19 May Sunday

ട്രിവാൻഡ്രം സ്പിന്നിങ് മിൽ വളപ്പിൽ മത്സ്യക്കൃഷിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019
ബാലരാമപുരം
ജൈവ പച്ചക്കറി കൃഷിക്ക് പിന്നാലെ ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ വളപ്പിൽ മത്സ്യകൃഷിയും തുടങ്ങി. മിൽ വളപ്പിൽ പ്രത്യേകം തയ്യാറാക്കിയ കുളത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് വസന്തകുമാരി അധ്യക്ഷയായി.
 
കാട്ടുപടർപ്പു നിറഞ്ഞ‌് ഇഴജന്തുക്കളുടെ താവളമായിരുന്ന നാലേക്കർ ഭൂമിയിലാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി കൃഷിയിറക്കിയത്. 1959ൽ സ്ഥാപിച്ച ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ വളപ്പിലെ ഭൂമി നാളിതുവരെ യാതൊരാവശ്യങ്ങൾക്കും ഉപയോഗിച്ചിട്ടില്ലായിരുന്നു. മാലിന്യക്കൂമ്പാരമായി കാടുകയറിയ ഭൂമി തരിശുരഹിതമാക്കുന്നതിന്റെ ഭാഗമായാണ് എട്ട് മാസം മുമ്പ് ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കിയത്. നീർത്തടത്തിന്റെ സമഗ്ര പരിപാലനത്തിനുതകുന്ന കോണ്ടൂർ ട്രഞ്ചുകൾ തിരിക്കൽ, തട്ടുകളാക്കൽ, ബണ്ടുനിർമാണം എന്ന പദ്ധതിയിലുൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് തുക വകയിരുത്തിയപ്പോൾ ഒപ്പം ചേരാൻ പൊതുനന്മാ ഫണ്ടിൽ നിന്ന് ധനം വിനിയോഗിച്ച് കൃഷിയിറക്കാമെന്നറിയിച്ച് ബാലരാമപുരം സർവീസ് സഹകരണ ബാങ്കും മുന്നോട്ടുവന്നതോടെയാണ് കൈത്തറിയുടെ തറവാടായ ബാലരാമപുരം ഹരിതസമൃദ്ധമായ കാർഷിക മുന്നേറ്റത്തിലേക്ക് ചുവടുവെച്ചത്. 
 
പദ്ധതിയുടെ ഭാഗമായി 271 തൊഴിലാളികൾക്ക് 1791 തൊഴിൽ ദിനങ്ങൾ ലഭ്യമായി. കല്ലിയൂർ ഗ്രാമപഞ്ചായത്ത് ഹരിതസമൃദ്ധി കാർഷിക കർമസേന, വെള്ളായണി കാർഷിക സർവകലാശാല എന്നിവയുടെ മേൽനോട്ടത്തിലാണ് ഭൂമിയെ കൃഷിയ്ക്ക് ഉപയുക്തമാക്കി മാറ്റാൻ ആദ്യഘട്ടത്തിൽ പ്രവർത്തനങ്ങൾ നടന്നത്. ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികൾ വിളവെടുക്കുന്ന ദിവസം തന്നെ വിറ്റഴിക്കാനുള്ള വിപണനകേന്ദ്രം ബാങ്കിന്റെ മെയിൻ ശാഖയിൽ സ്ഥാപിച്ച് എല്ലാ ദിവസവും രാവിലെ മുതൽ വിപണനം നടത്തിയിരുന്നു.
 
വിഷരഹിത ജൈവകൃഷി രീതിയിലൂടെ ഉൽപ്പാദിപ്പിച്ച വെണ്ട, ചീര, പയർ, പാവൽ, വെള്ളരി, പപ്പായ, വാഴക്കുലകൾ, സാലഡ് വെള്ളരി, മുളകിനങ്ങൾ എന്നിവയെല്ലാം വിപണനത്തിനായി ഒരുക്കിയിരുന്നു.
അടുത്തഘട്ടത്തിൽ ആരംഭിക്കുന്ന മത്സ്യകൃഷിയുടെ ഉദ്ഘാടനവും ആനാവൂർ നിർവഹിച്ചു. യോഗത്തിൽ കർഷകസംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമൻ, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ ചെയർമാൻ എം എം ബഷീർ, സിപിഐ എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ, സിപിഐ എം നേതാക്കളായ പി രാജേന്ദ്രകുമാർ, ബാലരാമപുരം കബീർ, ജി വസുന്ധരൻ, ബ്ലോക്ക് പഞ്ചായത്തംഗം, എസ് ജയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ഷാമിലാ ബീവി, കൺവീനർ കൃഷ്ണൻ, ജനപ്രതിനിധികൾ, സഹകാരികൾ, ഡയറക്ടർ ബോർഡംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ പ്രതാപചന്ദ്രൻ സ്വാഗതവും സെക്രട്ടറി ജാഫർ ഖാൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top