15 December Sunday

കെട്ടിട നിര്‍മാണ അദാലത്ത് കുരുക്കൊക്കെ അഴിച്ചങ്ങ് കളഞ്ഞു

സ്വന്തം ലേഖകന്‍Updated: Sunday Jul 21, 2019

കൊല്ലം കോർപറേഷൻ സംഘടിപ്പിച്ച കെട്ടിട നിർമാണ അദാലത്തിൽ മന്ത്രി എ സി മൊയ്‌തീൻ പരാതികൾ കേൾക്കുന്നു

 

 
 
 
കൊല്ലം
അര്‍ഹരായ അപേക്ഷകരെ കുരുക്കാനിനി ഫയലില്‍ കുരുക്കിട്ടാല്‍ പിടിവീഴുമെന്ന സന്ദേശം നല്‍കി കാലങ്ങളായുള്ള നിയമക്കുരുക്കുകള്‍ ഒറ്റദിവസം കൊണ്ടഴിച്ച് കെട്ടിട നിര്‍മാണ അനുമതി സംബന്ധിച്ച പരാതി പരിഹാര അദാലത്ത്. കോര്‍പറേഷന്‍ സംഘടിപ്പിച്ച അദാലത്തില്‍ ലഭിച്ച 107 പരാതികളില്‍ പരിഗണനയ്ക്കുവന്നതില്‍ 86 എണ്ണത്തില്‍ 73എണ്ണവും തീര്‍പ്പായി. ബാക്കിയുള്ളവ കൂടുതല്‍ വ്യക്തത വരുത്തി വൈകാതെ തീര്‍പ്പാക്കും. രാവിലെ 10ന് സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ തുടങ്ങിയ അദാലത്ത് രാത്രി ഏഴരവരെ നീണ്ടു. മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനംചെയ്തു. മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷനായി. എംഎല്‍എമാരായ എം നൗഷാദ്, എന്‍ വിജയന്‍പിള്ള, അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്,  കലക്ടര്‍ അബ്ദുല്‍ നാസര്‍, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, സ്ഥിരം സമിതി അധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കിട്ടി കിട്ടി ... നമ്പര്‍ കിട്ടി
2005ല്‍ വീടുപണി തുടങ്ങിയതാണ് പള്ളിത്തോട്ടം ഫിഷര്‍മെന്‍ കോളനിയില്‍ ലിയോണ്‍സ് നെറ്റോ.  അന്ന് മൂന്നുവര്‍ഷത്തേക്കുള്ള അനുമതി പത്രമാണ് കോര്‍പറേഷന്‍ നല്‍കിയത്. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയായതോടെ പണി പൂര്‍ത്തിയാക്കാനായത് 2014ല്‍ മാത്രം.  പിന്നീട് വീടിന്റെ നമ്പറിനായി നെട്ടോട്ടം തുടങ്ങി. പക്ഷേ നമ്പര്‍ മാത്രംകിട്ടിയില്ല. ഒരു പേപ്പര്‍ കൊണ്ടുച്ചെല്ലുമ്പോള്‍ മറ്റൊരു പേപ്പറിന്റെ ഉദ്യോഗസ്ഥര്‍ ചോദിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ഓട്ടം നിന്നതു മന്ത്രി മൊയ്തീന്‍ കോര്‍പറേഷന്‍ രേഖ അദാലത്തില്‍ കൈമാറിയതോടെ. 'നമ്പര്‍ കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്, സര്‍ക്കാരിനും കോര്‍പറേഷനും നന്ദി' ലിയോണ്‍സ് പ്രതികരണം ഒറ്റവാക്കിലൊതുക്കി. മറ്റൊരാളുടെ സഹായത്താലാണ് കറന്റ് കിട്ടിയത്. കുടിവെള്ളം കിട്ടുന്നുണ്ടായിരുന്നു. സെക്യൂരിറ്റി ജോലി ചെയ്താണ് ലിയോണ്‍സ് കുടുംബംപോറ്റുന്നത്. 
 കൈപുസ്തകം ഉടന്‍
കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട വിവരങ്ങളും നിയമങ്ങളും ലളിതമായി വിശദീകരിക്കുന്ന  കൈപ്പുസ്തകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തയ്യാറാക്കി ഉടന്‍ ജനങ്ങളില്‍ എത്തിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കെട്ടിടനിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ അതിവേഗം തീര്‍പ്പാക്കാനായിട്ടാണ് അദാലത്തുകള്‍ . കാലതാമസമുണ്ടായ പ്രശ്നങ്ങള്‍ക്ക് കുറേയേറെ പരിഹാരം കാണാന്‍ അദാലത്തുകള്‍ക്ക് സാധിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണ അനുമതിക്കോ ഉടമസ്ഥാവകാശത്തിനോ വരുന്ന ആളുകളോട് നിയമപരമായ പിശകുകള്‍ പറഞ്ഞു മനസ്സിലാക്കുന്നതില്‍ പലപ്പോഴും ബന്ധപ്പെട്ടവര്‍ക്കു വീഴ്ച സംഭവിക്കുന്നുണ്ട്. മഹാഭൂരിപക്ഷം ഉദ്യോഗസ്ഥരും ജനങ്ങള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുമ്പോള്‍ വ്യത്യസ്ത സമീപനം സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്‍കിടക്കാരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരം കൊടുക്കാനുള്ള വേദിയല്ല അദാലത്തെന്നും നിയമക്കുരുക്കില്‍പ്പെട്ട് വലയുന്ന സാധാരക്കാര്‍ക്കു വേണ്ടിയുള്ളതാണെന്നും മന്ത്രി പറഞ്ഞു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top