05 June Monday
വേനൽ

അരുമകൾക്കും 
കരുതൽവേണം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

കൊല്ലം

പശുക്കൾ ഉൾപ്പെടെ വളർത്തുമൃഗങ്ങളുടെ വേനൽക്കാല പരിചരണത്തിൽ ജാഗ്രത പുലർത്തണം. തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽനിന്നു നുരയും പതയും വരൽ, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം. സൂര്യാഘാതമേറ്റാൽ ഫസ്റ്റ് എയ്ഡ് ചികിത്സയായി വെള്ളം നനച്ച് നന്നായി തുടയ്ക്കണം. കൂടാതെ, ധാരാളം വെള്ളം കുടിക്കാൻ നൽകണം. രോഗലക്ഷണങ്ങൾ കണ്ടാൽ വെറ്ററിനറി ഡിസ്പെൻസറിയിൽ ചികിത്സ തേടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ കെ അജിലാസ്റ്റ് അറിയിച്ചു.
തണുത്ത ശുദ്ധജലം എല്ലാ വളർത്തുമൃഗങ്ങൾക്കും ലഭ്യമാക്കാനും കറവപ്പശുക്കൾക്ക് 80-–- 100 ലിറ്റർ വെള്ളം ദിവസവും നൽകാനും വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും സജ്ജമാക്കാനും ശ്രദ്ധിക്കണം. മേൽക്കൂരയ്ക്കു മുകളിൽ പച്ചക്കറിപ്പന്തൽ, തുള്ളിനന, സ്‌പിങ്ക്ളർ, നനച്ച ചാക്ക്‌ എന്നിവ ഉത്തമം. രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചുവരെ പൊള്ളുന്ന വെയിലിൽ തുറസ്സായ സ്ഥലത്ത് കെട്ടിയിടുന്നത് ഒഴിവാക്കണം. വളർത്തുമൃഗങ്ങളുടെ യാത്രകൾ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തണം. ധാരാളം പച്ചപ്പുല്ല്, ഈർക്കിൽ മാറ്റിയ പച്ച ഓല, പനയോല  എന്നിവ ലഭ്യമാക്കണം. മികച്ച ഖരാഹാരം അഥവാ കാലിത്തീറ്റ രാവിലെയും വൈകിട്ടുമായും വൈക്കോൽ രാത്രിയിലുമായി പരിമിതപ്പെടുത്തുക.
ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഒരു ഡോക്ടറുടെ നിർദേശപ്രകാരം കറവപ്പശുക്കളുടെ തീറ്റയിൽ ഉൾപ്പെടുത്തണം. അരുമകളായ നായകൾ, പൂച്ചകൾ, കിളികൾ എന്നിവയെ കാറിൽ അടച്ചിട്ട് കൊണ്ടുപോകുന്നത് സൂര്യാഘാതത്തിനിടയാക്കും. അരുമകൾക്കും ശുദ്ധമായ തണുത്ത കുടിവെള്ളവും പ്രോബയോട്ടിക്കും നൽകേണ്ടതാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top