03 April Friday
ഡോക്ടർമാരുടെ വ്യാജ കുറിപ്പടിയുണ്ടാക്കി കച്ചവടം

ലഹരിഗുളിക വാങ്ങി വിൽപ്പന: 2 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020
സ്വന്തം ലേഖകന്‍
കൊല്ലം
ഡോക്ടർമാരുടെ വ്യാജ കുറിപ്പടിയുണ്ടാക്കി ലഹരിമരുന്നു വാങ്ങി വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. ഇരവിപുരം  തണ്ടാശേരി വയലിൽ വീട്ടിൽ അമിർഷ (20), മുണ്ടയ്ക്കൽ പുത്തൻവയലിൽ വീട്ടിൽ എബ്രഹാം (20)എന്നിവരാണ് പിടിയിലായത്. നഗരത്തിലെ പ്രമുഖ ഡോക്ടർമാരുടെ പേരിലാണ്‌ കുറിപ്പടി തയ്യാറാക്കിയത്‌. 
മാനസിക രോഗികൾക്ക് കർശന നിബന്ധനകളോടെ മാത്രം നൽകുന്ന മയക്കുമരുന്നു വിഭാഗത്തിൽപ്പെട്ട ഗുളികൾ, 10 സിറിഞ്ചുകൾ, ജില്ലയിൽനിന്ന്‌ സ്ഥലംമാറിപ്പോയ ഡോക്ടർമാരുടെ വ്യാജ ഒപ്പും സീലുമുള്ള കുറിപ്പടികൾ എന്നിവ പ്രതികളിൽനിന്ന്‌ പിടിച്ചെടുത്തു. കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ നൗഷാദിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ്ചെയ്തത്. ഗുളികപൊടിച്ചു ഇൻജക്‌ഷൻ വാട്ടറിൽ ലയിപ്പിച്ചു സിറിഞ്ച് ഉപയോഗിച്ചു കുത്തിവയ്ക്കുകയും ഗുളികയായും കഴിക്കാറുമുണ്ടെന്ന് പ്രതികൾ പറഞ്ഞു. സ്കൂൾ കുട്ടികൾ ഉൾപ്പെടെ വളരെ ചെറുപ്രായത്തിലുള്ള യുവാക്കളാണ് ഗുളിക വാങ്ങുന്നതും കുത്തിവയ്ക്കുന്നതും. ഡോക്ടർമാരുടെ കുറിപ്പടി ഇല്ലാതെ തന്നെ മയക്കുമരുന്നു വിഭാഗത്തിൽപ്പെട്ട ഗുളിക കൂടുതൽ വിലവാങ്ങി വിതരണംചെയ്യുന്ന കുന്നത്തൂരും കുണ്ടറയിലുമുള്ള മെഡിക്കൽ സ്റ്റോറുകളിൽ നിന്നാണ് പ്രതികൾക്ക് ഗുളിക ലഭിച്ചിരുന്നത്. വ്യാജ കുറിപ്പടികളെപ്പറ്റി അന്വേഷണം നടത്തുന്നതിനായി പൊലീസിന്റെ സഹായംതേടി. ഏതു സമയത്തും ജീവൻ നഷ്ടപ്പെടാൻ സാധ്യതയുള്ള അതീവ അപകടകരമായ രീതിയിലാണ് യുവാക്കളുടെ ലഹരി ഉപയോഗം. ഒരാൾ ഉപയോഗിക്കുന്ന സിറിഞ്ച്‌ തന്നെയാണ് മറ്റുള്ളവരും ഉപയോഗിക്കുന്നത്. 
അസിസ്റ്റന്റ്‌ എക്സൈസ് ഇൻസ്പെക്ടർ ബി സന്തോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ മനു, ശ്രീനാഥ്, ശരത്, കബീർ, സുനിൽ, മനു കെ മണി, ഡ്രൈവർ നിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്.
പ്രധാന വാർത്തകൾ
 Top