03 July Friday

ബസുകളും നിരത്തിൽ

സ്വന്തം ലേഖകൻUpdated: Thursday May 21, 2020

ബസിൽ കയറും മുമ്പ്‌ യാത്രക്കാരിക്ക്‌ സാനിറ്റൈസർ നൽകുന്ന കെഎസ്‌ആർടിസി കണ്ടക്‌ടർ

കൊല്ലം
ലോക്ക്‌ഡൗൺ ഇളവിനെത്തുടർന്ന്‌ രണ്ടു മാസത്തിനുശേഷം യാത്രാ ബസുകൾ ബുധനാഴ്‌ച നിരത്തിലിറങ്ങി. ‌108 കെഎസ്‌ആർടിസി ബസുകളും ഏതാനും സ്വകാര്യ ബസുകളും ജില്ലയിൽ സർവീസ്‌ നടത്തി. ജലഗതാഗത വകുപ്പിന്റെ ബോട്ടുസർവീസും ആരംഭിച്ചു.  ബസുകൾ ജില്ലാ അതിർത്തിവരെ പോകാതെ പ്രധാന സ്ഥലങ്ങളിൽ യാത്ര അവസാനിപ്പിക്കുന്നത്‌ അതിർത്തി പ്രദേശങ്ങളിലുള്ളവരെ ഏറെ പ്രയാസത്തിലാക്കി. ഓട്ടോറിക്ഷകൾ കഴിഞ്ഞദിവസം മുതൽ ഓടിത്തുടങ്ങിയിരുന്നു. 
കൊല്ലം–-30, കരുനാഗപ്പള്ളി–-31, ചാത്തന്നൂർ–-17, ആര്യങ്കാവ്‌–-ആറ്‌, ചടയമംഗലം–- 10, കൊട്ടാരക്കര–- 23, കുളത്തൂപ്പുഴ–- അഞ്ച്‌, പത്തനാപുരം–- എട്ട്‌, പുനലൂർ–- എട്ട്‌ എന്നിങ്ങനെയാണ്‌ ഡിപ്പോകളിൽനിന്ന്‌ സർരീസ്‌ നടത്തിയ ബസുകളുടെ എണ്ണം.  കോവിഡ്‌ മുൻകരുതലും നിയന്ത്രണങ്ങളും പാലിച്ചായിരുന്നു സർവീസുകളെല്ലാം‌. വ്യാഴാഴ്‌ച കൂടുതൽ സ്വകാര്യബസുകൾ നിരത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ്‌ യാത്രക്കാർ.  
കെഎസ്‌ആർടിസി ചെയിൻ സർവീസുകളായ കൊല്ലം –-പത്തനംതിട്ട വേണാട്‌ ബസുകൾ ഭരണിക്കാവിൽ അവസാനിപ്പിച്ചു.  ഇവിടെ നിന്ന് അഞ്ച്‌ കിലോമീറ്റർ അകലെയാണ്‌ ജില്ലാ അതിർത്തിയായ ഏഴാംമൈൽ. സർവീസ്‌ തുടങ്ങിയതിന്റെ പ്രയോജനം പക്ഷേ, ഇടയ്‌ക്കാട്‌, ഏഴാംമൈൽ, അമ്പലത്തുംഭാഗം സ്വദേശികൾക്ക്‌ ലഭിച്ചില്ല. ഈ റൂട്ടിൽ വേണാട്‌ സർവീസ്‌ മാത്രമാണുള്ളത്‌. കൊല്ലം–-ചെങ്ങന്നൂർ ചെയിൻ സർവീസും ഭരണിക്കാവിലാണ്‌ അവസാനിക്കുന്നത്‌. ഭരണിക്കാവ്‌ –-ചക്കുവള്ളി റൂട്ടിലും വേറെ സർവീസില്ല.  അതിർത്തി പ്രദേശങ്ങളിലുള്ള യാത്രക്കാർക്കാണ്‌ പ്രയോജനം ലഭിക്കാതെ പൊകുന്നത്‌. 
ചെയിൻ സർവീസിൽ കൊല്ലം –-ദളവാപുരം –-കരുനാഗപ്പള്ളി, കൊല്ലം –-കുളത്തൂപ്പുഴ ബസുകൾ മാത്രമാണ്‌ ജില്ലയ്‌ക്കുള്ളിൽ പൂർണമായും ഓടിയതെന്ന്‌ ഡിടിഒ മെഹബൂബ്‌ പറഞ്ഞു. വ്യാഴാഴ്ച കൂടുതൽ ബസുകൾ ഓപ്പറേറ്റ്‌ ചെയ്യും. പുനലൂർ ഡിപ്പോ 21, കൊല്ലം 34 എന്നിങ്ങനെ ബസുകൾ സർവീസിന്‌ അയക്കും.
 
പ്രധാന വാർത്തകൾ
 Top