21 May Tuesday
അതിജീവനത്തിനായി കൈനീട്ടി

ഹൃദയം നൽകി സിപിഐ എം

സ്വന്തം ലേഖകന്‍Updated: Sunday Apr 21, 2019

 

കൊല്ലം
നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയക്കെടുതിക്കാണ‌് 2018 ആഗസ‌്തിൽ കേരളം സാക്ഷിയായത‌്. പ്രളയം  ബാധിച്ച ജില്ലകളിലൊന്നായിരുന്നു കൊല്ലം. 2018 ആഗസ‌്ത‌് 15നുശേഷം അക്ഷരാർഥത്തിൽ കെടുതിയിൽ അകപ്പെട്ട ജില്ലയിൽ വ്യാപകമായ നാശനഷ്ടം ഉണ്ടായി. 56 ദുരിതാശ്വാസ ക്യാമ്പിൽ നാലായിരത്തോളം പേർ അഭയം തേടി. കൊല്ലം ജില്ലയിൽനിന്നും അയൽ ജില്ലകളായ ആലപ്പുഴയിൽനിന്നും പത്തനംതിട്ടയിൽനിന്നും ഉള്ളവർക്ക‌് ക്യാമ്പിൽ ദിവസങ്ങളോളം തങ്ങേണ്ടിവന്നു. ആയുഷ‌്കാലം മൊത്തം കഠിനാധ്വാനത്തിലൂടെ തങ്ങൾ സമ്പാദിച്ചതെല്ലാം ഒറ്റദിവസംകൊണ്ട‌് ഇല്ലാതായത‌് നിസ്സഹായതയോടെ നോക്കിനിൽക്കേണ്ടിവന്നു. 
  ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലിൽ ജില്ലയിലെ കുളത്തൂപ്പുഴ, പുനലൂർ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വനമേഖലയിലെ അച്ചൻകോവിൽ, ആര്യങ്കാവ‌്, റോസ‌്മല ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. മൺറോതുരുത്ത‌്, പുത്തൂർ, കൊട്ടാരക്കര, പരവൂർ, പാരിപ്പള്ളി ഉൾപ്പെടെ പ്രദേശങ്ങളിൽ വെള്ളം കയറി. 
കാലവർഷക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കാൻ സിപിഐ എം പ്രവർത്തകരും വർഗബഹുജന സംഘടനാ പ്രവർത്തകരും രംഗത്തെത്തി. മത്സ്യത്തൊഴിലാളികളും എല്ലാം മറന്ന‌് രക്ഷാപ്രവർത്തനത്തിന‌് മുന്നിട്ടിറങ്ങി. ആഗസ‌്ത‌് 16ന‌ു മന്ത്രി ജെ മേഴ‌്സിക്കുട്ടിഅമ്മയുടെ നേതൃത്വത്തിൽ ജില്ലയിൽ രക്ഷാപ്രവർത്തനത്തിന‌് തുടക്കം കുറിച്ചു. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ അഗ്നിശമനസേന നിർമിച്ച ചങ്ങാടങ്ങളും രക്ഷാപ്രവർത്തനത്തിന‌ായി മറ്റ‌ു വള്ളങ്ങളും വാടി കടപ്പുറത്തുനിന്ന‌് അയച്ചു. മതവും ജാതിയും മറന്ന‌് എല്ലാവരും ഒരു മനസ്സോടെ അതിജീവനത്തിനായി പൊരുതി. നീണ്ട നാളത്തെ പ്രതിസന്ധികൾക്കുശേഷം പതുക്കെ എല്ലാവരും ജീവിതത്തിലേക്ക‌ു മടങ്ങി. 
സെപ‌്തംബർ 22ന‌് സിപിഐ എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയത്തിൽ സന്നദ്ധസേവനം നടത്തിയ ജില്ലയിലെ ആയിരക്കണക്കിന‌് ആളുകളുടെ ഒത്തുചേരൽ തങ്കശേരി കടപ്പുറത്ത‌് സംഘടിപ്പിച്ചത‌് പുതിയ ചരിത്രമായി. പ്രളയക്കെടുതിയിൽ തങ്ങൾ അനുഭവിച്ച യാതനകൾ പങ്കുവയ‌്ക്കാനായി മത്സ്യത്തൊഴിലാളികളടക്കം നിരവധി പേരെത്തി. ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ ആദ്യസംഘമെത്തി രക്ഷിച്ച ആറന്മുളയിലെ പത്തു കുടുംബം എത്തിയത‌് അതിജീവനത്തിന്റെ പുതിയ പാഠങ്ങളുമായാണ‌്. സിപിഐ എമ്മിന്റെയും വർഗബഹുജന സംഘടനകളുടെയും മത്സ്യത്തൊഴിലാളി യൂണിയന്റെയും നേതൃത്വത്തിൽ പ്രളയബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയ വളന്റിയർമാർ ഒത്തുകൂടിയ സംഗമം വികാരനിർഭരമായി. 
 കൊല്ലത്തുനിന്ന‌ു പുറപ്പെട്ട സംഘം രക്ഷപ്പെടുത്തിയ ആദ്യകുടുംബത്തിലെ അംഗമായ ആറുവയസ്സുകാരി ആരതി കൃഷ‌്ണ കൊല്ലം പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി കെ എൻ ബാലഗോപാലിനെ കാണാനെത്തിയത‌് ഹൃദയസ‌്പർശിയായ അനുഭവമായി. ഏപ്രിൽ മൂന്നിന‌് പോളയത്തോട‌് എൻ എസ‌് സ്മാരകത്തിലാണ‌് ആരതിയും കുടുംബവും എത്തിയത‌്.  കെ എൻ ബാലഗോപാലിന‌് തെരഞ്ഞെടുപ്പിന‌് കെട്ടിവയ‌്ക്കാനുള്ള തുക ആരതി കൃഷ‌്ണ  നൽകിയപ്പോൾ തന്റെയും കുടുംബത്തിന്റെയും മാത്രമല്ല ആറന്മുളയിലെ ജനങ്ങളുടെയെല്ലാം സ‌്നേഹവും പിന്തുണയും പങ്കുവയ‌്ക്കുകയായിരുന്നു. തങ്കശേരി കടപ്പുറത്ത‌്  സെപ‌്തംബർ 22ന‌ു നടത്തിയ പ്രളയബാധിതരുടെ സംഗമത്തിൽ  ആരതി കൃഷ‌്ണയും എത്തിയിരുന്നു. പരിപാടിയുടെ അധ്യക്ഷനായിരുന്ന കെ എൻ ബാലഗോപാൽ ആരതി കൃഷ‌്ണയെ വേദിയിലേക്ക‌് ക്ഷണിച്ചു. വേദിയിലെത്തിയ കുഞ്ഞിനെ കോടിയേരി ബാലകൃഷ‌്ണൻ എട‌ുത്ത‌് ഉയർത്തിയത‌് വേദിയെയും സദസ്സിനെയും ആവേശത്തിലാക്കിയിരുന്നു. കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽ ജനതയ‌്ക്ക‌് കൈത്താങ്ങായ സിപിഐ എമ്മും ഇടതുപക്ഷവും നൽകുന്ന നന്മയുടെ സന്ദേശം കൊല്ലത്തെ ജനത നെഞ്ചിലേറ്റുകയാണ‌്. വർഗീയതയ‌്ക്കൊപ്പമല്ല മാനവികതയ‌്ക്കൊപ്പവും വികസനത്തിനൊപ്പവുമാണ‌് കേരളം എന്ന‌് അടിവരയിടുകയാണ‌്.
പ്രധാന വാർത്തകൾ
 Top