21 August Wednesday

പ്രചാരണം ആവേശച്ചൂടിൽ; കൊട്ടിക്കലാശം ഇന്ന്

സ്വന്തം ലേഖകന്‍Updated: Sunday Apr 21, 2019
കൊല്ലം 
പ്രചാരണം ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് ബാലഗോപാലിന്റെ വിജയാരവം മുഴക്കുന്ന കൊട്ടിക്കലാശം ഞായറാഴ്ച വൈകിട്ട് ആറിന് ചിന്നക്കടയിൽ നടക്കും.
ഇതോടൊപ്പം മറ്റ‌് അസംബ്ലി മണ്ഡലം കേന്ദ്രങ്ങളിലും റോഡ് ഷോയും കൊട്ടിക്കലാശവും നടക്കും. കൃത്യമായ ആസൂത്രണത്തിലൂടെ മൂന്നുഘട്ടങ്ങളിലായി ബാലഗോപാൽ നടത്തിയ പ്രചാരണത്തിന്റെ ചൂടിൽ തിളച്ചുമറിയുകയാണ് നാട്ടിടങ്ങൾ. യുഡിഎഫ് സ്ഥാനാർഥിയുടെ ബിജെപി ബാന്ധവം ബിജെപി നേതാക്കൾതന്നെ പുറത്തു കൊണ്ടുവന്നതോടെ പൊതു സമൂഹത്തോട് മറുപടി പറയാനാകാതെ കുഴങ്ങുകയാണ് സ്ഥാനാർഥിയും യുഡിഎഫും. 
പ്രചാരണം കൊടിയിറങ്ങിയാലും വീടുകളിലും നാട്ടിടങ്ങളിലും ഉത്തരമില്ലാതെ ഉയർന്നുനിൽക്കുന്ന ചോദ്യമാകും യുഡിഎഫ‌്  സ്ഥാനാർഥിയുടെ വർഗീയ ബന്ധവും പ്രീണനവും. ബൈപാസ് ഉദ്ഘാടനത്തോടെ വെളിച്ചത്തായ യുഡിഎഫ് സ്ഥാനാർഥിയുടെ ബിജെപി ബന്ധം പ്രചാരണത്തിന്റെ അവസാനത്തിൽ പരസ്യമായ രഹസ്യമായി മാറി. ബിജെപിയോട് നേർക്കുനേർ പോരാടുന്നു എന്ന് വീമ്പിളക്കുന്ന കോൺഗ്രസിന് മുഖം നഷ്ടമായ അവസ്ഥയിലാണ് പ്രചാരണം അവസാനിക്കുന്നത്. 
ഇതിനിടയിൽ പരാജയഭീതിപൂണ്ട യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ ഡിവൈഎഫ്ഐ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മുടക്കമില്ലാതെ രണ്ടുവർഷമായി നൽകുന്ന പൊതിച്ചോർ വിതരണം മുടക്കാൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത് വലിയ തിരിച്ചടിയായി. 
നാട്ടിലാകെ പാവങ്ങളുടെ അന്നംമുടക്കുന്ന പ്രേമചന്ദ്രനെതിരെ ശക്തമായ രോഷമുയർന്നു. തെരഞ്ഞെടുപ്പ് കമീഷനും  കലക്ടറും പൊതിച്ചോർ വിതരണത്തിന് പച്ചക്കൊടി കാണിച്ചത് ജില്ലാ ആശുപത്രിയിലും പരിസരത്തുമുള്ള പാവങ്ങൾക്ക് ആശ്വാസവും യുഡിഎഫിന് മുഖത്തേറ്റ അടിയുമായി.
അതേസമയം ഉറച്ച രാഷ്ട്രീയ നിലപാടുകളും ഡിവൈഎഫ്ഐയുടെ ഹൃദയസ്പർശം പൊതിച്ചോർ വിതരണത്തിന് പിന്നിലെ നന്മയും കൊണ്ട് പൊതു സമൂഹത്തിൽ ഏറെ പ്രിയങ്കരനായി മാറിയ ബാലഗോപാലിനെ എല്ലാവിഭാഗം ജനങ്ങളും ഒരുമയോടെ ഹൃദയത്തിലേറ്റുന്ന അനുഭവമാണ് പ്രചാരണത്തിലുടനീളം ഉണ്ടായത്. 
വിദ്യാർഥികളും യുവജനങ്ങളും വിവിധവിഭാഗം തൊഴിലാളികളും പ്രളയബാധിതരുമൊക്കെ ബാലഗോപാലിന്റെ പ്രചാരണത്തിനിറങ്ങിയത് കൂടുതൽ ആവേശകരമായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top