25 August Sunday

ചിരി വിടർന്നു; സുനൈജ ഡോക്ടറാകും

കെ ബി ജോയ‌്Updated: Sunday Jul 21, 2019

 

കൊല്ലം
പ്രതീക്ഷകളെല്ലാം തകർത്തെറിഞ്ഞ ദിനങ്ങളായിരുന്നു പിന്നിട്ടത്. കഷ്ടപ്പെട്ട് പഠിച്ച് നേടിയത് കൈയെത്തുംദൂരത്ത് നഷ്ടമായതുപോലെയായിരുന്നു.  എന്നാൽ, കോടതിവിധിയോടെ സുനൈജയ്ക്ക‌് തിരികെ കിട്ടുന്നത് ഒരു കുടുംബത്തിന്റെ മൊത്തം സ്വപ്നമാണ്. 
കണ്ണീരുണങ്ങിയ മുഖത്ത് നിറചിരിയുമായി സുനൈജ ഇപ്പോൾ ഓടിനടക്കുകയാണ്. ആഗ്രഹിച്ചതുപോലെ ഇനി പഠിച്ച് ഡോക്ടറാകാം. ഇഎസ്ഐ തൊഴിലാളികളുടെ മക്കൾക്ക് ഇഎസ്ഐ മെഡിക്കൽ കോളേജിൽ ലഭിച്ചുകൊണ്ടിരുന്ന പ്രവേശനം മദ്രാസ‌് ഹൈക്കോടതിയുടെ സിംഗിൾബഞ്ച‌് തടഞ്ഞപ്പോൾ പ്രതീക്ഷകളറ്റു എന്ന നിലയിലായിരുന്നു സുനൈജയും മാതാപിതാക്കളും. കേരള സർക്കാരിന്റെ ഇടപെടലിൽ ഇഎസ‌്ഐ കോർപറേഷൻ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച‌് വിധി ഡിവിഷൻ ബഞ്ച‌് സ‌്റ്റേചെയ‌്തു. കോടതിവിധിയിലൂടെ  സുനൈജയ്ക്ക‌് തിരികെ കിട്ടിയത് ജീവിതമാണ്.
 കോർപറേഷൻ കശുവണ്ടി ഫാക്ടറിത്തൊഴിലാളിയായ സൈഫുന്നീസയും ഓട്ടോറിക്ഷാത്തൊഴിലാളി നഹാസും മകൾ ഡോക്ടറാകുന്നതിലുള്ള ആഹ്ലാദത്തിലാണ‌്.  കശുവണ്ടി വികസന കോർപറേഷൻ പാലത്തറയിൽ സംഘടിപ്പിച്ച എൻട്രൻസ് പരിശീലന ക്ലാസിലാണ് സുനൈജ പഠിച്ചത്. സഹോദരി സുബിന.
പ്രധാന വാർത്തകൾ
 Top