19 August Monday

എടിഎം തട്ടിപ്പ് കൊല്ലം സ്വദേശിനിക്ക് നഷ്ടമായത് 5 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

 

 
 
കൊല്ലം
എടിഎം തട്ടിപ്പിലൂടെ കൊല്ലം സ്വദേശിനിയുടെ അക്കൗണ്ടില്‍നിന്നു അഞ്ചുലക്ഷം നഷ്ടമായി. കടപ്പാക്കട സ്വദേശിനി ലീന സത്താറിന്റെ കൊല്ലം എസ്ബിഐ മെയിന്‍ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് 24 തവണകളായി പണം തട്ടിയെടുത്തത്. ഇതുസംബന്ധിച്ചു ലീന കൊല്ലം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കി. നഷ്ടപ്പെട്ട പണം കണ്ടെത്തുന്നതില്‍ ബാങ്ക് അധികൃതര്‍ സഹായിച്ചില്ലെന്നും ആക്ഷേപമുണ്ട്. 
രാജസ്ഥാനിലെ വിവിധ ക്യാഷ് പോയിന്റുകളില്‍നിന്നു 10തവണ പണം പിന്‍വലിച്ചു. 14 തവണ വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തിട്ടുമുണ്ട്. മെയ് 14നും 25നും ഇടയിലാണ് പണം നഷ്ടമായത്. പണം ട്രാന്‍സ്ഫര്‍ ചെയ്തിരിക്കുന്ന അക്കൗണ്ടുകളും രാജസ്ഥാനിലേതാണ്. 
പണം നഷ്ടപ്പെട്ടിരിക്കുന്ന കാലയളവില്‍ ലീന ഡല്‍ഹിയില്‍ മകളുമൊത്ത് താമസമായിരുന്നു. മടക്കയാത്ര ദിവസമായ മെയ് 27ന് എടിഎം ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോഴാണു തട്ടിപ്പ് അറിയുന്നത്. ഫോണ്‍ പരിശോധിച്ചപ്പോള്‍ പണം പിന്‍വലിച്ചതിന്റെയും ട്രാന്‍സ്ഫര്‍ ചെയ്തതിന്റെയും സന്ദേശങ്ങളും ലഭിച്ചു. 29ന് കൊല്ലം ബ്രാഞ്ചില്‍നിന്നു വിശദമായ സ്റ്റേറ്റ്‌മെന്റ് എടുത്തു. ആദ്യതട്ടിപ്പ് നടന്നദിവസംതന്നെ എന്തുകൊണ്ട് പരാതിപ്പെട്ടില്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ നഷ്ടപരിഹാര പാക്കേജില്‍ ഈ കേസ് ഉള്‍പ്പെടില്ലെന്ന നിലപാടെടുത്തു. 
പൊലീസ് സൈബര്‍ സെല്ലിലും ബാങ്കിങ് ഓംബുഡ്സ്മാനിലും പരാതിപ്പെടാനും പരാതിക്കാരിയെ ഉപദേശിച്ചു. ലീന സത്താര്‍ അക്കൗണ്ടിന്റെ രഹസ്യവിവരങ്ങള്‍ മറ്റാരെയോ അറിയിച്ചതിനാലാണ് പണം നഷ്ട്ടമായതെന്നു ബാങ്ക് അധികൃതര്‍ കുറ്റപ്പെടുത്തി. എടിഎമ്മില്‍ നിന്നു പണം പിന്‍വലിക്കുന്നതല്ലാതെ ഓണ്‍ലൈന്‍ പര്‍ച്ചേസിങ്പോലും ഇതുവരെ നടത്തിയിട്ടില്ലെന്ന് ലീന പറയുന്നു.
 

 

പ്രധാന വാർത്തകൾ
 Top