26 May Sunday

ഹൃദയംകൊണ്ടൊരു പുസ്തകപ്രകാശനം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
കൊല്ലം
കെ എൻ ബാലഗോപാലിനെക്കുറിച്ച്  സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ എഴുതിയ ഫെയ‌്സ്ബുക്ക്‌  കുറിപ്പുകളുടെ സമാഹാരം പ്രകാശനംചെയ്തു.  ഹൃദയങ്ങൾ ഫെയ‌്സ്‌ബുക്കിൽ എഴുതിയത് എന്ന പുസ്തകം വേറിട്ട രീതിയിലാണ് കൊല്ലം പ്രസ് ക്ലബ്ബിൽ  പ്രകാശനം ചെയ്തത്.  ബാലഗോപാലിന്റെ ഇടപെടലിൽ ജീവിതം മാറ്റിമറിച്ച അഞ്ചു വ്യക്തികൾ ചേർന്നാണ് പ്രകാശനം നിർവഹിച്ചത്. 
മൺറോതുരുത്തിൽ നടത്തിയ പാരിസ്ഥിതിക രാഷ്ട്രീയ പ്രവർത്തനം, പാലിയേറ്റീവ് രംഗത്തെ കൈയൊപ്പ്, രാജ്യസഭയിൽ  നടത്തിയ ഇടപെടലുകൾ, വിദ്യാർഥി–- യുവജന പ്രക്ഷോഭങ്ങളിലെ നേതൃത്വം, ലോകം ശ്രദ്ധിച്ച ബാഗ്‌രഹിത സ്‌കൂൾ പദ്ധതി, അക്കാദമിക‌് രംഗത്തെ ഇടപെടൽ  തുടങ്ങി കെ എൻ ബാലഗോപാൽ വ്യക്തിജീവിതത്തിലും രാഷ്ട്രീയജീവിതത്തിലും നടത്തിയ ഇടപെടലുകളെക്കുറിച്ചുള്ള  ഫെയ‌്സ്ബുക്ക്‌  നിരീക്ഷണങ്ങളാണ്  പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മൺറോതുരുത്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനു കരുണാകരൻ, കേരള സർവകലാശാല എംകോം റാങ്ക് ജേതാവ് എസ് ജെ ദിവ്യമോൾ, പാലിയേറ്റീവ് പ്രവർത്തകൻ ഡോ. എം ഷാജി, ബാഗ്‌ലെസ് സ്കൂൾ പദ്ധതി നടപ്പാക്കിയ പട്ടത്താനം യുപി സ്കൂൾ മുൻ ഹെഡ്‌മാസ്റ്റർ ആർ രാധാകൃഷ്ണൻ, വിദ്യാർഥിനി പി ടി നിരഞ്ജന  എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനംചെയ്തത്. എൻ നൗഫൽ ആമുഖപ്രഭാഷണം നടത്തി. 
എം എ ബേബിയാണ് അവതാരിക എഴുതിയത്. ധനമന്ത്രി ടി എം തോമസ് ഐസക‌്, എഴുത്തുകാരി കെ ആർ മീര, കവി കുരീപ്പുഴ ശ്രീകുമാർ, കേരള സർവകലാശാല മുൻ വൈസ് ചാൻസലർ എൻ ബാബു, മാധ്യമ പ്രവർത്തകൻ ബാലഗോപാൽ ബി നായർ, സംവിധായക വിധു വിൻസെന്റ്, ദീപക് പച്ച, സരീഷ് കുറ്റ്യാടി, സി എസ് അഖിൽ, ആർ രാധാകൃഷ്ണൻ, പി കെ അനിൽകുമാർ മൈനാഗപ്പള്ളി, വിനോദ് റെസ്പോൺസ് തുടങ്ങിയവരുടെ കുറിപ്പുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
എംകോം റാങ്ക് ജേതാവായ ദിവ്യമോൾ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ എൻ ബാലഗോപാലിന്റെ നേതൃത്വത്തിൽ വീട് നിർമിക്കാൻ  നടത്തിയ ഇടപെടലുകളെക്കുറിച്ച് ഫെയ‌്സ്ബുക്കിൽ എഴുതിയ കുറിപ്പും പുസ്തകത്തിന്റെ ഭാഗമാണ്.  ദിവ്യമോളുടെ കുറിപ്പ് നവമാധ്യമങ്ങളിൽ വൈറലായിരുന്നു. മൈത്രി പുബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പ്രധാന വാർത്തകൾ
 Top