24 October Thursday

ഇവിടെ കൃഷിചെയ്യാത്തതൊന്നുമില്ല

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019
കൊല്ലം
സൗദിയിൽ ഹൈ എക്യുപ്‌മെന്റ്‌സ് ഓപ്പറേറ്ററായിരുന്ന വെളിയം സ്വദേശി വിനോദ്കുമാർ 17 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയത് സ്വയംതൊഴിൽ കണ്ടെത്തി ഇനിയുള്ള ജീവിതം ജനിച്ച മണ്ണിൽ കഴിയുക എന്ന ലക്ഷ്യവുമായാണ്‌. ക്ഷീരവികസന വകുപ്പ് സഹായവഴി തുറന്നപ്പോൾ വിനോദിന്റെ സ്വപ്നവും പൂവണിഞ്ഞു. 
ഒമ്പതു വർഷം മുമ്പ്‌  ക്ഷീരവകുപ്പിൽ നിന്ന് ലഭിച്ച മൂന്നരലക്ഷം രൂപയ്ക്ക് 10 പശുക്കളുമായി തുടങ്ങിയ ഫാമിൽ ഇപ്പോൾ വിവിധ ഇനങ്ങളിലുള്ള 65 പശുക്കളുണ്ട്‌. പ്രതിദിനം 400 ലിറ്റർ പാൽ ഉൽപ്പാദിപ്പിക്കുന്നു. നേരിട്ടെത്തുന്നവർക്കും സൊസൈറ്റികൾ മുഖേനയുമാണ് വിൽപ്പന. ക്ഷീര വകുപ്പിൽനിന്ന് ലഭിക്കുന്ന സബ്സിഡികൾ, ബോണസ്, മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരുടെ സേവനം എന്നിങ്ങനെ സർക്കാരിന്റെ കൈത്താങ്ങോടെയാണ് ഈ കർഷകന്റെ ജൈത്രയാത്ര.  
മത്സ്യക്കൃഷിയുടെ സാധ്യതകളാണ് പിന്നീട് പരീക്ഷിച്ചത്. ആദ്യം ചെറിയ കുളത്തിലായിരുന്നു കൃഷി. ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ കൃഷി വിപുലീകരിച്ചു. ആറ്റുവാള, നട്ടർ, സിലോപ്പി, കട്‌ല തുടങ്ങിയ ഇനങ്ങളാണ് ഇവിടെയുള്ളത്. ഒരുവർഷം നാലു ടൺ വരെ മത്സ്യങ്ങൾ വിൽക്കും. 
മരച്ചീനി പടർപ്പിനുള്ളിൽ പാഷൻഫ്രൂട്ട് വരെ വിളയിച്ച് സമ്മിശ്രകൃഷിയുടെ പുത്തൻ വിജയമാതൃകയും തീർത്തിട്ടുണ്ട്‌. നാല് ഏക്കർ വരുന്ന കൃഷിയിടത്തിൽ റബർ മുതൽ തീറ്റപ്പുൽ വരെയുണ്ട്. വാഴ, ചീര, വഴുതന, പടവലം തുടങ്ങി മാംഗോസ്റ്റീൻ സമൃദ്ധിവരെ നീളുന്നു വൈവിധ്യം. ജൈവവളമാണ്‌ കൃഷിക്ക്‌ ഉപയോഗിക്കുന്നത്‌. ഏതെങ്കിലും ഒരു കൃഷിയിൽ ലക്ഷ്യമിട്ട ആദായം കിട്ടിയില്ലെങ്കിൽ മറ്റൊന്നിൽ അതു കണ്ടെത്താമെന്നതാണ് സമ്മിശ്രകൃഷിയുടെ നേട്ടമെന്ന് വിനോദ്‌ പറഞ്ഞു. ആടും കോഴിയും താറാവുമെല്ലാം ഫാമിന്റെ ഭാഗമായതും ഇങ്ങനെയാണ്‌. ഫാം ടൂറിസം തുടങ്ങുകയാണ്‌ വിനോദിന്റെ അടുത്തലക്ഷ്യം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top