04 August Wednesday

വള്ളം മറിഞ്ഞ് കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

മിഥുൻനാഥ‍്, ആദർശ്

ശാസ്താംകോട്ട

പടിഞ്ഞാറെ കല്ലട വലിയപാടം ചെമ്പിൽ ഏലായിൽ വള്ളം മറിഞ്ഞു കാണാതായ രണ്ടു യുവാക്കളുടെയും മൃതദേഹം കണ്ടെത്തി. വലിയപാടം പടന്നയിൽ സേതുവിന്റെയും സുമയുടെയും മകൻ മിഥുൻനാഥ് (നന്ദു–-21 ), വലിയപാടം പ്രണവത്തിൽ രഘുനാഥൻപിള്ളയുടെയും ഉഷാകുമാരിയുടെയും മകൻ ആദർശ് (24) എന്നിവരുടെ മൃതദേഹമാണ്‌ ഞായറാഴ്ച കണ്ടെത്തിയത്.  മിഥുൻനാഥിന്റെ മൃതദേഹം രാവിലെ എട്ടോടെയും ആദർശിന്റേത്‌ പകൽ പതിനൊന്നരയോടെയുമാണ് കണ്ടെത്തിയത്. 
സുഹൃത്തുക്കളായ പനത്തറ പുത്തൻവീട്ടിൽ അമൽ, കാഞ്ഞിരംവിള വടക്കതിൽ ശിവപ്രസാദ്, തുണ്ടിൽ വീട്ടിൽ ആദിത്യൻ എന്നിവർക്കൊപ്പം ശനിയാഴ്ച വൈകിട്ട്‌ അഞ്ചോടെയാണ്‌ ഇവർ വള്ളത്തിൽ മീൻ പിടിക്കാൻ പോയത്‌.  വള്ളം മറിഞ്ഞതിനെ തുടർന്ന്‌ അമലും ശിവപ്രസാദും ആദിത്യനും നീന്തി രക്ഷപ്പെട്ടിരുന്നു. ചെളിയും മണലും നീക്കംചെയ്ത വലിയ കയം രൂപപ്പെട്ട ചെന്നിക്കാട് ഭാഗത്താണ് വള്ളം മറിഞ്ഞത്.  ശാസ്താംകോട്ടയിൽനിന്ന് പൊലീസും ഫയർഫോഴ്‌സും ശനിയാഴ്‌ച രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഞായറാഴ്ച രാവിലെ  കൊല്ലത്തുനിന്നുള്ള സ്‌കൂബ ടീം പ്രദേശവാസികളുടെ സഹകരണത്തോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. എന്നാൽ, ഇവർ സഞ്ചരിച്ച വള്ളം കണ്ടെത്താനായില്ല. പോസ്റ്റ്‌മോർട്ടത്തിനു ശേഷം മിഥുൻനാഥിന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ആദർശിന്റെ സംസ്‌കാരം തിങ്കളാഴ്‌ച പകൽ രണ്ടിന്. മിഥുൻനാഥിന്റെ സഹോദരൻ: നിധിൻ. ആദർശിന്റെ സഹോദരി: അനുപമ.
 
തുഴയെറിഞ്ഞത്‌ മരണത്തിലേക്ക്‌
ആർ ബി രജികൃഷ്‌ണ
ശാസ്താംകോട്ട
ലോക്‌ഡൗൺ ദിനത്തിൽ വിരസതയുടെ ലോക്കഴിക്കാനാണ്‌ അവർ അഞ്ചുപേർ വള്ളത്തിൽ ചെമ്പിൽ ഏലായിലേക്ക്‌ പോയത്‌. എന്നാൽ സന്തോഷം ഏറെനേരം അലതല്ലിയില്ല. വള്ളം തുഴഞ്ഞുചെന്നത്‌ മരണക്കയത്തിലേക്കായിരുന്നു. അഞ്ചുപേരിൽ രണ്ടുപേർ വള്ളം മറിഞ്ഞ്‌ മുങ്ങിമരിച്ചു. 
സുഹൃത്തുക്കളായ ആദർശ്, മിഥുൻനാഥ്‌, പനത്തറ പുത്തൻവീട്ടിൽ അമൽ, കാഞ്ഞിരംവിള വടക്കതിൽ ശിവപ്രസാദ്, തുണ്ടിൽ ആദിത്യൻ എന്നിവരുടെ തുഴത്താളമാണ്‌ ചെമ്പിൽ ഏലായിൽ നഷ്ടമായത്‌.
ശനിയാഴ്ച വൈകിട്ട്‌ നാലോടെയാണ്‌ ഇവർ പുഞ്ചക്കായൽ കാണാൻ പോയത്. പുഞ്ചയുടെ സമീപവാസികളായതിനാൽ ആദർശ് ഒഴികെ എല്ലാവർക്കും നീന്തൽ അറിയാമായിരുന്നു. വള്ളം മുങ്ങിയപ്പോൾ എല്ലാവരും തീരത്തേക്കു നീന്തി. ആദർശിന് നീന്തൽ അറിയാത്തതിനാൽ മിഥുൻനാഥ്‌ രക്ഷിക്കാൻ ശ്രമിച്ചതാണെന്ന്‌ സുഹൃത്തുക്കൾ പറയുന്നു. ചെളിയും മുള്ളൻപായലും കുടുങ്ങിയതിനാലാകാം നീന്താൻ കഴിയാതിരുന്നതെന്നാണ്‌‌ പ്രദേശവാസികൾ കരുതുന്നത്‌. കാരാളിമുക്കിലെ സ്വകാര്യ സ്ഥാപനത്തിൽ ഒരുമിച്ച് ജോലി ചെയ്യുന്നവരാണ് മരിച്ച മിഥുൻനാഥും ആദർശും.
 
