15 October Tuesday

ചാത്തന്നൂരിലെ നിര്‍മാണ അക്കാദമിക്കെതിരെ കുപ്രചാരണം

സ്വന്തം ലേഖകന്‍Updated: Friday Sep 20, 2019
കൊല്ലം
സംസ്ഥാന സർക്കാർ 100കോടി മുടക്കി ചാത്തന്നൂരിൽ ആരംഭിക്കുന്ന നിർമാണ അക്കാദമിക്കെതിരെ കുപ്രചാരണം. ചവറയിൽ ആരംഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ്‌ കൺസ്ട്രക്‌ഷനുമായി ബന്ധപ്പെടുത്തിയാണ്‌ മലയാള മനോരമ  ഉൾപ്പെടെയുള്ള ചില കേന്ദ്രങ്ങൾ കുപ്രചാരണം നടത്തുന്നത്. ചവറയിലെ അക്കാദമിയിൽ പഠിക്കാൻ വിദ്യാർഥികൾ ഇല്ലെന്നും ഈ സാഹചര്യത്തിലാണ്‌ ചാത്തന്നൂരിൽ പുതിയ സ്ഥാപനം വരുന്നതെന്നുമാണ്‌ ഇവർ പ്രചരിപ്പിക്കുന്നത്‌. 
ചാത്തന്നൂരിൽ ലക്ഷ്യമിടുന്ന നിർമാണ അക്കാദമിയും ചവറയിലെ സ്ഥാപനത്തിന്റെ പ്രവർത്തനവും തമ്മിൽ ബന്ധമില്ലെന്നിരിക്കെയാണ്‌ തെറ്റിദ്ധാരണപരത്തുന്ന പ്രചാരണങ്ങൾ നടക്കുന്നത്‌. ചവറയിൽ നിലവിലുള്ള കോഴ്‌സുകൾ ഐടിഐ, ഡിപ്ലോമ, ബിടെക് വിദ്യാർഥികൾക്കുള്ളതാണ്. ചാത്തന്നൂരിലെ  നിർമാണ അക്കാദമി  കെട്ടിടനിർമാണത്തൊഴിലാളി ക്ഷേനിധിബോർഡിൽ രജിസ്റ്റർചെയ്ത എല്ലാ തൊഴിലാളികൾക്കും മികച്ച ഹ്രസ്വകാല പരിശീലനം ലക്ഷ്യമിടുന്നതാണ്‌. 
കെട്ടിട നിർമാണത്തിനാവശ്യമായ ഇഷ്ടിക ഉൾപ്പെടെ അക്കാദമിയുടെ നിയന്ത്രണത്തിൽ ലാഭകരമായി നിർമിക്കുന്നതിനും ക്ഷേമനിധി ബോർഡിനു വിൽക്കുന്നതും ലക്ഷ്യമിടുന്നുണ്ട്. പരിശീലനത്തിനെത്തുന്ന തൊഴിലാളികൾക്ക് താമസസൗകര്യം, മികച്ച കൺവൻഷൻ സെന്റർ എന്നിവയും അക്കാദമിയുടെ ഭാഗമാണ്.
ചവറയിൽ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ വിദ്യാർഥികളില്ലെന്ന പ്രചാരണം പച്ചക്കള്ളമാണ്. 32 തൊഴിൽ പരിശീലന കോഴ്‌സുകളിൽ എല്ലാത്തിനും ആവശ്യത്തിനു വിദ്യാർഥികളുണ്ട്. 100 ശതമാനം പ്ലേസ്‌മെന്റോടെയാണ് ആദ്യബാച്ച് വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയത്. കൂടാതെ സാങ്കേതിക പരിശീലനവും നൽകുന്നുണ്ട്‌. 
ചാത്തന്നൂരിൽ നിർമാണ അക്കാദമി ആരംഭിക്കാൻ ലക്ഷ്യമിടുന്ന 10 ഏക്കർ സ്ഥലം പി കെ ഗുരുദാസൻ തൊഴിൽമന്ത്രിയായിരുന്നപ്പോൾ കെട്ടിട നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡ് വാങ്ങിയതാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പദ്ധതിക്കായി ഒന്നും ചെയ്‌തില്ല.  എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തിയപ്പോൾ ക്ഷേമനിധി ബോർഡ് മുൻകൈയെടുത്ത് അക്കാദമിയുമായി മുന്നോട്ട് വന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–-- ഓപറേറ്റീവ് സൊസൈറ്റിയെയാണ്‌ പദ്ധതി രൂപരേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത്‌. 
ആദ്യപടിയായി 100 കോടിയുടെ രൂപരേഖ ആഗസ്‌തിൽ തൊഴിൽ മന്ത്രിക്കു സമർപ്പിച്ചു. പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് ഒന്നും നടന്നില്ല. രൂപരേഖ തുടർന്ന്‌ ബോർഡിനു കൈമാറി. പദ്ധതി ക്ഷേമബോർഡ് അംഗീകരിച്ച ശേഷമാകും സംസ്ഥാനസർക്കാർ കേന്ദ്രനൈപുണ്യ വികസനമന്ത്രാലയവുമായി ചർച്ച ചെയ്ത് തുടർ നടപടികളെടുക്കുക. കേന്ദ്ര നൈപുണ്യവികസന വകുപ്പിന്റെ സഹകരണത്തിനൊപ്പം സംസ്ഥാന സർക്കാരും കെട്ടിടനിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡും പദ്ധതിയിൽ 
മുതൽമുടക്കും.
പ്രധാന വാർത്തകൾ
 Top