17 July Wednesday

ഇവിടം ഇടത്തോട്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

 ചവറ

വോട്ടർമാർ ബൂത്തിലെത്താൻ മണിക്കൂറുകൾ ശേഷിക്കെ ജനഹൃദയം കീഴടക്കി കൊല്ലം പാർലമെന്റ‌് മണ്ഡലം എൽഡിഎഫ‌് സ്ഥാനാർഥി കെ എൻ ബാലഗോപാലിന്റെ മുന്നേറ്റം. പരസ്യപ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ  ചവറയുടെ സമ്പൂർണ സ്വീകാര്യത ഏറ്റുവാങ്ങിയ ബാലഗോപാലിന‌് മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ആവേശ സ്വീകരണം. ശക്തികുളങ്ങര, തെക്കുംഭാഗം എന്നിവിടങ്ങളിൽ ജനസാഗരം സ്ഥാനാർഥിക്ക‌് പിന്തുണയുമായെത്തി.  അരവിള കോൺവെന്റ്, ആരിഴേയ്യത്ത്, പെരുവിനഴികത്ത് ജങ‌്ഷൻ, കൊച്ചുനട, സംഗീത ജങ‌്ഷൻ, സുനാമി കോളനി എന്നിവിടങ്ങളിൽ ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ കെ എൻ ബാലഗോപാലിനെ പടക്കം പൊട്ടിച്ചും മുദ്രാവാക്യം മുഴക്കിയും ഉത്സവാന്തരീക്ഷത്തിൽ  സ്വീകരിച്ചു. പുത്തൻതുരുത്ത്, സെന്റ് തോമസ് ഐലൻഡ‌്, ഫാത്തിമ ഐലൻഡ‌്  എന്നിവിടങ്ങളിലും ആവേശ സ്വീകരണം. 
തെക്കുംഭാഗത്ത് പുളിമൂട്ടിൽ കടവിൽ നടന്ന കുടുംബസംഗമത്തിൽ ആർഎസ‌്‌പിയിൽനിന്നു രാജിവച്ച  മഹിളാ നേതാവ് മറിയാമ്മ ഫ്രാൻസിസ‌്  മന്ത്രി മേഴ്സിക്കുട്ടിഅമ്മയുടെ സാന്നിധ്യത്തിൽ ബാലഗോപാലിനെ മാലയിട്ട് സ്വീകരിച്ചു. തുടർന്ന് പാവുമ്പ ബോട്ട് ജെട്ടി, ലക്ഷം വീട് കോളനി, അമ്മയാർനട, മുട്ടത്ത്, വാളാത്തിൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി നടയ്ക്കാവ് നെടിയേഴത്ത് മുക്കിൽ സമാപിച്ചു. തേവലക്കരയിൽ ഗാർമെന്റ്സ് യൂണിറ്റിലെത്തിയ ബാലഗോപാൽ  തൊഴിലാളികളെയും കണ്ടു. സ്ഥാനാർഥിയോടൊപ്പം എൻ വിജയൻപിള്ള എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറിമാരായ ടി മനോഹരൻ, വി കെ അനിരുദ്ധൻ, ജില്ലാ കമ്മിറ്റിഅംഗം ജി മുരളീധരൻ, മണ്ഡലം തെരഞ്ഞെടുപ്പു  കമ്മിറ്റി പ്രസിഡന്റ് ഐ ഷിഹാബ്, സിപിഐ മണ്ഡലം സെക്രട്ടറി പി ബി രാജു, എൽഡിഎഫ് നേതാക്കളായ കൊല്ലം മധു,  എസ് ജയൻ, എസ് ശശിധരൻ, ആർ മനോജ്, രാജ്കുമാർ,  പി ജെ രാജേന്ദ്രൻ, മത്യാസ് അഗസ്റ്റിൻ, ആർ രാജേഷ്, മോഹൻദാസ്, ടി എൻ നീലാംബരൻ, ചന്ദ്രശേഖരപിള്ള, സുധീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
പ്രധാന വാർത്തകൾ
 Top