22 August Thursday

ഭരണഘടന സംരക്ഷിക്കാൻ ജനങ്ങൾ മോഡിക്കെതിരെ വിധിയെഴുതണം: കാനം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
കോവളം / നെയ്യാറ്റിൻകര
ഇന്ത്യൻ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കാൻ ജനങ്ങൾ നരേന്ദ്ര മോഡിക്കെതിരെ വിധിയെഴുതണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭരണഘടനയെ ചവിട്ടിമെതിക്കുന്ന സമീപനമാണ് മോഡി സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. 
 
സുപ്രീംകോടതി ജഡ്ജിമാർ പോലും മോഡി സർക്കാർ പറയുന്നതു പോലെ ചെയ്യണമെന്നാണ് ആവശ്യപ്പെടുന്നത്. രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ചാതുർവർണ്യ വ്യവസ്ഥിതി പുനർസ്ഥാപിക്കാനാണ് ഇവർ ശ്രമിക്കുന്നത്. 
 
പ്രകടനപത്രികയിൽ പറഞ്ഞ കാര്യങ്ങളെല്ലാം ഒന്നൊന്നായി നടപ്പിലാക്കി ജനക്ഷേമകരമായി ഭരണം നടത്തുന്ന പിണറായി വിജയൻ സർക്കാരിന് കൂടുതൽ ശക്തി പകരാൻ കേരളത്തിലെ 20 മണ്ഡലങ്ങളിലും മത്സരിക്കുന്ന എൽ ഡി എഫ് സ്ഥാനാർഥികൾക്കും വോട്ടു ചെയ്ത് വിജയിപ്പിക്കണമെന്ന് കാനം രാജേന്ദ്രൻ ആവശ്യപ്പെട്ടു. വെങ്ങാനൂരിൽ എൽ ഡി എഫ്  തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം. യോഗത്തിൽ വെങ്ങാനൂർ മോഹനൻ അധ്യക്ഷനായി. എൽഡിഎഫ് കക്ഷി നേതാക്കളായ പി രാജേന്ദ്രകുമാർ, ജമീല പ്രകാശം, പുല്ലുവിള സ്റ്റാൻലി, ജി ആർ അനിൽ, വെങ്ങാനൂർ ഭാസ്കരൻ ,വെങ്ങാനൂർ ബ്രൈറ്റ്, എം ജി രാഹുൽ, മംഗലത്തുകോണം രാജു, കോവളം ബാബു, ആവാടുതുറ ശശി, കോളിയൂർ സുരേഷ്, തെന്നുർക്കോണം ബാബു, ലോയിഡ്, റ്റി ഡി ശശികുമാർ എന്നിവർ സംസാരിച്ചു. സിന്ധുരാജ് സ്വാഗതവും പി ചന്ദ്രകുമാർ  നന്ദിയും പറഞ്ഞു. 
 
നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ പെരുമ്പഴുതൂരിൽ സംഘടിപ്പിച്ച പൊതുയോഗം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.  യോഗത്തിൽ  കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ജെ വേണുപാലൻനായർ,ജില്ലാ സെക്രട്ടറി ജി ആർ അനിൽ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റം​ഗം എൻ രതീന്ദ്രൻ, ഏരിയ സെക്രട്ടറി പി കെ രാജ്മോഹൻ, ന​ഗരസഭ അധ്യക്ഷ ഡബ്ള്യുആർ ഹീബ, സിപിഐ മണ്ഡലം സെക്രട്ടറി എൻ അയ്യപ്പൻനായർ, കൊടങ്ങാവിള വിജയകുമാർ,  നെല്ലിമൂട് പ്രഭാകരൻ, നെയ്യാറ്റിൻകര രവി എന്നിവർ സംസാരിച്ചു.

 

പ്രധാന വാർത്തകൾ
 Top