24 May Friday

ആർഎസ‌്‌പിയിൽ കൊഴിഞ്ഞുപോക്ക്‌ തുടരുന്നു

സ്വന്തം ലേഖകൻUpdated: Sunday Apr 21, 2019

 

 
ചവറ
പ്രേമചന്ദ്രന്റെ രാഷ്ട്രീയ നിലപാടിനും അധികാര  അപ്രമാദിത്തത്തിനുമെതിരെ ചവറയിൽ ആർഎസ‌്പിയിൽനിന്നു രാജി തുടരുന്നു.  ആർഎസ‌്പിയുടെ തട്ടകമായിരുന്ന ചവറയിൽനിന്നാണ‌് രാജി എന്നത‌് നേതൃത്വത്തെ കുഴയ‌്ക്കുന്നു. തെരഞ്ഞെടുപ്പിൽ ബിജെപി രഹസ്യ ബാന്ധവത്തിനെതിരെയും യുഡിഎഫിൽ പ്രതിഷേധം പുകയുകയാണ്. മഹിളാ നേതാവും തെക്കുംഭാഗം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന മറിയാമ്മ ഫ്രാൻസിസാണ് ഏറ്റവും ഒടുവിൽ ആർഎസ‌്പിയിൽനിന്നു രാജിവച്ച് സിപിഐ എമ്മിൽ ചേർന്നത്. എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പു പ്രചാരണാർഥം തെക്കുംഭാഗം പുളിമൂട്ടിൽ കടവിൽ നടന്ന കുടുംബയോഗത്തിൽ മറിയാമ്മ പങ്കെടുത്തു. മന്ത്രി മേഴ്സിക്കുട്ടിഅമ്മയുടെ സാന്നിധ്യത്തിൽ അവരെ സ്ഥാനാർഥി കെ എൻ ബാലഗോപാൽ ഹാരമണിയിച്ച‌് സ്വീകരിച്ചു. കോൺഗ്രസിൽനിന്നു രാജിവച്ചെത്തിയ സ്റ്റാലിനെയും കുടുംബത്തെയും ബാലഗോപാൽ സ്വീകരിച്ചു. 
 ചവറയിൽ  കെ എൻ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് സ്വീകരണയോഗങ്ങളിലേക്ക‌് ഇതിനകം നിരവധി ആർഎസ‌്പി പ്രവർത്തകരും നേതാക്കളുമാണ് രാജിവച്ച് എത്തിയത‌്. ആർഎസ‌്പി ജില്ലാ കമ്മിറ്റിഅംഗവും നീണ്ടകര പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എസ് ചന്ദ്രൻ, പതിറ്റാണ്ടുകളായി ആർഎസ‌്പി നീണ്ടകര ലോക്കൽ സെക്രട്ടറിയും മുൻ പഞ്ചായത്ത‌്അംഗവുമായിരുന്ന ആന്റണി ജോർജ‌്, ആർവൈഎഫ് മുൻ വില്ലേജ് പ്രസിഡന്റും കവിയുമായ ചവറ ശ്രീകുമാർ ഉൾപ്പെടെ നൂറുകണക്കിനു പ്രവർത്തകരാണ‌് എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിനെ നീണ്ടകരയിൽ സ്വീകരിച്ചത‌്. 
പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിനൊപ്പം നിലയുറപ്പിച്ചിരുന്ന തങ്ങളെക്കൊണ്ട് യുഡിഎഫിന് ജയ് വിളിപ്പിക്കാൻ ശ്രമിച്ചത് എൻ കെ പ്രേമചന്ദ്രന്റെ അധികാര ദുർമോഹം മൂലമാണെന്നും ആർഎസ്‌പിയുടെ പരമാധികാരി താനാണെന്ന് വരുത്തിതീർക്കാൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിബു ബേബിജോണിനെ  പരാജയപ്പെടുത്താൻ പിന്നണിയിൽ പ്രവർത്തിച്ച പ്രേമചന്ദ്രന്റെ ചെയ്തികളുടെ പാപഭാരം ചുമക്കാൻ നീണ്ടകരയിലെ സാധാരണക്കാരായ ആർഎസ്‌പി പ്രവർത്തകർക്കു കഴിയില്ല. അതിനാലാണ് എൽഡിഎഫിന്റെ വിജയത്തിനായി പ്രവർത്തിക്കാൻ തീരുമാനിച്ചതെന്ന‌് ആർഎസ‌്പി വിട്ടവർ പറഞ്ഞു. ആർഎസ‌്പി താഴത്തുരുത്ത്  ബ്രാഞ്ച് മുൻ സെക്രട്ടറി രാജീവൻ, പനയന്നാർകാവിലെ  സജീവ പ്രവർത്തകനായിരുന്ന പറമ്പിൽ അർഷാദ്, കോൺഗ്രസ‌് ബന്ധം ഉപേക്ഷിച്ചെത്തിയ മുൻ ഡിസിസി അംഗവും പഞ്ചായത്ത‌് മുൻ അംഗവും കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലെ സെക്രട്ടറിയുമായിരുന്ന പ്രസന്നകുമാർ, കെപിസിസി എക്സിക്യൂട്ടീവ് അംഗം സുമംഗലപ്പിള്ള എന്നിവരും വിവിധ കേന്ദ്രങ്ങളിൽ കെ എൻ ബാലഗോപാലിനെ സ്വീകരിച്ചിരുന്നു.
പ്രധാന വാർത്തകൾ
 Top