03 December Friday

കോവിഡ്‌: ജില്ലയ്‌ക്ക്‌ ആശ്വസിക്കാം

സ്വന്തം ലേഖികUpdated: Wednesday Oct 20, 2021
കൊല്ലം 
കോവിഡ് വ്യാപന നിരക്കിൽ ജില്ലയിലെ സ്ഥിതി ആശ്വാസകരമെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. മൂന്ന്‌ ആഴ്‌ചയായി ജില്ലയിലെ രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) 13നും 11നും ഇടയിലാണ്. നേരത്തെ ഇത്‌ 15 ശതമാനമായിരുന്നു. രോഗികളുടെ എണ്ണത്തിലും വലിയ കുറവുണ്ടായി. ദിവസവും 1250–- 1500 രോഗികളായിരുന്നു മുമ്പുണ്ടായിരുന്നത്‌. ഇപ്പോൾ 500–- 600 ആയി ചുരുങ്ങി. നിലവിൽ 60 ശതമാനം രോഗികൾ മാത്രമാണ്‌ കിടത്തി ചികിത്സയിലുള്ളത്‌.എന്നാൽ, പോസിറ്റീവാകുന്നവരുടെയും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെയും എണ്ണത്തിലും മരണനിരക്കിലും ഗണ്യമായ കുറവ് വന്നാൽ മാത്രമേ കോവിഡ് നിയന്ത്രണവിധേയമായി എന്ന് പറയാൻ കഴിയുകയുള്ളൂവെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ പറഞ്ഞു. വാക്സിൻ ആദ്യ ഡോസ് 92 ശതമാനം പേരിൽ എത്തിക്കാനായത്‌ നേട്ടമാണ്‌. 
രോഗ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനം ശക്തമാക്കുകയും ആർടിപിസിആർ പരിശോധന വ്യാപകമാക്കുകയും ചെയ്‌തത്‌ കോവിഡ് വ്യാപനം കുറയ്ക്കാൻ ഇടയാക്കി.കോവിഡ് വ്യാപനം കുറഞ്ഞതോടെ ജില്ലയിലെ ഒന്നാംതല–- രണ്ടാംതല കോവിഡ്‌ ചികിത്സാകേന്ദ്രങ്ങളുടെ എണ്ണം കുറച്ചു. നിലവിൽ നാല്‌ ഒന്നാംതല ചികിത്സാകേന്ദ്രവും രണ്ട്‌ രണ്ടാംതല ചികിത്സാകേന്ദ്രവുമാണ്‌ പ്രവർത്തിക്കുന്നത്‌.  സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ കിടക്കകളുടെ എണ്ണവും കുറച്ചു.
ഇനി സ്കൂളുകൾ തുറന്നശേഷമുള്ള ഒരു മാസമാണ്‌ മുമ്പിലുള്ള ആശങ്ക. നവംബർ അവസാന വാരത്തോടെ കോവിഡ് പോസിറ്റീവ്  ആകുന്നവരുടെ എണ്ണം കൂടാതിരുന്നാൽ ജില്ല കോവിഡിനെ അതിജീവിക്കുന്നതിൽ വിജയിച്ചെന്നു കരുതാമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. 
ചികിത്സ തേടുന്നവരുടെ എണ്ണത്തിലും കുറവുണ്ട്‌. ഒന്നാംതല, രണ്ടാംതല ചികിത്സാകേന്ദ്രങ്ങളിൽ യഥാക്രമം 139, 57 രോഗികളാണ്‌ തിങ്കളാഴ്‌ച  ചികിത്സയിൽ പ്രവേശിച്ചത്‌.  ഇവിടെ ആകെയുള്ള 843 കിടക്കയിൽ 704 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. 388 ഓക്‌സിജൻ കിടക്കയിൽ 307എണ്ണം ഒഴിവുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top