ഒളിഞ്ഞിരിപ്പുണ്ട്‌ 
ചുഴികൾ 
ശാസ്‌താംകോട്ട
രണ്ടു യുവാക്കൾ മുങ്ങിമരിച്ച പടിഞ്ഞാറെ കല്ലടയിലെ ചെമ്പിൽ ഏലായിൽ ഒളിഞ്ഞിരിക്കുന്നത്‌ അഗാധമായ ചുഴികൾ. മീൻപിടിക്കാനും പുല്ലറുക്കാനും പോയ നിരവധി പേർ ചുഴിയിൽ അകപ്പെട്ടിട്ടുണ്ടെന്ന്‌ പഴമക്കാർ പറയുന്നു. പതിറ്റാണ്ടുകളായി കൃഷിയില്ലാത്ത ഏലായാണിത്‌. മണലൂറ്റിയും ചെളിയെടുത്തും അടിത്തട്ടിൽ അഗാധഗർത്തങ്ങൾ രൂപപ്പെട്ടതാണ്‌. ദുരൂഹമരണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും‌ നാട്ടുകാർ പറയുന്നു.
വഴക്കമുള്ള അപൂർവംചിലരാണ്‌ കൊതുമ്പുവള്ളത്തിൽ മീൻപിടിക്കാൻ ചെമ്പിൽ ഏലായിൽ ഇറങ്ങാറുള്ളത്‌. ചെറിയ വള്ളത്തിൽ തുഴയെറിയാനും വലയെറിയാനും സാധാരണ രണ്ടുപേരാണ്‌ പോകാറുള്ളത്‌. ശനിയാഴ്‌ച വൈകിട്ട്‌ ചെറിയ വള്ളത്തിൽ അഞ്ചുപേരാണ്‌ കയറിയത്‌. 
പുതിയ തലമുറയ്ക്ക്‌ പതിയിരിക്കുന്ന അപകടത്തിന്റെ ആഴം അറിയില്ലെന്നതിന്റെ തെളിവാണ്‌ ശനിയാഴ്‌ചത്തെ അപകടം. ഏലായ്‌ക്കുചുറ്റും അപായസൂചന നൽകുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന്‌ നാട്ടുകാർ ആവശ്യപ്പെട്ടു. 
ഏക്കറുകണക്കിന്‌ വ്യാപിച്ചുകിടക്കുന്നതാണ്‌ വലിയപാടം പടിഞ്ഞാറ്‌ മൂന്നാംവാർഡിലെ ചെമ്പിൽ ഏലാ. ആദിക്കാട്‌ ഏലാ എന്നാണ്‌ ആദ്യകാല പേര്‌. ആദിക്കാട്‌ കുടുംബത്തിന്റെ ഉൾപ്പെടെ സ്വകാര്യവ്യക്‌തികളുടേതാണ്‌ ഏലാ. 
ഒരുകാലത്ത്‌ ഇവിടെ നെൽക്കൃഷി വിളഞ്ഞിരുന്നു. വെള്ളം വറ്റിച്ച്‌ പുഞ്ചക്കൃഷിയാണ്‌ ചെയ്‌തിരുന്നത്‌. പിന്നീട്‌ മത്സ്യക്കൃഷിയും ചെയ്‌തു. ഇതെല്ലാം പഴങ്കഥയായിട്ട്‌ വർഷങ്ങളായി. ദേശാടനപക്ഷികളുടെ സങ്കേതവുമായിരുന്നു ഇവിടം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top