേക്ക് തള്ളിവിടുന്ന വള്ളം ഉടമകള്‍ക്കെതിരെ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
തീരം വിഴുങ്ങി തിരമാലകള്‍ 
ചവറയുടെ തീരമേഖലകളില്‍ സംരക്ഷണഭിത്തിയും കടന്ന്  കടല്‍കയറ്റം.നീണ്ടകര, പുത്തന്‍തുറ, പരിമണം, കരിത്തുറ, കോവില്‍ത്തോട്ടം, പൊന്മന, കൊട്ടാരത്തിന്‍ കടവ്, കാട്ടില്‍ മേക്കതില്‍ ക്ഷേത്രം, കുളങ്ങര ക്ഷേത്രം എന്നീ പ്രദേശങ്ങളില്‍ കടല്‍കയറ്റം രൂക്ഷമായി. കടലിനോട് ചേര്‍ന്ന് താമസിക്കുന്നവരും ഭീതിയിലാണ്.  
പൊന്മന കാട്ടില്‍മേക്കതില്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് ശക്തമായ കടല്‍ കയറ്റമുണ്ടായി.ക്ഷേത്രപരിസരം, ചുറ്റമ്പലം എന്നീ ഭാഗത്ത് കടല്‍ കയറിക്കൊണ്ടിരിക്കുകയാണ്. കെഎംഎംഎല്‍ കമ്പനിയുടെ ഖനനമേഖലയ്ക്കു സമീപത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. നിരന്തരമായി ഉണ്ടാകുന്ന തിരകളില്‍ കടല്‍ഭിത്തി താഴേക്ക് ഇരുത്തുന്നു.  കാട്ടില്‍ക്ഷേത്രത്തിനു വടക്കുഭാഗത്തായി കടല്‍ഭിത്തികള്‍ ഇല്ലാതായി. ക്ഷേത്രം ഭാഗത്ത് സംരക്ഷണഭിത്തി നിര്‍മിച്ചിട്ടുണ്ട്. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top